ന്യൂഡല്‍ഹി : രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ രാജ്യത്ത് സമ്പത്തില്‍ ഒന്നാം സ്ഥാനം ഡിഎംകെ യ്ക്ക്. അവരുടെ പ്രധാന എതിരാളിയായ എ.ഐ.എ.ഡി.എം.കെ.യാണ് രണ്ടാം സ്ഥാനത്ത് തുടരുന്നു. ഡി.എം.കെ.യ്ക്കാണ് ഏറ്റവും കൂടുതല്‍ ആസ്തിയുള്ളത് – 77.63 കോടി. എ.ഐ.എ.ഡി.എം.കെ.യ്ക്ക് 54.93 കോടിയുടെയും തെലുഗുദേശം പാര്‍ട്ടിക്ക് 15.97 കോടിയുടെയും ആസ്തിയുണ്ട്.
32 പ്രാദേശിക പാര്‍ട്ടികളുടെയും ആകെ വരുമാനം 221.48 കോടി രൂപയാണ്. ഇതില്‍ 110 കോടി ചെലവാക്കാത്ത പണമാണ്. ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നത് ജെ.ഡി.യു. (23.46 കോടി), തെലുഗുദേശം (13.10 കോടി), എ.എ.പി. (11.09 കോടി) എന്നീ പാര്‍ട്ടികളാണ്. രാജ്യത്തെ 32 പ്രാദേശിക പാര്‍ട്ടികള്‍ 2015-16 വര്‍ഷം സമര്‍പ്പിച്ച വരുമാനക്കണക്കിന്റെ അടിസ്ഥാനത്തില്‍ അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍) ആണ് കണക്ക് പുറത്തുവിട്ടത്. ഡി.എം.കെ., എ.ഐ.എ.ഡി.എം.കെ., എ.ഐ.എം.ഐ.എം. എന്നീ പാര്‍ട്ടികള്‍ ലഭിച്ച പണത്തിന്റെ 80 ശതമാനത്തോളം ചെലവഴിച്ചിട്ടില്ല.
അറിയപ്പെടാത്ത സ്രോതസ്സുകളില്‍നിന്നുള്ള വരുമാനത്തില്‍ ഏറ്റവും മുന്നിലുള്ളത് തെലങ്കാനാ രാഷ്ട്രസമിതി (7.24 കോടി), തെലുഗുദേശം (6.88 കോടി), ശിരോമണി അകാലിദള്‍ (6.59 കോടി) എന്നീ പാര്‍ട്ടികളാണ്. 14 പാര്‍ട്ടികള്‍ തങ്ങള്‍ക്ക് ലഭിച്ച പണത്തേക്കാള്‍ കൂടുതല്‍ ചെലവഴിച്ചിട്ടുണ്ട്. ജെ.വി.എം.പി., ജെ.ഡി.യു., ആര്‍.എല്‍.ഡി. പാര്‍ട്ടികള്‍ വരുമാനത്തിന്റെ ഇരട്ടിയോളം ചെലവഴിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. 47 പ്രാദേശിക പാര്‍ട്ടികളില്‍ 15 പാര്‍ട്ടികള്‍ വരവുചെലവുകളുടെ ഓഡിറ്റുചെയ്ത റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയിട്ടില്ല. എസ്.പി., ആര്‍.ജെ.ഡി. പാര്‍ട്ടികളും കണക്ക് സമര്‍പ്പിക്കാത്തവയില്‍ ഉള്‍പ്പെടുന്നു.
Post Your Comments