ബെയ്ജിങ്: ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിൽ പുതിയ നേതൃനിര. പൊളിറ്റ് ബ്യൂറോ സ്ഥിരംസമിതിയിൽ ഏഴ് അംഗങ്ങളെ തിരഞ്ഞെടുത്തു. പക്ഷെ അറുപത്തിനാലുകാരനായ ഷി ചിൻപിങ്ങിന്റെ പിൻഗാമി ആരായിരിക്കുമെന്നതിന്റെ യാതൊരു സൂചനയും നൽകിയിട്ടില്ല.
സ്ഥിരംസമിതിയിലേക്കു തിരഞ്ഞെടുത്തത് ചിൻപിങ്ങിന്റെ നേതൃത്വത്തിൽ ലി കെഷിയാങ്(62), ലി ഷാൻഷു(67), വാങ് യാങ്(62), വാങ് ഹുനിങ്(62), ഷാവോ ലെചി(60), ഹാൻ ഷെങ്(63) എന്നിവരെയാണ്. കഴിഞ്ഞ സമിതിയിൽനിന്ന് ഇത്തവണയും സ്ഥിരംസമിതിയിൽ നിലനിർത്തിയത് ഇവരിൽ പ്രസിഡന്റ് ചിൻപിങ്ങിനൊപ്പം ലി കെഷിയാങ്ങിനെ മാത്രമാണ്. ഏഴംഗ സമിതിയിൽ അഞ്ചു പേർ പുതുമുഖങ്ങളാണ്. ഇവരിൽ മിക്കവരും അടുത്ത അഞ്ചു വർഷത്തിനകം വിരമിക്കാനിരിക്കുന്നവരുമാണ്.
പുതിയ പൊളിറ്റ് ബ്യൂറോ അംഗങ്ങളെ സർക്കാരിന്റെ ഔദ്യോഗിക മാധ്യമമായ ‘പീപ്പിൾസ് ഡെയ്‌ലി’ വിശേഷിപ്പിച്ചത് ചൈനയെ പുതുയുഗത്തിലേക്കു നയിക്കാനുള്ള ‘ഡ്രീം ടീം’ എന്നാണ്. പുതിയ അംഗങ്ങളെ ഗ്രേറ്റ് ഹാൾ ഓഫ് ദ് പീപ്പിളിൽ വച്ചാണ് ഷി ചിൻപിങ് പ്രഖ്യാപിച്ചത്. ഓരോരുത്തരും സ്ഥിരംസമിതിയിലെ ‘റാങ്ക്’ അടിസ്ഥാനമാക്കിയാണ് വേദിയിലേക്കു പ്രവേശിച്ചത്. ലഘുപ്രഭാഷണത്തിനൊടുവിൽ മാധ്യമങ്ങൾക്കു ചോദ്യങ്ങൾക്കുള്ള ഒരു അവസരവും ചിൻപിങ് നൽകിയില്ല. പ്രസംഗം തത്സമയം ഇംഗ്ലിഷിലും കേൾക്കാൻ സൗകര്യമുണ്ടായിരുന്നു.
Post Your Comments