Latest NewsNewsIndia

പ്രധാനമന്ത്രിയുടെ മന്‍ കീ ബാത്തിന്റെ മലയാള പരിഭാഷ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റേഡിയോ പരിപാടി മൻ കി ബാത്തിന്റെ മലയാളം പതിപ്പ് പുറത്തിറങ്ങി. അദ്ദേഹം രാജ്യത്തെ ജനങ്ങളെ സംബോധന ചെയ്തുകൊണ്ട് നിരവധി കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നത്. ദീപാവലിക്ക് ആറു ദിവസങ്ങള്‍ക്കുശേഷം ആഘോഷിക്കുന്ന ഛഠ് പൂജയെ കുറിച്ചും മൻ കി ബാത്ത് പരിപാടിയുടെ സ്വാധീനത്തെ കുറിച്ചും ഒക്കെ പരാമർശിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ മന്‍ കീ ബാത്തിന്റെ മലയാള പരിഭാഷയുടെ പൂർണ്ണ രൂപത്തിലേക്ക്;

എന്റെ പ്രിയപ്പെട്ട ദേശവാസികള്‍ക്കു നമസ്‌കാരം. ദീപാവലിക്ക് ആറു ദിവസങ്ങള്‍ക്കുശേഷം ആഘോഷിക്കുന്ന ഛഠ് പൂജ രാജ്യത്ത് ഏറ്റവുമധികം ചിട്ടയോടും നിഷ്ഠയോടും ആഘോഷിക്കുന്ന ഉത്സവങ്ങളിലൊന്നാണ്. ഇതില്‍ ആഹാരപാനീയങ്ങള്‍ മുതല്‍ വേഷഭൂഷാദികള്‍ വരെ എല്ലാത്തിലും പരമ്പരാഗതമായ ചിട്ടകള്‍ പാലിക്കപ്പെടുന്നു. ഛഠ് പൂജ എന്ന അനുപമമായ ആഘോഷം പ്രകൃതിയുമായും പ്രകൃതി ഉപസാനയുമായും തീര്‍ത്തും ബന്ധപ്പെട്ടിരിക്കുന്നു. ഛഠ് പൂജയില്‍ സൂര്യനും ജലവും പ്രധാനപ്പെട്ടവയാണെങ്കിലും മുളയും മണ്ണും കൊണ്ടുണ്ടാക്കപ്പെട്ട പാത്രങ്ങളും കിഴങ്ങുവര്‍ഗ്ഗങ്ങളും ഇതിന്റെ പൂജയുമായി ബന്ധപ്പെട്ട അനിവാര്യവസ്തുളാണ്.

വിശ്വാസത്തിന്റെ ഈ മഹോത്സവത്തില്‍ സൂര്യോദയത്തെയും സൂര്യാസ്തമയത്തെയും പൂജിക്കുന്നതിന്റെ സന്ദേശം അദ്വിതീയമായ സംസ്‌കാരം നിറഞ്ഞതാണ്. ഉദിക്കുന്നവരെ ലോകം ആദരിക്കുയും പൂജിക്കുകയും ചെയ്യും. എന്നാല്‍ ഛഠ് പൂജ അസ്തമയം ഉറപ്പായവരെ പൂജിക്കുന്ന സന്ദേശമാണു നമുക്ക് നല്കുന്നത്. നമ്മുടെ ജീവിതത്തില്‍ ശുചിത്വത്തിന്റെ പ്രാധാന്യവും ഈ ഉത്സവവുമായി ഇഴചേര്‍ന്നിരിക്കുന്നതാണ്. ഛഠ് നു മുമ്പ് വീടുമുഴുവന്‍ വൃത്തിയാക്കുന്നു, ഒപ്പം നദി, തടാകങ്ങള്‍, കുളങ്ങളുടെ എന്നിവയുടെ തീരങ്ങള്‍, പൂജാസ്ഥലങ്ങള്‍ അതായത് കടവുകളുടെ വൃത്തിയാക്കല്‍ തുടങ്ങിയവയില്‍ ആളുകള്‍ തികഞ്ഞ ഉത്സാഹത്തോടെ പങ്കുചേരുന്നു. സൂര്യവന്ദനം അല്ലെങ്കില്‍ ഛഠ് പൂജ, പരിസ്ഥിതി സംരക്ഷണം, രോഗനിവാരണം, അച്ചടക്കം എന്നിവയുടെ ആഘോഷമാണ്.

സാധാരണയായി ആളുകള്‍ എന്തെങ്കിലും ചോദിച്ചു വാങ്ങുന്നത് മോശമായി കാണുന്നു. എന്നാല്‍ ഛഠ് പൂജയുടെ അന്നു രാവിലെ അര്‍ഘ്യം നല്കിയതിനുശേഷം പ്രസാദം ചോദിച്ചു വാങ്ങി കഴിക്കുന്ന ഒരു വിശേഷപ്പെട്ട പാരമ്പര്യം നിലനിന്നുപോരുന്നു. പ്രസാദം ചോദിച്ചു വാങ്ങുന്ന ഈ പാരമ്പര്യത്തിനു പിന്നില്‍ ഇതുവഴി അഹങ്കാരം ശമിക്കുന്നു എന്ന ഒരു സങ്കല്പമാണുള്ളതെന്ന് പറയപ്പെടുന്നു. അഹം വ്യക്തിയുടെ പുരോഗതിയുടെ പാതയില്‍ തടസ്സമാകുന്ന ഒന്നാണ്. ഭാരതത്തിന്റെ ഈ മഹത്തായ പാരമ്പര്യത്തില്‍ ആര്‍ക്കും അഭിമാനം തോന്നുക സ്വഭാവികമാണ്.

എന്റെ പ്രിയപ്പെട്ട ദേശവസികളേ, മന്‍ കീ ബാത്ത് എന്ന ഈ പരിപാടിയെ ആളുകള്‍ അഭിനന്ദിച്ചുപോരുന്നു, വിമര്‍ശിക്കുന്നുമുണ്ട്. എന്നാല്‍ ഈ പരിപാടിയുണ്ടാക്കുന്ന സ്വാധീനം കാണുമ്പോള്‍ ഈ രാജ്യത്തെ ജനമനസ്സുകളുമായി മന്‍ കീ ബാത്ത് നൂറു ശതമാനവും അഭേദ്യമായി ബന്ധിക്കപ്പെട്ടിരിക്കുന്നു എന്ന എന്റെ വിശ്വാസം കൂടുതല്‍ ദൃഢപ്പെടുന്നു. ഖാദിയുടെയും കൈത്തറിയുടെയും കാര്യമെടുക്കാം. ഗാന്ധിജയന്തിക്ക് ഞാന്‍ എപ്പോഴും കൈത്തറി, ഖാദിയുടെ കാര്യം പറയാറുണ്ട്.. അതിന്റെ ഫലപ്രാപ്തിയെന്തെന്നറിയാമോ..? നിങ്ങള്‍ക്കും അതറിയുമ്പോള്‍ സന്തോഷം തോന്നും. ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 17 ന് ധന്‍തേരസ്‌ന്റെ ദിവസം ദില്ലിയിലെ ഖാദി ഗ്രാമോദ്യോഗഭവന്‍ സ്റ്റോറില്‍ നിന്നും ഏകദേശം ഒരുകോടി ഇരുപതുലക്ഷം രൂപയുടെ റെക്കാഡ് വില്‍പനയാണു നടന്നത്. ഖാദിയുടെയും കൈത്തറിയുടെയും ഒരു സ്റ്റോറില്‍ ഇത്രയും കച്ചവടം നടന്നു എന്നു കേട്ട് നിങ്ങള്‍ക്കും സന്തോഷമുണ്ടായിട്ടുണ്ടാകും. ദീപാവലിയുടെ സമയത്ത് ഖാദി ഗിഫ്റ്റ് കൂപ്പണിന്റെ വില്‍പനയില്‍ ഏകദേശം 680 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തപ്പെട്ടത്. ഖാദിയുടെയും കരകൗശലശില്‍പ്പങ്ങളുടെയും ആകെ വില്‍പനയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ഏകദേശം 90 ശതമാനം വര്‍ധനവ് കാണാനായി.

ഇന്ന് യുവാക്കളും, സ്ത്രീകളും, എല്ലാ പ്രായത്തിലുമുള്ള ആളുകളും ഖാദിയും കൈത്തറിയും ഇഷ്ടപ്പെടുന്നു എന്നാണ് ഇതു കാണിക്കുന്നത്. ഇതിലൂടെ എത്ര നെയ്ത്തുകുടുംബങ്ങള്‍ക്ക്, ദരിദ്ര കുടുംബങ്ങള്‍ക്ക്, കൈത്തറിയില്‍ ജോലി ചെയ്യുന്ന എത്രയെത്രകുടുംബങ്ങള്‍ക്ക് എത്ര ലാഭമുണ്ടായിക്കാണും എന്ന് എനിക്ക് സങ്കല്പിക്കാനാകും. മുമ്പ് ഖാദി എന്നത് ഖാദി ഫോര്‍ നേഷന്‍ എന്നു പറയപ്പെട്ടിരുന്നു, പിന്നീട് ഖാദി ഫോര്‍ ഫാഷന്‍ എന്നു പറഞ്ഞു. എന്നാല്‍ കുറച്ചു സമയമായി ഖാദി ഫോര്‍ നേഷനും ഖാദി ഫോര്‍ ഫാഷനും കടന്ന് ഇപ്പോള്‍ ഖാദി ഫോര്‍ ട്രാന്‍ഫോര്‍മേഷന്‍, ‘മാറ്റത്തിനു ഖാദി’ എന്നായിത്തീര്‍ന്നിരിക്കുന്നു. ഖാദി ദരിദ്രരില്‍ ദരിദ്രരായ വ്യക്തികളുടെ ജീവിതത്തില്‍, കൈത്തറി ദരിദ്രരില്‍ ദരിദ്രരായവരുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് അവരെ ശാക്തീകരിക്കാനുള്ള ശക്തമായ ഉപകരണമായി മാറുകയാണ്. ഇത് ഗ്രാമോദയത്തില്‍ വലിയ പങ്കാണ് വഹിക്കുന്നത്.

ശ്രീ.രാജന്‍ ഭട്ട് നരേന്ദ്രമോദി ആപ്പിൽ എഴുതുന്നത് ഞാന്‍ സുരക്ഷാസൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ചതിനെക്കുറിച്ച് അറിയാനാഗ്രഹിക്കുന്നു എന്നാണ്. നമ്മുടെ സുരക്ഷാ സൈനികര്‍ എങ്ങനെയാണ് ദീപാവലി ആഘോഷിക്കുന്നത് എന്നും അദ്ദേഹം അറിയാനാഗ്രഹിക്കുന്നു. ശ്രീ.തേജസ് ഗയക്‌വാഡും നരേന്ദ്രമോദി ആപ്പില്‍ എഴുതുന്നത് അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നുള്ള മധുരവും സുരക്ഷാസൈന്യത്തിന് എത്തിച്ചുകൊടുക്കാനുള്ള വ്യവസ്ഥ ചെയ്യാനാകുമോ എന്നാണ്. ഞങ്ങള്‍ക്കും ഞങ്ങളുടെ ധീരരായ സുരക്ഷാ സൈനികരെ ഓര്‍മ്മിക്കണം എന്നദ്ദേഹം പറയുന്നു. വീട്ടിലെ മധുരം ജവാന്മാര്‍ക്കും എത്തിച്ചുകൊടുക്കണം എന്ന് നമുക്കും തോന്നുന്നു. ദീപാവലി നിങ്ങളെല്ലാവരും വളരെ സന്തോഷത്തോടെ ആഘോഷിച്ചു കാണും. എന്നെ സംബന്ധിച്ചിടത്തോളം ഇപ്രാവശ്യവും ദീപാവലി വിശേഷാല്‍ അനുഭവവുമായിട്ടാണു വന്നത്. അതിര്‍ത്തിയില്‍ നിയോഗിക്കപ്പെട്ടിരിക്കുന്ന ധീരരായ സുരക്ഷാസൈനികര്‍ക്കൊപ്പം എനിക്ക് ഒരിക്കല്‍കൂടി ദീപാവലി ആഘോഷിക്കാനുള്ള സൗഭാഗ്യം ലഭിച്ചു.

ഇപ്രാവശ്യം ജമ്മുകശ്മീരിലെ ഗുരേസ് സെക്ടറില്‍ സുരക്ഷാസൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ചത് എനിക്ക് അവിസ്മരണീയ അനുഭവമായി. അതിര്‍ത്തിയില്‍ എത്രമാത്രം കഠിനവും വിഷമകരവുമായ പരിതഃസ്ഥിതികളെ നേരിട്ടുകൊണ്ടാണോ നമ്മുടെ സുരക്ഷാസൈനികര്‍ രാജ്യത്തെ കാക്കുന്നത്, ആ പോരാട്ടത്തിനും സമര്‍പ്പണത്തിനും ത്യാഗത്തിനും എല്ലാ ദേശവാസികള്‍ക്കും വേണ്ടി നമ്മുടെ സുരക്ഷാസേനയിലെ എല്ലാ ജവാന്മാരെയും ആദരിക്കുന്നു. നമുക്ക് അവസരം കിട്ടിയാല്‍, നമ്മുടെ ജവാന്മാരുടെ അനുഭവങ്ങള്‍ അറിയാന്‍ അവരുടെ അഭിമാനകരമായ കഥകള്‍ കേള്‍ക്കണം. നമ്മുടെ സുരക്ഷാസേനകളിലെ ജവാന്മാര്‍ കേവലം നമ്മുടെ അതിര്‍ത്തിയില്‍ മാത്രമല്ല, മറിച്ച് വിശ്വമെങ്ങും ശാന്തി സ്ഥാപിക്കുന്നതില്‍ മഹത്തായ പങ്കു വഹിക്കുന്നുവെന്ന് നമ്മളില്‍ പലര്‍ക്കും അറിയില്ല.

ഐക്യരാഷ്ട്രസഭയുടെ പീസ് കീപ്പറായി (സമാധാനപാലകരായി) അവര്‍ ലോകമെങ്ങും ഹിന്ദുസ്ഥാന്റെ കീര്‍ത്തി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ ദിവസം ഒക്‌ടോബര്‍ 24 ന് ലോകമെങ്ങും യുഎന്‍ ദിനം, ഐക്യരാഷ്ട്രസഭ ആഘോഷിച്ചു. ലോകത്ത് ശാന്തി സ്ഥാപിക്കാനുള്ള ഐക്യരാഷ്ട്ര സഭയുടെ ശ്രമങ്ങളെയും അവരുടെ ക്രിയാത്മകമായ പങ്കിനെയും ഏവരും ഓര്‍മ്മിക്കുന്നു. നാം വസുധൈവകുടുംബകം, അതായത് ലോകം മുഴുവന്‍ നമ്മുടെ കുടുംബമാണ് എന്നു കരുതുന്നവരാണ്. ഈ വിശ്വാസം കാരണം ഭാരതം തുടക്കം മുതല്‍ ഐക്യരാഷ്ട്ര സഭയുടെ വിവിധ മഹത്തായ ചുവടുവയ്പ്പുകളില്‍ സജീവമായി പങ്കെടുത്തുപോന്നിട്ടുണ്ട്. ഭാരതത്തിന്റെ ഭരണഘടനയുടെ പ്രസ്താവനയും യുഎന്‍ ചാര്‍ട്ടറിന്റെ പ്രസ്ഥാവനയും വി ദ് പീപിള്‍ എന്നു പറഞ്ഞാണ് ആരംഭിക്കുന്നത്. ഭാരതം സ്ത്രീസമത്വത്തിന് എന്നും പ്രധാന്യം കൊടുത്തിട്ടുണ്ട്. ഐക്യ രാഷ്ട്രസഭയുടെ മനുഷ്യാവകാശ പ്രഖ്യാപനം ഇതിന്റെ ജീവസ്സുറ്റ ഉദാഹരണമാണ്.

ഇതിന്റെ ആരംഭവാക്യഖണ്ഡത്തില്‍ നിര്‍ദ്ദേശിക്കപ്പെട്ടിരുന്നത് എല്ലാ പുരുഷന്മാരും ജനിക്കുന്നത് സ്വതന്ത്രരായും സമത്വമുള്ളവരായുമാണെന്നായിരുന്നു. ഭാരതത്തിന്റെ പ്രതിനിധി ഹംസാ മേത്തയുടെ ശ്രമഫലമായി ആ വാക്യഖണ്ഡം എല്ലാ മനുഷ്യരും ജനിക്കുന്നത് സ്വതന്ത്രരും സമത്വമുള്ളവരായുമാണെന്നാക്കി മാറ്റിയിട്ടാണ് അംഗീകരിക്കപ്പെട്ടത്. നോക്കുമ്പോള്‍ ഇതു വളരെ നിസ്സാരമായ മാറ്റമല്ലേ എന്നു തോന്നും. പക്ഷേ, ആരോഗ്യകരമായ ഒരു ചിന്താഗതിയാണ് അതില്‍ കാണാനാകുന്നത്. യുണൈറ്റഡ് നേഷന്‍സിന്റെ കുടക്കീഴില്‍ ഭാരതം നല്കിയ ഏറ്റവും വലിയ സംഭാവന ഐക്യരാഷ്ട്രസഭയുടെ സമാധാന ദൗത്യങ്ങളാണ്. ഐക്യരാഷ്ട്രസഭയുടെ ശാന്തിരക്ഷാ ദൗത്യങ്ങളില്‍ ഭാരതം എന്നും സജീവ പങ്കാളിത്തം വഹിച്ചിട്ടുണ്ട്. നിങ്ങളില്‍ പലരും ഇക്കാര്യം അറിയുന്നത് ആദ്യമായിട്ടായിരിക്കും. പതിനാറായിരത്തത്തിലധികം ഭാരതീയ സുരക്ഷാസൈനികര്‍ ഐക്യരാഷ്ട്രസഭയുടെ സമാധാന ദൗത്യങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോള്‍ ഭാരതത്തിന്റെ ഏകദേശം ഏഴായിരം സൈനികര്‍ ഐക്യരാഷ്ട്രസഭയുടെ സമാധാനനടപടികളുമായി ബന്ധപ്പെട്ടിരിക്കുന്നു, ഇക്കാര്യത്തില്‍ ലോകത്തില്‍ മൂന്നാംസ്ഥാനമാണ് ഭാരതത്തിനുള്ളത്.

ആഗസ്റ്റ് 27 വരെ ഭാരതീയ ജവാന്മാര്‍ ഐക്യരാഷ്ട്രസഭയുടെ ലോകമെങ്ങുമുള്ള 71 സമാധാനദൗത്യങ്ങളില്‍ ഏകദേശം 50 ദൗത്യങ്ങളില്‍ തങ്ങളുടെ സേവനം പ്രദാനം ചെയ്തിട്ടുണ്ട്. ഈ ദൗത്യങ്ങള്‍ കൊറിയ, കമ്പോഡിയ, ലാവോസ്, വിയറ്റ്‌നാം, കോംഗോ, സൈപ്രസ്, ലൈബീരിയ, ലബനന്‍, സുഡാന്‍ എന്നിങ്ങനെ ലോകത്തിലെ പല ഭൂവിഭാഗങ്ങളില്‍, പല രാജ്യങ്ങളിലായിട്ടായിരുന്നു. കോംഗോയിലും ദക്ഷിണ സുഡാനിലും ഭാരതീയ സൈന്യത്തിന്റെ ആശുപത്രികളില്‍ ഇരുപതിനായിരത്തിലധികം രോഗികളെ ചികിത്സിച്ചു, അസംഖ്യം പേരെ രക്ഷപ്പെടുത്തുകയും ചെയ്തു. ഭാരതത്തിന്റെ സുരക്ഷാ സൈനികര്‍ വിവിധ രാജ്യങ്ങളില്‍ അവിടത്തെ ആളുകളെ മാത്രമല്ല രക്ഷിച്ചത്, മറിച്ച് ജനസൗഹാര്‍ദ്ദ നടപടികളിലൂടെ അവരുടെ മനസ്സും കീഴടക്കി. ഭാരതീയ സ്ത്രീകളും ശാന്തി സ്ഥാപിക്കുന്നതില്‍ മുന്നണി പങ്കു വഹിച്ചിട്ടുണ്ട്. ലിബിയയിലെ ഐക്യരാഷ്ട്ര ശാന്തി ദൗത്യത്തില്‍ സ്ത്രീ പോലീസ് സംഘത്തെ അയച്ച ആദ്യത്തെ രാജ്യമാണ് ഭാരതമെന്ന് പലര്‍ക്കുമറിയില്ല. ഭാരതത്തിന്റെ ഈ നടപടി ലോകമെങ്ങുമുള്ള രാജ്യങ്ങള്‍ക്കു പ്രേരണാസ്രോതസ്സായി.

അതിനുശേഷം എല്ലാ രാജ്യങ്ങളും തങ്ങളുടെ മഹിളാ പോലീസ് സംഘത്തെ അയയ്ക്കുവാന്‍ തുടങ്ങി. ഭാരതത്തിന്റെ പങ്ക് കേവലം സമധാനദൗത്യത്തില്‍ ഒതുങ്ങുന്നില്ല, മറിച്ച് ഭാരതം ഏകദേശം 85 രാജ്യങ്ങളില്‍ സമാധാനദൗത്യസംഘത്തിന് പരിശീലനവും നല്‍കുന്നുണ്ടെന്നു കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് അത്ഭുതം തോന്നും. മഹാത്മാഗാന്ധിയുടെയും ഗൗതമബുദ്ധന്റെയും ഈ മണ്ണില്‍ നിന്നും നമ്മുടെ ധീരരായ ശാന്തിരക്ഷകര്‍ ലോകമെങ്ങും ശാന്തിയുടെയും സന്മനോഭാവത്തിന്റെയും സന്ദേശമെത്തിച്ചു. സമാധാന ദൗത്യ നടപടികള്‍ ലളിതമായ കാര്യമല്ല. നമ്മുടെ സുരക്ഷാസൈന്യത്തിലെ ജവാന്മാര്‍ക്ക് ദുര്‍ഗ്ഗമങ്ങളായ പ്രദേശങ്ങളിലേക്കു കടന്നുചെന്ന് ജോലി ചെയ്യേണ്ടി വരുന്നു. വ്യത്യസ്തരായ ജനങ്ങളുടെ ഇടയില്‍ ജീവിക്കേണ്ടി വരും. വ്യത്യസ്തങ്ങളായ പരിതഃസ്ഥിതികളും വേറിട്ട സംസ്‌ക്കാരങ്ങളും അറിയുകയും മനസ്സിലാക്കുകയും വേണം.

അവിടത്തെ പ്രാദേശികമായ ആവശ്യങ്ങള്‍ക്കും പരിതഃസ്ഥിതികള്‍ക്കുമനുസരിച്ച് സ്വയം മാറണം. ഇന്നു നമ്മുടെ ധീരന്മാരായ ഐക്യരാഷ്ട്ര സമാധാനസൈനികരെ ഓര്‍ക്കുമ്പോള്‍ ക്യാപ്റ്റന്‍ ഗുര്‍ബചന്‍ സിംഗ് സലാരിയായെ ആര്‍ക്കാണു മറക്കാനാകുക? അദ്ദേഹം ആഫ്രിക്കയിലെ കോംഗോയില്‍ ശാന്തിക്കുവേണ്ടി പോരാടി, തന്റെ സര്‍വ്വസ്വവും ത്യജിക്കയുണ്ടായി. അദ്ദേഹത്തെ ഓര്‍മ്മിച്ച് എല്ലാ ഭാരതീയരും അഭിമാനത്തോടെ നെഞ്ചുവിരിച്ചു നില്‍ക്കും. പരമവീരചക്രം ലഭിക്കുന്ന ഒരേയൊരു ഐക്യരാഷ്ട്രസമാധാന സൈനികനാണ് അദ്ദേഹം. ലെഫ്റ്റനന്റ് ജനറല്‍ പ്രേംചന്ദ് സൈപ്രസില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച ഭാരതീയ സമാധാന സൈനികനാണ്. 1989 ല്‍ എഴുപത്തിരണ്ടാം വയസ്സില്‍ അദ്ദേഹത്തിനെ നമീബിയയിലെ ഓപ്പറേഷന്‍ ഫോഴ്‌സ് കമാന്‍ഡറാക്കി, അദ്ദേഹം ആ രാജ്യത്തിന്റെ സ്വാതന്ത്ര്യ സംസ്ഥാപനത്തിന് സേവനം അനുഷ്ഠിച്ചു. ഭാരതീയ സൈന്യത്തിന്റെ തലവനായിരുന്ന ജനറല്‍ തിമ്മയ്യ സൈപ്രസില്‍ ഐക്യരാഷ്ട്ര സമാധാനസൈന്യത്തെ നയിച്ചു, ശാന്തിക്കുവേണ്ടി തന്റെ സര്‍വ്വതും ത്യജിച്ചു. ഭാരതം ശാന്തിദൂതരെന്ന നിലയില്‍ എപ്പോഴും ലോകമെങ്ങും ശാന്തി, ഐക്യം, സന്മനോഭാവം എന്നിവയുടെ സന്ദേശം നല്‍കിപ്പോന്നിട്ടുണ്ട്. എല്ലാവരും ശാന്തിയോടും സന്മനോഭാവത്തോടും ജീവിക്കണമെന്നും നല്ല, ശാന്തപൂര്‍ണ്ണമായ ഭാവിയുടെ സൃഷ്ടിക്കായി മുന്നേറുമെന്നുമാണ് നമ്മുടെ വിശ്വാസം.

എന്റെ പ്രിയപ്പെട്ട ദേശവാസികളേ, മാനവികതയെ നിസ്വാര്‍ഥമായി സേവിച്ച മഹാന്മാരെക്കൊണ്ട് ശോഭിച്ചിരുന്നതാണു നമ്മുടെ പുണ്യഭൂമി. നാം ഭഗിനി നിവേദിത എന്നു പറയുന്ന സിസ്റ്റര്‍ നിവേദിത ആ അസാധാരണരായ ആളുകളില്‍ ഒരാളായിരുന്നു. അയര്‍ലാന്റില്‍ മാര്‍ഗരെറ്റ് എലിസബത്ത് നോബിള്‍ എന്ന പേരില്‍ ജീവിച്ചുവെങ്കിലും സ്വാമി വിവേകാനന്ദന്‍ അവര്‍ക്ക് നിവേദിത എന്നു പേരു നല്കി. നിവേദിത എന്ന വാക്കിനര്‍ഥം പൂര്‍ണ്ണമായും സമര്‍പ്പിക്കപ്പെട്ടത് എന്നാണ്. പിന്നീട് അവര്‍ പേരിനുചേരും വിധം സ്വയം സമര്‍പ്പിച്ചു പേരിനെ അന്വര്‍ഥമാക്കി. ഇന്നലെ സിസ്റ്റര്‍ നിവേദിതയുടെ നൂറ്റി അമ്പതാം ജന്മ വാര്‍ഷികദിനമായിരുന്നു. സുഖസമ്പന്നമായ സ്വന്തം ജീവിതം സ്വാമി വിവേകാനന്ദന്റെ സ്വാധീനത്താല്‍ ത്യജിച്ച് ജീവിതം ദരിദ്രരെ സേവിക്കാനായി സമര്‍പ്പിക്കുവാന്‍ അവര്‍ തയ്യാറായി. ബ്രിട്ടീഷ് ഭരണത്തില്‍ നടന്ന അതിക്രമങ്ങളില്‍ സിസ്റ്റര്‍ നിവേദിതയുടെ മനസ്സു വേദനിച്ചു. ഇംഗ്ലീഷുകാര്‍ നമ്മുടെ രാജ്യത്തെ അടിമയാക്കിയെന്നു മാത്രമല്ല, അവര്‍ നമ്മെ മാനസികമായും അടിമകളാക്കാന്‍ പരിശ്രമിച്ചു. നമ്മുടെ സംസ്‌കാരത്തെ താറടിച്ചു കാണിച്ച് നമ്മുടെയിടയില്‍ അപകര്‍ഷതാബോധം സൃഷ്ടിക്കുവാന്‍ അവര്‍ നിരന്തരം പരിശ്രമിച്ചുകൊണ്ടിരുന്നു. ഭഗിനി നിവേദിത ഭാരതീയ സംസ്‌കാരത്തിന്റെ അഭിമാനം പുനഃസ്ഥാപിച്ചു. രാഷ്ട്ര ചൈതന്യത്തെ ഉണര്‍ത്തി ആളുകളെ സംഘടിപ്പിച്ചു. സനാതന ധര്‍മ്മത്തെയും ദര്‍ശനത്തെയും കുറിച്ച് നടത്തിപ്പോന്ന ദുഷ്പ്രചരണങ്ങള്‍ക്കെതിരെ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ പോയി ശബ്ദമുയര്‍ത്തി.

പ്രസിദ്ധനായ രാഷ്ട്രവാദിയും തമിഴ് കവിയുമായിരുന്ന സുബ്രഹ്മണ്യഭാരതിയുടെ പുതമൈ പെണ്‍ (പുതിയ സ്ത്രീ) എന്ന വിപ്ലവകവിത സ്ത്രീശാക്തീകരണത്തിന്റെ പേരില്‍ വിഖ്യാതമാണ്. അതിന് പ്രേരണയായത് ഭഗിനി നിവേദിതയാണെന്നു പറയപ്പെടുന്നു. ഭഗിനി നിവേദിത മഹാനായ ശാസ്ത്രജ്ഞനായിരുന്ന ജഗദീശ് ചന്ദ്രബോസുവുമായി സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്നു. അവര്‍ ലേഖനങ്ങളിലൂടെയും സമ്മേളനങ്ങളിലൂടെയും ബോസിന്റെ ഗവേഷണത്തിന്റെ പ്രചാരത്തിനു സഹായിച്ചു. നമ്മുടെ സംസ്‌കാരത്തില്‍ ആദ്ധ്യാത്മികതയും ശാസ്ത്രവും പരസ്പര പൂരകങ്ങളാണെന്നതാണ് ഭാരതത്തിന്റെ വിശേഷപ്പെട്ട സൗന്ദര്യം. സിസ്റ്റര്‍ നിവേദിതയും ജഗദീശ് ചന്ദ്രബോസും ഇതിന്റെ ശക്തമായ ഉദാഹരണങ്ങളാണ്.

1899 ല്‍ കല്‍ക്കത്തയില്‍ ഭീകരമായ പ്ലേഗ് പടര്‍ന്നു പിടിച്ചപ്പോള്‍ നൂറുക്കണക്കിനാളുകള്‍ മരിച്ചു. സിസ്റ്റര്‍ നിവേദിത സ്വന്തം ആരോഗ്യം പരിഗണിക്കാതെ ഓടകളിലും പാതകളിലും ശുചീകരണ ജോലി ആരംഭിച്ചു. സുഖകരമായ ജീവിതം ജീവിക്കാമായിരുന്നിട്ടും ദരിദ്രരെ സേവിക്കാന്‍ ഇറങ്ങി പുറപ്പെട്ട മഹിളയായിരുന്ന സിസ്റ്റര്‍ നിവേദിത. അവരുടെ ഈ ത്യാഗത്തില്‍ നിന്നും പ്രേരണയുള്‍ക്കൊണ്ട് ആളുകള്‍ സേവനകാര്യങ്ങളില്‍ സഹകരിക്കാന്‍ മുന്നോട്ടു വന്നു. അവര്‍ സ്വന്തം പ്രവൃത്തികളിലൂടെ ആളുകളെ ശുചിത്വത്തിന്റെയും സേവനത്തിന്റെയും പ്രാധാന്യം പഠിപ്പിച്ചു. അവരുടെ സമാധിയില്‍ എഴുതിയിരിക്കുന്നതിങ്ങനെയാണ് ഹിയര്‍ റിപോസസ് സിസ്റ്റര്‍ നിവേദിത ഹു ഗേവ് ഹേര്‍ ഓള്‍ ടു ഇന്ത്യാ. തന്റെ സര്‍വ്വസ്വവും ഭാരതത്തിനു നല്‍കിയ സിസ്റ്റര്‍ നിവേദിത ഇവിടെ വിശ്രമിക്കുന്നു. നിശ്ചയമായും അവര്‍ അങ്ങനതന്നെ ചെയ്തു. ഓരോ ഭാരതവാസിയും അവരുടെ ജീവിതത്തില്‍ നിന്നു പാഠമുള്‍ക്കൊണ്ട് സ്വയം ആ സേവനപാതയില്‍ നടക്കാന്‍ ശ്രമിക്കുക ഇതാണ് ആ മഹാ വ്യക്തിത്വത്തിന് ചേരുന്ന ശ്രദ്ധാഞ്ജലി!

എനിക്ക് ഒരു ഫോണ്‍ കോള്‍ ലഭിച്ചു. മാനനീയ പ്രധാനമന്ത്രിജീ, എന്റെ പേര് ഡോ.പാര്‍ഥ്ഷാ എന്നാണ്. നവംബര്‍ 14 നമ്മുടെ ആദ്യത്തെ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനമായതുകൊണ്ട് നാം അന്ന് ശിശുദിനമായി ആഘോഷിക്കുന്നു. അന്നുതന്നെയാണ് ലോക പ്രമേഹദിനവും ആചരിക്കുന്നത്. പ്രമേഹം മുതിര്‍ന്നവരുടെ മാത്രം രോഗമല്ല. വളരെയധികം കുട്ടികളിലും അതു കാണുന്നുണ്ട്. ഈ വെല്ലുവിളിയെ നേരിടാന്‍ നമുക്കെന്ത് ചെയ്യാനാകും.

താങ്കളുടെ ഫോണ്‍ കോളിനു നന്ദി. ആദ്യം നമ്മുടെ ആദ്യത്തെ പ്രധാനമന്ത്രി ശ്രീ.ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനത്തില്‍ ആഘോഷിക്കുന്ന ശിശുദിനത്തില്‍ എല്ലാ കുട്ടികള്‍ക്കും അനേകം ശുഭാശംസകള്‍ നേരുന്നു. കുട്ടികള്‍ പുതിയ ഭാരതത്തിന്റെ നിര്‍മ്മിതിയില്‍ ഏറ്റവും മഹത്തായ ഹീറോകളാണ്, നായകരാണ്. മുമ്പ് മുതിര്‍ന്നവര്‍ക്കുമാത്രമുണ്ടായിരുന്ന രോഗം, ജീവിതത്തിന്റെ സായാഹ്നത്തില്‍ ബാധിച്ചിരുന്ന രോഗം ഈയിടെയായി കുട്ടികളിലും കാണാന്‍ തുടങ്ങിയിരിക്കുന്നു എന്ന അങ്ങയുടെ വേവലാതി ശരിയാണ്. കുട്ടികളും പ്രമേഹബാധിതരാകുന്നു എന്നു കേള്‍ക്കുമ്പോള്‍ ആശ്ചര്യമാണു തോന്നുന്നത്. പണ്ട് ഇത്തരം രോഗങ്ങളെ രാജരോഗങ്ങളെന്നാണു പറഞ്ഞു പോന്നിരുന്നത്. രാജരോഗമെന്നാല്‍ സമ്പന്നര്‍ക്ക്, സുഖലോലുപരായി ജീവിക്കുന്നവര്‍ക്ക് ഉണ്ടാകുന്ന രോഗങ്ങളെന്നും പറയാം. യുവാക്കള്‍ക്കിയടില്‍ ഈ രോഗങ്ങള്‍ വിരളമായിരുന്നു.

എന്നാല്‍ നമ്മുടെ ജീവിതശൈലി ലൈഫ്‌സ്റ്റൈല്‍ മാറിയിരിക്കുന്നു. ഇന്ന് ഈ രോഗങ്ങള്‍ ലൈഫ്‌സ്റ്റൈല്‍ ഡിസ്ഓര്‍ഡര്‍ ആണെന്നാണു പറയുന്നത്. യുവാക്കള്‍ക്ക് ഇത്തരത്തിലുള്ള രോഗങ്ങള്‍ ഉണ്ടാകുന്നതിന്റെ പ്രധാന കാരണം ജീവിതശൈലിയില്‍ ശാരീരിക പ്രവര്‍ത്തനങ്ങളുടെ അതായത് ഫിസിക്കല്‍ ആക്ടിവിറ്റീസിന്റെ കുറവ്, ആഹാരപാനീയങ്ങളുടെ രീതികളില്‍ വന്ന മാറ്റം എന്നിവയാണ്. സമൂഹവും കുടുംബങ്ങളും ഇക്കാര്യത്തില്‍ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. ഇതെക്കുറിച്ച് ആലോചിക്കുമെങ്കില്‍ ഒന്നും പ്രത്യേകമായി ചെയ്യേണ്ട ആവശ്യമില്ലെന്നു കാണാം. ചെറിയ ചെറിയ കാര്യങ്ങളെ ശരിയായി രീതിയില്‍, ചിട്ടയായി ചെയ്തുകൊണ്ട് അവ ശീലമാക്കുക, അതിനെ സ്വന്തം സ്വഭാവമാക്കുക മാത്രമാണു വേണ്ടത്. കുട്ടികള്‍ തുറന്ന മൈതാനത്തില്‍ കളിക്കുന്ന ശീലമുണ്ടാക്കുകയാണ് കുടുംബത്തിലുള്ളവര്‍ ചെയ്യേണ്ടതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. സാധിക്കുമെങ്കില്‍ കുടുംബത്തിലെ മുതിര്‍ന്നവരും ഈ കുട്ടികള്‍ക്കൊപ്പം തുറന്ന സ്ഥലങ്ങളില്‍പോയി കളിക്കുക. കുട്ടികള്‍ ലിഫ്റ്റില്‍ കയറി മുകളിലോട്ടു കയറുകയും ഇറങ്ങുകയും ചെയ്യുന്ന തിനു പകരം പടി കയറി-ഇറങ്ങുന്ന ശീലമുണ്ടാക്കുക. അത്താഴത്തിനുശേഷം കുടുംബം മുഴുവന്‍ കുട്ടികളെയും കൂട്ടി കുറച്ചു നടക്കുവാന്‍ ശ്രമിക്കുക.

യോഗ ഫോര്‍ യംഗ് ഇന്ത്യ, യുവഭാരതത്തിനു യോഗ. യോഗ, വിശേഷിച്ചും നമ്മുടെ യുവസുഹൃത്തുക്കള്‍ക്ക് ആരോഗ്യപൂര്‍ണ്ണമായ ജീവിത രീതി നിലനിര്‍ത്താനും ജീവിതശൈലീരോഗങ്ങളില്‍, ലൈഫ്‌സ്റ്റൈല്‍ ഡിസ്ഓര്‍ഡറില്‍ നിന്നു മോചനം നേടാനും സാഹയകമാകും. സ്‌കൂളില്‍ ആദ്യത്തെ 30 മിനിട്ട് യോഗ ചെയ്താല്‍ എത്ര നേട്ടമാണുണ്ടാവുകയെന്നു കണ്ടോളൂ. വീട്ടിലും യോഗ ചെയ്യാവുന്നതാണ്. യോഗയുടെ വൈശിഷ്ട്യങ്ങളെന്താണ് – സ്വാഭാവികമാണ്, സരളമാണ്, സര്‍വ്വസുലഭമാണ്. ഞാനതു ശീലിക്കുന്നതുകൊണ്ടു പറയുകയാണ്, ഏതൊരു പ്രായത്തിലുള്ള വ്യക്തിക്കും എളുപ്പം ചെയ്യാവുന്നതാണ്.

നിഷ്പ്രയാസം പഠിക്കാനാകുന്നതായതുകൊണ്ട് സരളമാണ്. എവിടെയും വച്ചു ചെയ്യാനാകും എന്നതുകൊണ്ട് സര്‍വ്വസുലഭമെന്നു പറയും. വിശേഷിച്ച് ഉപകരണങ്ങളോ മൈതാനമോ ഇതിനാവശ്യമില്ല. പ്രമേഹം നിയന്ത്രിക്കുന്നതില്‍ യോഗ എത്ര ഗുണം ചെയ്യുന്നതാണെന്ന കാര്യത്തില്‍ പല പഠനങ്ങളും നടക്കുന്നുണ്ട്. ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലും പഠനം നടക്കുന്നുണ്ട്. ഇതുവരെ ലഭിച്ച ഫലങ്ങള്‍ പ്രോത്സാഹനമേകുന്നവയാണ്. ആയുര്‍വ്വേദത്തെയും യോഗയെയും നാം ചികിത്സയ്ക്കുള്ള മാധ്യമമെന്ന നിലയില്‍ കാണാതെ രണ്ടും ജീവിതത്തിന്റെ ഭാഗമാക്കുകയാണു വേണ്ടത്.

എന്റെ പ്രിയപ്പെട്ട ദേശവാസികളേ, വിശേഷിച്ചും എന്റെ യുവസുഹൃത്തുക്കളേ, കളിക്കളത്തില്‍ നിന്നും കഴിഞ്ഞ ദിവസങ്ങളില്‍ നല്ല വാര്‍ത്തകളെത്തി. വ്യത്യസ്തങ്ങളായ കളികളില്‍ നമ്മുടെ കളിക്കാര്‍ രാജ്യത്തിനു കീര്‍ത്തിയേകി. ഹോക്കിയില്‍ ഭാരതം നല്ല കളിയിലൂടെ ഏഷ്യാ കപ്പ് ഹോക്കി കിരീടം നേടി. നമ്മുടെ കളിക്കാര്‍ നല്ല കളി കളിച്ചു, അതുകൊണ്ടാണ് ഭാരതത്തിന് പത്തു വര്‍ഷത്തിനുശേഷം എഷ്യാ കപ്പ് ചാമ്പ്യന്മാരാകാന്‍ സാധിച്ചത്. ഇതിനുമുമ്പ് ഭാരതം 2003 ലും 2007ലും ഏഷ്യാ കപ്പ് നേടിയിരുന്നു. മുഴുവന്‍ ടീമിനും അവരെ സഹായിച്ച സപ്പോര്‍ട് സ്റ്റാഫിനും എന്റെ, ദേശവാസികളുടെ അനേകം ശുഭാശംസകള്‍.

ഹോക്കിക്കു ശേഷം ബാറ്റ്മിന്റനിലും ഭാരതം നല്ല വാര്‍ത്തയാണു ശ്രവിച്ചത്. ബാറ്റ്മിന്റന്‍ സ്റ്റാര്‍ കിഡംബി ശ്രീകാന്ത് മികച്ച കളി കാഴ്ചവച്ച് ഡെന്‍മാര്‍ക്ക് ഓപ്പണ്‍ കിരീടം ജയിച്ച് ഭാരതീയരെ അഭിമാനപുളകിതരാക്കി. ഇന്തോനേഷ്യ ഓപ്പണിനും, ആസ്‌ട്രേലിയന്‍ ഓപ്പണിനും ശേഷം സൂപര്‍ സീരീസ് പ്രീമിയര്‍ കിരീടമാണ് നേടിയത്. നമ്മുടെ ഈ നേട്ടത്തിനും ഭാരതത്തിന്റെ അഭിമാനം വര്‍ധിപ്പിച്ചതിനും നമ്മുടെ യുവ സുഹൃത്തുക്കള്‍ക്ക് ഞാന്‍ അനേകം ആശംസകളര്‍പ്പിക്കുന്നു.

സുഹൃത്തുക്കളേ, ഈ മാസം തന്നെയാണ് ഫിഫാ അണ്ടര്‍ 17 ലോക കപ്പ് മത്സരങ്ങള്‍ നടന്നത്. ലോകമെങ്ങും നിന്നുള്ള ടീമുകള്‍ ഭാരതത്തിലെത്തി, എല്ലാവരും ഫുട്‌ബോള്‍ മൈതാനത്ത് തങ്ങളുടെ നൈപുണ്യം പ്രദര്‍ശിപ്പിച്ചു. എനിക്കും ഒരു കളി കാണാന്‍ പോകാനുള്ള അവസരമുണ്ടായി. കളിക്കാര്‍ക്കും കാഴ്ചക്കാര്‍ക്കുമെല്ലാം വലിയ ഉത്സാഹമായിരുന്നു. ലോക കപ്പിന്റെ ഇത്രയും വലിയ കളി… ലോകം മുഴുവന്‍ നിങ്ങളെ നോക്കിയിരിക്കുന്നു… ഇത്രയും വലിയ കളി.. ഞാന്‍ എല്ലാ യുവ കളിക്കാരുടെയും ഊര്‍ജ്ജവും, ഉത്സാഹവും, കളിച്ചു നേടാനുള്ള ആവേശവും കണ്ട് ആശ്ചര്യപ്പെട്ടുപോയി. ലോക കപ്പ് മത്സരങ്ങള്‍ വിജയകരമായി നടത്തപ്പെട്ടു, എല്ലാ ടീമുകളും തങ്ങളുടെ ഏറ്റവു മികച്ച കളി കാഴ്ചവച്ചു. ഭാരതത്തിന് കിരീടം നേടാനായില്ലെങ്കിലും ഭാരതത്തിലെ യുവ കളിക്കാര്‍ എല്ലാവരുടെയും മനസ്സു കൈയടക്കി. ഭാരതമടക്കം ലോകം മുഴുവന്‍ ഈ കളിയുടെ മഹോത്സവത്തെ ആസ്വദിച്ചു, ടൂര്‍ണമെന്റ് ഒന്നാകെ ഫുട്‌ബോള്‍ പ്രേമികളെ സംബന്ധിച്ചിടത്തോളം ആകര്‍ഷകവും മനംകുളിര്‍പ്പിക്കുന്നതുമായിരുന്നു. ഫുട്‌ബോളിന്റെ ഭാവി ഉജ്ജ്വലമാണെന്ന് സൂചന കാണാന്‍ തുടങ്ങിയിട്ടുണ്ട്. ഞാന്‍ ഒരിക്കല്‍ കൂടി എല്ലാ കളിക്കാരെയും, അവരുടെ കൂടെ പ്രവര്‍ത്തിച്ചവരെയും എല്ലാ ആസ്വാദകരെയും ആശംസിക്കുന്നു, ശുഭാശംസകള്‍ നേരുന്നു.

എന്റെ പ്രിയപ്പെട്ട ദേശവാസികളേ, സ്വച്ഛഭാരതത്തെക്കുറിച്ച് എനിക്ക് എത്രയോ പേര്‍ എഴുതുന്നു… എനിക്കു തോന്നുന്നത് ഞാന്‍ അവരുടെ വികാരത്തെ മാനിക്കണമെന്നാണ്. ഞാന്‍ വിചാരിച്ചാല്‍ എനിക്ക് ദിവസേന മന്‍കീ ബാത് പരിപാടി നടത്തേണ്ടി വരും. എല്ലാ ദിവസവും എനിക്ക് ശുചിത്വത്തെക്കുറിച്ചുതന്നെ പറയാന്‍ മന്‍ കീ ബാത് സമര്‍പ്പിക്കേണ്ടി വരും. ചിലര്‍ കൊച്ചുകുട്ടികളുടെ ഇക്കാര്യത്തിലുള്ള ദൗത്യങ്ങളുടെ ഫോട്ടോ അയച്ചു തരുന്നു, ചിലത് യുവാക്കളുടെ കൂട്ടായ പരിശ്രമത്തിന്റെ കഥയാകും. ചിലപ്പോള്‍ ശുചിത്വവുമായി ബന്ധപ്പെട്ട പുതിയ കണ്ടുപിടുത്തത്തിന്റെ കഥയാകും, അതല്ലെങ്കില്‍ ഏതെങ്കിലും അധികാരിയുടെ ഭ്രാന്തിന്റെ ഫലമായി ഉണ്ടായ മാറ്റത്തിന്റെ വാര്‍ത്തയാകും. കഴിഞ്ഞ ദിവസം എനിക്ക് വളരെ വിശദമായ ഒരു റിപ്പോര്‍ട്ട് കിട്ടി. അതില്‍ മഹാരാഷ്ട്രയിലെ ചന്ദ്രപ്പൂര്‍ ജില്ലയെ മാറ്റിമറിച്ചതിന്റെ കഥയാണുള്ളത്. അവിടെ ഇക്കോളജിക്കല്‍ പ്രൊട്ടക്ഷന്‍ ഓര്‍ഗനൈസേഷന്‍ (പാരിസ്ഥിതിക രക്ഷാ സംഘടന) എന്ന പേരില്‍ ഒരു ഗവണ്‍മെന്റേതര സംഘടനയുടെ ടീം ചന്ദ്രപ്പൂര്‍ കോട്ട വൃത്തിയാക്കാന്‍ പുറപ്പെട്ടു. ഇരുന്നൂറു ദിവസം നീണ്ട ഈ പ്രവര്‍ത്തനത്തില്‍ ആളുകള്‍ തുടര്‍ച്ചയായി, ക്ഷീണമറിയാതെ ഒരു കൂട്ടായെ പ്രവര്‍ത്തനമെന്ന നിലയില്‍ കോട്ടയില്‍ വൃത്തിയാക്കല്‍ പരിപാടി നടത്തി.

ഇരുന്നൂറു ദിവസം തുടര്‍ച്ചയായി… പിന്നീട് ഇതിന്റെ ഫോട്ടോകള്‍ എനിക്കയച്ചുതന്നു. ഫോട്ടോ കണ്ട് ഞാന്‍ ആശ്ചര്യപ്പെട്ടു. ചുറ്റുപാടുമുള്ള വൃത്തികേടുകള്‍ കണ്ട് മനസ്സില്‍ നിരാശയുള്ളവരും, ശുചിത്വമെന്ന സ്വപ്നം എന്നു സാക്ഷാത്കരിക്കപ്പെടും എന്നോര്‍ത്ത് നിരാശപ്പെട്ടിരുന്നവരും കേള്‍ക്കാന്‍ ഞാന്‍ പറയും, ഇക്കോളജിക്കല്‍ പ്രൊട്ടക്ഷന്‍ ഓര്‍ഗനൈസേഷന്റെ യുവാക്കളെ, അവരുടെ വിയര്‍പ്പിനെ, അവരുടെ ഉത്സാഹത്തെ, അവരുടെ ദൃഢനിശ്ചയത്തെ ആ സജീവ ചിത്രങ്ങളില്‍ നിങ്ങള്‍ക്കു നേരിട്ടു കാണാം. അതു കണ്ടാല്‍ നിങ്ങളുടെ നിരാശ, വിശ്വാസമായി മാറും. ശുചിത്വത്തിനായുള്ള ഈ ഭഗീരഥ പ്രയത്‌നം സൗന്ദര്യത്തിന്റെയും കൂട്ടുകെട്ടിന്റെയും നൈരന്തര്യത്തിന്റെയും അത്ഭുതകരമായ ഉദാഹരണമാണ്. കോട്ട നമ്മുടെ പൈതൃകത്തിന്റെ പ്രതീകമാണ്. ചരിത്ര ഈടുവയ്പ്പുകളെ സുരക്ഷിതവും ശുചിത്വമുള്ളതുമാക്കി വയ്‌ക്കേണ്ട ഉത്തരവാദിത്വം നാം ദേശവാസികളുടേതു മുഴുവനുമാണ്. ഇക്കോളജികല്‍ പ്രൊട്ടക്ഷന്‍ ഓര്‍ഗനൈസേഷനും അവരുടെ മുഴുവന്‍ ടീമിനും ചന്ദ്രപൂരിലെ പൗരന്മാര്‍ക്കും അനേകം ആശംസകള്‍ നേരുന്നു.

എന്റെ പ്രിയപ്പെട്ട ദേശവാസികളേ, വരുന്ന നവംബര്‍ 4ന് നാമെല്ലാം ഗുരുനാനക് ജയന്തി ആഘോഷിക്കും. ഗുരുനാനക് ദേവ് സിക്കുകാരുടെ ആദ്യഗുരു മാത്രമല്ല, മറിച്ച് അദ്ദേഹം ജഗദ് ഗുരുവുമായിരുന്നു. അദ്ദേഹം മനുഷ്യസമൂഹത്തിന്റെ മുഴുവന്‍ നന്മയ്ക്കായി ചിന്തിച്ചു, എല്ലാ ജാതികളും തുല്യരാണെന്നു പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിനും സ്ത്രീകളെ ആദരിക്കുന്നതിനും പ്രധാന്യം കൊടുത്തു. ഗുരുനാനക് ദേവ്ജി ഇരുപത്തി എണ്ണായിരം കിലോമീറ്റര്‍ കാല്‍നടയായി യാത്ര ചെയ്തു. അദ്ദേഹത്തിന്റെ ഈ യാത്രയില്‍ അദ്ദേഹം യഥാര്‍ഥ മാനവികതയുടെ സന്ദേശം നല്കി. അദ്ദേഹം ജനങ്ങളുമായി ചര്‍ച്ചകള്‍ നടത്തി, അവര്‍ക്ക് സത്യസന്ധത, ത്യാഗം, കര്‍മ്മനിഷ്ഠ എന്നിവയുടെ വഴി കാട്ടി. അദ്ദേഹം സമൂഹത്തില്‍ സമത്വത്തിന്റെ സന്ദേശമേകി.. ഈ സന്ദേശം പ്രസംഗിച്ചല്ല, പ്രവൃത്തിയിലൂടെ കാട്ടിക്കൊടുത്തു. അദ്ദേഹം സൗജന്യഭക്ഷണശാല നടത്തി, അതിലൂടെ ആളുകള്‍ക്ക് സേവന മനോഭാവമുണ്ടായി. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിലൂടെ ആളുകളുടെ മനസ്സില്‍ ഐക്യത്തിന്റെയും സമത്വത്തിന്റയും വികാരമുണര്‍ന്നു. ഗുരുനാനക് ദേവ് ജി സാര്‍ഥകമായ ജീവിതത്തിന് മൂന്നു സന്ദേശങ്ങള്‍ നല്കി – പരമാത്മാവിന്റെ നാമം ജപിക്കുക, അധ്വാനിക്കുക, ആവശ്യക്കാരെ സഹായിക്കുക. ഗുരുനാനക് ദേവ് അദ്ദേഹത്തിനു പറയാനുള്ളതു പറയാന്‍ ഗുരുവാണി രചിച്ചു. വരുന്ന 2019 വര്‍ഷത്തില്‍ നാം ഗുരുനാനാക് ദേവിന്റെ 550-ാം ഉദയവര്‍ഷം ആചരിക്കാന്‍ പോകയാണ്. വരൂ നാം അദ്ദേഹത്തിന്റെ സന്ദേശത്തിന്റെയും പഠിപ്പിച്ച പാഠങ്ങളുടെ പാതയിലൂടെയും മുന്നേറാന്‍ ശ്രമിക്കാം.

എന്റെ പ്രിയപ്പെട്ട ദേശവാസികളേ, രണ്ടു ദിവസത്തിനുശേഷം ഒക്‌ടോബര്‍ 31ന് നാം സര്‍ദാര്‍ വല്ലഭഭായി പട്ടേലിന്റെ ജന്മജയന്തി ആഘോഷിക്കും. ആധുനിക അഖണ്ഡഭാരതത്തിന് അദ്ദേഹമാണ് അടിത്തറയിട്ടതെന്ന് നമുക്കെല്ലാമറിയാം. ഭാരതാംബയുടെ ആ മഹാനായ മകന്റെ അസാധാരണമായ ജീവിതത്തിലൂടെ യാത്ര ചെയ്താല്‍ നമുക്ക് വളരെയധികം പഠിക്കാനാകും. ഒക്‌ടോബര്‍ 31 നാണ് ഇന്ദിരാഗാന്ധിയും ഈ ലോകം വിട്ടുപോയത്. സര്‍ദ്ദാര്‍ വല്ലഭഭായി പട്ടേല്‍ മാറ്റങ്ങള്‍ കുറിക്കുന്ന ചിന്താഗതിയുള്ളയാളെന്ന് മാത്രമല്ല, അത് പ്രവര്‍ത്തിച്ച് കാട്ടാനായി ഏറ്റവും സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ക്കുപോലും പ്രായോഗികമായ പരിഹാരം കണ്ടെത്തുവാന്‍ സാധിക്കുന്ന ആളുമായിരുന്നു എന്നതാണ് അദ്ദേഹത്തിന്റെ വൈശിഷ്ട്യം. ചിന്തകളെ പ്രവൃത്തി പഥത്തില്‍ കൊണ്ടുവരുന്നതിലായിരുന്നു അദ്ദേഹത്തിന്റെ വൈദഗ്ധ്യം.

സര്‍ദ്ദാര്‍ വല്ലഭഭായി പട്ടേല്‍ ഭാരതത്തെ ഒരു ചരടില്‍ കോര്‍ത്തിണക്കുന്ന പ്രവൃത്തിയുടെ കടിഞ്ഞാണേന്തിയിരുന്നു. കോടിക്കണക്കിന് ഭാരതവാസികളെ ഒരു രാഷ്ട്രം, ഒരു ഭരണഘടന എന്നതിന്റെ കുടക്കീഴില്‍ കൊണ്ടുവരണമെന്ന് അദ്ദേഹം ഉറപ്പിച്ചു. അദ്ദേഹത്തിന്റെ ഉറച്ച തീരുമാനമെടുക്കാനുള്ള കഴിവ് എല്ലാ തടസ്സങ്ങളെയും മറികടക്കാനുള്ള സാമര്‍ഥ്യം അദ്ദേഹത്തിനു നല്കി. അനുനയവും വിനയവും വേണ്ടിയിരുന്നിടത്ത് അദ്ദേഹം അനുനയവും വിനയവും പ്രയോഗിച്ചു, ബലപ്രയോഗം വേണ്ടിയിരുന്നിടത്ത് അദ്ദേഹം ബലം പ്രയോഗിച്ചു. അദ്ദേഹം ഒരു ലക്ഷ്യം നിശ്ചയിച്ചു, ആ ലക്ഷ്യത്തിലേക്ക് ഉറപ്പോടെ മുന്നേറി, മുന്നേറിക്കൊണ്ടിരുന്നു. രാജ്യത്തെ ഒന്നാക്കുക എന്ന ഈ പ്രവൃത്തി അദ്ദേഹത്തിനേ ചെയ്യാനാകുമായിരുന്നുള്ളൂ. എല്ലാവരും തുല്യരായ ഒരു രാഷ്ട്രമായിരുന്നു അദ്ദേഹത്തിന്റെ സങ്കല്പത്തില്‍. സര്‍ദാര്‍ വല്ലഭഭായി പട്ടേല്‍ പറഞ്ഞിട്ടുള്ളത് എന്നെന്നും എപ്പോഴും നമുക്ക് പ്രേരണയേകുന്നതാണെന്നു പറയാന്‍ ഞാനാഗ്രഹിക്കുന്നു. അദ്ദേഹം പറഞ്ഞു, ‘ജാതി-മതഭേദങ്ങള്‍ക്ക് നമ്മെ തടയാനാകരുത്, ഓരോരുത്തരും ഭാരതത്തിന്റെ മകനും മകളുമാണ്. നാമേവരും നമ്മുടെ രാജ്യത്തെ സ്‌നേഹിക്കണം. പരസ്പരസ്‌നേഹത്തിന്റെയും സന്മനോഭാവത്തിന്റെയും മേല്‍ നമ്മുടെ നിയതിയെ നാം കെട്ടിപ്പടുക്കണം.’

സര്‍ദാര്‍ സാബിന്റെ ഈ വാക്കുകള്‍ ഇന്നും നമ്മുടെ നവ ഇന്ത്യാ എന്ന ദര്‍ശനത്തിന് പ്രേരകവും സന്ദര്‍ഭോചിതവുമാണ്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ജന്മദിനം ദേശീയ ഏകതാ ദിവസമായി ആഘോഷിക്കുന്നത്. രാജ്യത്തിന് ഒരു അഖണ്ഡഭാരതത്തിന്റെ സ്വരൂപം പ്രദാനം ചെയ്യുന്നതില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ക്കു സമാനതകളില്ല. സര്‍ദാര്‍ സാബിന്റെ ജയന്തിയുടെ അവസരത്തില്‍ ഒക്‌ടോബര്‍ 31ന് രാജ്യമെങ്ങും റണ്‍ ഫോര്‍ യൂണിറ്റി നടത്തുകയാണ്. അതില്‍ രാജ്യമെങ്ങുമുള്ള കുട്ടികളും, യുവാക്കളും സ്ത്രീകളും എല്ലാ പ്രായത്തിലും പ്പെട്ട ജനങ്ങള്‍ പങ്കെടുക്കും. നിങ്ങളും റണ്‍ ഫോര്‍ യൂണിറ്റി എന്ന പരസ്പരസന്മനോഭാവത്തിന്റെ ഈ ഉത്സവത്തില്‍ പങ്കെടുക്കൂ എന്നാണ് എനിക്കു നിങ്ങളോടെല്ലാം അഭ്യര്‍ഥിക്കാനുള്ളത്.

എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ദീപാവലിയുടെ അവധിക്കുശേഷം, പുതിയ സങ്കല്പത്തോടെ, പുതിയ നിശ്ചയത്തോടെ, നിങ്ങളേവരും ദൈനംദിന ജീവിതത്തിലേക്ക് വീണ്ടും മുഴുകും. ദേശവാസികള്‍ക്കെല്ലാം അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കപ്പെടാന്‍ ശുഭകാമനകള്‍ നേരുന്നു. വളരെ വളരെ നന്ദി.

shortlink

Related Articles

Post Your Comments

Related Articles


Back to top button