മംഗളൂരു: ഇന്ത്യ ഭരിച്ച വിവിധ കോൺഗ്രസ് സർക്കാരുകൾക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആരുടെയും പേരെടുത്തു പറയാതെ വികസനപ്രവർത്തനത്തിനായുള്ള ഫണ്ടുകളിലെ അഴിമതി ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രിയുടെ വിമർശനം. സാധാരണക്കാർക്കായി കേന്ദ്രസർക്കാർ അനുവദിച്ചിരുന്ന ഒരോ രൂപയും ജനങ്ങളിലേക്കെത്തുമ്പോഴേക്കും 15 പൈസയാക്കി മാറ്റിയിരുന്ന ‘കൈ’ ആരുടേതായിരുന്നെന്ന് മോദി ചോദിച്ചു.
പ്രധാനമന്ത്രി ദക്ഷിണ കർണാടകയിലെ ക്ഷേത്രനഗരമായ ധർമസ്ഥലയിൽ പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു. ഹെലികോപ്റ്റർ മുഖാന്തിരമാണ് മംഗളൂരു വിമാനത്താവളത്തിലെത്തിയ അദ്ദേഹം ധർമസ്ഥലയിലെത്തിയത്. അദ്ദേഹം ഇവിടെ മഞ്ജുനാഥേശ്വര ക്ഷേത്രത്തിൽ പ്രാർഥിച്ച ശേഷം പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു.
അഴിമതി ചൂണ്ടിക്കാട്ടിയുള്ള പ്രധാനമന്ത്രിയുടെ വിമർശനം നോട്ടു നിരോധനത്തോട് പ്രതിപക്ഷത്തിനുള്ള എതിർപ്പിനെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു. ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ കറൻസിരഹിതമാക്കുന്നതിൽ നിർണായക പങ്കാണ് നോട്ട് നിരോധനം വഹിച്ചതെന്ന് അദ്ദേഹം അവകാശപ്പെട്ടു. കുട്ടികൾക്ക് പണം കൂടുതലായി നൽകുന്നത് ദുരുപയോഗത്തിനു കാരണമാകുമെന്നതിനാൽ മാതാപിതാക്കൾപോലും ഇപ്പോൾ പണം കറൻസിരൂപത്തിൽ നൽകുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Post Your Comments