Latest NewsNewsGulf

സൗദി അറേബ്യയില്‍ 500 ബില്യൻ ഡോളർ ചെലവിൽ മഹാനഗരം വരുന്നു

റിയാദ് : സൗദി അറേബ്യയില്‍ അമ്പതിനായിരംകോടി ഡോളറിന്റെ മഹാനഗരം വരുന്നു. ഓഹരി വിപണി നിക്ഷേപങ്ങള്‍ സ്വീകരിച്ചു കൊണ്ടായിരിക്കും ഈ വന്‍ പദ്ധതി പൂര്‍ത്തിയാക്കുക. നിയോം എന്നു പേരിട്ടിരിക്കുന്ന നഗരനിര്‍മാണ പദ്ധതി കിരിടാവകാശി മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ രാജകുമാരനാണ്‌ റിയാദില്‍ നടന്ന ഫ്യൂച്ചര്‍ ഇന്‍വെസ്‌റ്റ്‌മെന്റ്‌ ഇനീഷ്യേറ്റീവ്‌ കോണ്‍ഫറന്‍സില്‍ പ്രഖ്യാപിച്ചത്‌. ഭാവിയെക്കുറിച്ച്‌ വലിയ സ്വപ്‌നങ്ങള്‍ കാണുന്നവര്‍ക്കു വേണ്ടിയുള്ളതാണ്‌ നിയോം പദ്ധതി. സോളാര്‍ പാനലുകള്‍ ഉപയോഗിച്ച്‌ പദ്ധതി പ്രദേശത്ത്‌ ചൈനയിലെ വന്‍മതിലിനേക്കാള്‍ വലിയ മതില്‍ നിര്‍മിക്കും.

പദ്ധതി പ്രദേശത്തെ യാത്രകള്‍ക്ക്‌ പൈലറ്റില്ലാ വിമാനങ്ങള്‍ ഉപയോഗപ്പെടുത്തും.ലോകത്തെ ഏറ്റവും വലിയ നിക്ഷേപ പദ്ധതിയായ നിയോം പ്രദേശം ലോകത്തെ ഏറ്റവും സുരക്ഷിതമായ മേഖലയായാണു വിഭാവനം ചെയ്യുന്നത്‌. ഇതിനായി ലോകത്തെ ഏറ്റവും മികച്ച സുരക്ഷാ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തും. ചെങ്കടല്‍ പ്രദേശത്തെ വെയിലും കാറ്റും ഊര്‍ജം ഉല്‍പാദിപ്പിക്കുന്നതിനു പര്യാപ്‌തമാകും. നിയോം പദ്ധതി സൗദി അറേബ്യയുടെ മുഖച്‌ഛായ മാറ്റും.

റിയാദിലെ ഖിദിയ വിനോദ നഗരി പദ്ധതി, ചെങ്കടലിലെ ദ്വീപുകള്‍ വിനോദ സഞ്ചാര വ്യവസായത്തിന്‌ പ്രയോജനപ്പെടുത്തുന്നതിന്‌ ലക്ഷ്യമിട്ടുള്ള റെഡ്‌ സീ പദ്ധതി, മക്കയിലും മദീനയിലും ലക്ഷക്കണക്കിന്‌ ഹജ്‌/ഉംറ തീര്‍ഥാടകര്‍ക്ക്‌ താമസസൗകര്യങ്ങള്‍ ഒരുക്കുന്നതിന്‌ സ്‌ഥാപിച്ച പുതിയ കമ്പനികള്‍ എന്നിവയെല്ലാം അടുത്തിടെ സൗദി അറേബ്യ പ്രഖ്യാപിച്ച വന്‍കിട പദ്ധതികളാണ്‌. ഇക്കൂട്ടത്തിലെ ഏറ്റവും ബൃഹത്തായ പദ്ധതിയാണ്‌ നിയോം ഫ്യൂച്ചര്‍ ഡെസ്‌റ്റിനേഷന്‍ പദ്ധതി.ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്‌ വന്‍കരകള്‍ സന്ധിക്കുന്ന സ്‌ഥലം കൂടിയാണിത്‌.

ലോക ജനസംഖ്യയില്‍ 70 ശതമാനം പേര്‍ക്ക്‌ നിയോം പ്രദേശത്ത്‌ എട്ടു മണിക്കൂറിനകം എത്തിച്ചേരാന്‍ സാധിക്കും. വൈജ്‌ഞാനിക, സാങ്കേതിക, ഗവേഷണ, വിദ്യാഭ്യാസ തൊഴില്‍, ചികിത്സാ, താമസ മേഖലകളില്‍ ലോകത്തെ ഏറ്റവും മികച്ച സൗകര്യങ്ങള്‍ ഇവിടെയുണ്ടാകും. ഏഷ്യ, ആഫ്രിക്ക വന്‍കരകളെ ബന്ധിപ്പിക്കുന്ന കിങ്‌ സല്‍മാന്‍ കോസ്‌വേയുടെ പ്രധാന പ്രവേശന കവാടം നിയോം പദ്ധതി പ്രദേശത്താകും. ഇത്‌ പദ്ധതിയുടെ സാമ്പത്തിക പ്രാധാന്യം വര്‍ധിപ്പിക്കും.പദ്ധതിയിലെ പ്രധാന മുതല്‍ മുടക്ക്‌ പബ്ലിക്‌ ഇന്‍വെസ്‌റ്റ്‌മെന്റ്‌ ഫണ്ടിന്റെ വകയാകും.

ലോകത്തെങ്ങുമുള്ള വന്‍കിട നിക്ഷേപകരെയും കമ്പനികളെയും പദ്ധതിയിലേക്ക്‌ ആകര്‍ഷിക്കും. നിക്ഷേപകര്‍ക്ക്‌ ഉയര്‍ന്ന ലാഭം ഉറപ്പുവരുത്തുന്ന പദ്ധതി ദീര്‍ഘകാലാടിസ്‌ഥാനത്തില്‍ പബ്ലിക്‌ ഇന്‍വെസ്‌റ്റ്‌മെന്റ്‌ ഫണ്ടിന്‌ ഭീമമായ വരുമാനം നല്‍കും. ഇത്‌ സൗദി സമ്പദ്‌വ്യവസ്‌ഥക്ക്‌ കരുത്തുപകരും. വിദ്യാഭ്യാസം, ചികിത്സാ, ടൂറിസം, നിക്ഷേപം, ഇറക്കുമതി ആവശ്യങ്ങള്‍ക്ക്‌ പ്രതിവര്‍ഷം സൗദിയില്‍ നിന്ന്‌ പതിനായിരം കോടിയിലേറെ ഡോളര്‍ പുറത്തേക്കൊഴുകുന്നുണ്ട്‌. ഇതിനു തടയിടാനും പുതിയ പദ്ധതി സഹായകമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button