തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ കാസര്‍കോടുവരെ നിലവിലുള്ള ഇരട്ടപ്പാതയ്ക്ക് സമാന്തരമായി രണ്ടുപാതകൂടി നിര്‍മിക്കാനുള്ള സംസ്ഥാനസര്‍ക്കാരിന്റെ തീരുമാനം റെയില്‍വേബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലൊഹാനി അംഗീകരിച്ചു.ഈ പാതകളിൽ സെമിസ്പീഡ് തീവണ്ടികളാണ് ഓടുന്നത്. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് പുതിയ തീരുമാനങ്ങൾ ഉണ്ടായത്.
റെയില്‍വേ-സംസ്ഥാന സര്‍ക്കാര്‍ സംയുക്തസംരംഭമായ കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനാണ് പദ്ധതി നടപ്പാക്കുക. അതിവേഗ തീവണ്ടികളാണ് പുതിയപാതയില്‍ സംസ്ഥാനം നിർദ്ദേശിച്ചത്.എന്നാല്‍, സാങ്കേതികതടസ്സങ്ങള്‍കാരണം സെമി സ്പീഡ് തീവണ്ടികള്‍ പരിഗണിക്കാമെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞു.
പാതകളുടെ ശേഷിയെക്കാള്‍ തീവണ്ടികള്‍ സംസ്ഥാനത്ത് ഓടുന്നുണ്ട്. ഇതിനാല്‍ പുതിയ തീവണ്ടികള്‍ അനുവദിക്കാനാകില്ല. അതുകൊണ്ടാണ് പുതിയപാത പരിഗണിക്കുന്നത്. മൈസൂര്‍ (മാനന്തവാടി വഴി) പാതയുടെ വിശദ റിപ്പോര്‍ട്ട് ഡിസംബര്‍ 31-ന് മുമ്പ് പൂര്‍ത്തിയാക്കി സമര്‍പ്പിക്കാന്‍ ബോര്‍ഡ് ചെയര്‍മാന്‍ നിര്‍ദേശിച്ചു.തിരുവനന്തപുരം-കാസര്‍കോട് പാത 575 കിലോമീറ്റര്‍ വരും. തിരുവനന്തപുരം മുതല്‍ ചെങ്ങന്നൂര്‍ വരെ 125 കിലോമീറ്ററില്‍ നിലവിലുള്ള ബ്രോഡ്‌ഗേജ് ലൈനിന് സമാന്തരമായി മൂന്നും നാലും ലൈനുകള്‍ ഇടുന്നതിന് റെയില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ പദ്ധതിരൂപരേഖ തയ്യാറാക്കി. 1943 കോടി രൂപയാണ് ഇതിന് കണക്കാക്കിയിട്ടുള്ളത്. അതേസമയം കാസര്‍കോട് വരെ പുതിയ പാതകള്‍ നിര്‍മിക്കാനാണ് സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെട്ടത്.
ശബരിപാതയെ ബന്ധിപ്പിക്കുന്ന എരുമേലി-പുനലൂര്‍ പാതയും പരിഗണിക്കാമെന്ന് ചെയര്‍മാന്‍ ഉറപ്പുനല്‍കി. 65 കിലോമീറ്ററാണ് ഇതിന്റെ ദൂരം. ചെലവ് 1600 കോടി രൂപ.ശബരിപാതയെ ബന്ധിപ്പിക്കുന്ന ഏറ്റുമാനൂര്‍-പാലാ പാതയും പരിഗണനയിലുണ്ട്. ബാലരാമപുരം-വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പാത, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുതിയ പാത, എറണാകുളത്ത് റെയില്‍വേ ടെര്‍മിനസ് എന്നീ പദ്ധതികളും സംസ്ഥാനം നിര്‍ദേശിച്ചു. ഭൂമിലഭിച്ചാല്‍ കൊച്ചുവേളി ടെര്‍മിനലിന്റെ പണി 2019 മാര്‍ച്ചില്‍ പൂര്‍ത്തിയാക്കും. ശബരി പാതയുടെ ചെലവ് റെയില്‍വേ തന്നെ വഹിക്കണമെന്നും പുതിയ പദ്ധതികളുടെ പകുതി ചെലവ് കേരളം വഹിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അങ്കമാലി-ശബരി, ഗുരുവായൂര്‍-തിരുന്നാവായ, എറണാകുളം-അമ്പലപ്പുഴ ഇരട്ടിപ്പിക്കല്‍ എന്നിവ തീര്‍ക്കുന്നതിന് ആവശ്യമായ ഫണ്ട് അനുവദിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.എല്ലാ തീവണ്ടികളിലും ബയോ-ടോയ്‌ലറ്റ് ഏര്‍പ്പെടുത്തുമെന്ന് ചെയര്‍മാന്‍ ഉറപ്പുനല്‍കി.2024 ൽ പണി പൂർത്തിയായേക്കും.
Post Your Comments