KeralaLatest NewsNews

48 വര്‍ഷം മുമ്പ് ജനസംഘം പ്രവര്‍ത്തകന്‍ വാടിക്കല്‍ രാമകൃഷ്ണന്‍ കൊല്ലപ്പെട്ട സംഭവം ; മുഖ്യമന്ത്രിയ്‌ക്കെതിരെയുള്ള ദൃക്‌സാക്ഷി മൊഴിയുടെ പശ്ചാത്തലം പൊലീസ് അന്വേഷിക്കുന്നു

 

കണ്ണൂര്‍/ തലശേരി : തലശേരിയില്‍ 48 വര്‍ഷം മുമ്പ് നടന്ന കൊലപാതകത്തിന്റെ പശ്ചാത്തലം അന്വേഷിച്ച് പൊലീസ്. ജനസംഘം പ്രവര്‍ത്തകന്‍ വാടിക്കല്‍ രാമകൃഷ്ണന്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് പുതിയ ദൃക്‌സാക്ഷി മൊഴി പുറത്തുവന്നിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനെതിരേയാണ് പുതിയ ദൃക്‌സാക്ഷി മൊഴി . പുതുതായുണ്ടായ ദൃക്‌സാക്ഷി മൊഴികളുടെ പശ്ചാത്തലമാണ് പോലീസ് അന്വേഷിക്കുന്നത്. മൊഴിക്കു പിന്നില്‍ ബാഹ്യസമ്മര്‍ദങ്ങളുണ്ടോ എന്നാണ് രഹസ്യാന്വേഷണ വിഭാഗം തെരയുന്നത്. മാത്രമല്ല കൊലപാതകം നടന്ന് 48 വര്‍ഷം പിന്നിട്ടിട്ടും അന്ന് പറയാതിരുന്ന ദൃക്‌സാക്ഷി മൊഴി മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇപ്പോള്‍ പറഞ്ഞതെന്താണെന്നുള്ളതിന്‍ഫെ പശ്ചാത്തലമാണ് പൊലീസ് പരിശോധിക്കുക.

രാമകൃഷ്ണന്‍ വെട്ടേറ്റുവീഴുമ്പോള്‍ പിണറായി അവിടെയുണ്ടായിരുന്നു എന്നു വെളിപ്പെടുത്തിയ ബാലകൃഷ്ണന്‍, രാമകൃഷ്ണന്റെ സഹപ്രവര്‍ത്തകനായിരുന്ന രാമചന്ദ്രന്‍ എന്നിവരെ പോലീസ് വിളിച്ചുവരുത്തി വിവരങ്ങള്‍ ആരാഞ്ഞു. ജീവന്‍ ഭയന്നാണ് ഇതുവരെ പരസ്യപ്രതികരണത്തിനു തയാറാകാതിരുന്നതെന്നാണ് അവര്‍ പോലീസിനോടു പറഞ്ഞത്. തലശേരിയിലെത്തിയും രഹസ്യാന്വേഷണ വിഭാഗം കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ട്.

സംസ്ഥാനത്തെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകമായിരുന്നു വാടിക്കല്‍ രാമകൃഷ്ണന്റേത്. 1969 ഏപ്രില്‍ 28-നായിരുന്നു സംഭവം. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാപിതാവ് എന്‍.ബി. രാജഗോപാലിന്റെ നേതൃത്വത്തില്‍ സി.പി.എമ്മിന്റെ ജാഥ വന്ന സമയത്ത് വാടിക്കല്‍ സ്‌കൂളിനു മുന്നിലാണ് രാമകൃഷ്ണനു വെട്ടേറ്റത്.

കല്ലുവെട്ടുന്ന മഴു കൊണ്ട് ഒരാള്‍ രാമകൃഷ്ണനെ വെട്ടിവീഴ്ത്തിയെന്നും സമീപം കണ്ടത് വിജയനെയായിരുന്നെന്നും രാമകൃഷ്ണന്റെ സൃഹൃത്തായിരുന്ന ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. വിജയനാണു മുഖ്യ പ്രതിയെന്ന് അന്നേ അറിയാമായിരുന്നെന്ന് മറ്റൊരു സൃഹൃത്ത് ഉമേഷും വെളിപ്പെടുത്തി.

നിയമവശങ്ങള്‍ പരിശോധിച്ച് കേസില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ ബി.ജെ.പി. തീരുമാനിച്ചിട്ടുണ്ട്. തെളിവില്ലെന്നുകണ്ട് കോടതി വര്‍ഷങ്ങള്‍ക്കു മുമ്പോ തീര്‍പ്പാക്കിയ കൊലക്കേസില്‍ പിണറായി വിജയനെ ലക്ഷ്യമിട്ടുള്ള പുനരന്വേഷണത്തിന് അവര്‍ ശ്രമം നടത്തുന്ന സാഹചര്യത്തിലാണ് പോലീസ് പുതിയ മൊഴികളുടെ പശ്ചാത്തലം തെരയുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ പങ്കിനെപ്പറ്റി ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തിയ നിലയ്ക്ക് കേസ് പുനരന്വേഷിക്കണമെന്ന് രാമകൃഷ്ണന്റെ ഭാര്യ ലീലയും ആവശ്യപ്പെട്ടിട്ടുണ്ട്. ലീലയുമായുള്ള വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കകമാണ് രാമകൃഷ്ണന്‍ കൊല്ലപ്പെട്ടത്. രാമകൃഷ്ണന്റെ അനുജന്റെ കുടുംബത്തോടൊപ്പം പലഹാരം ഉണ്ടാക്കി വിറ്റാണ് ലീല ജീവിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button