ലഖ്നോ: ഉത്തര്‍പ്രദേശിലെ സിതാപൂരില്‍ ഒാടുന്ന തീവണ്ടിയില്‍ നിന്ന് ബന്ധു തള്ളിയിട്ട മൂന്നു സഹോദരിമാരില്‍ ഏഴു വയസുകാരി മരിച്ചു. രണ്ടു പേര് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കുടുംബത്തോടൊപ്പം യാത്രചെയ്ത സഹോദരിമാരെ അമ്മാവന് പുറത്തേക്ക് തള്ളിയിടുകയായിരുന്നു.
ബിഹാറിലെ മോത്തിഹാരിയില്‍ നിന്നും അമൃതസര്‍-ഷഹര്സ എക്സ്പ്രസില്‍ സഞ്ചരിക്കുകയായിരുന്നു ഇവർ. ചൊവ്വാഴ്ച രാവിലെ ലഖ്നോവില്‍ നിന്നും 90 കിലോമീറ്റര്‍ അകലെയുള്ള സിതാപൂരിലെ റെയില്‍വേ ട്രാക്കിന് സമീപത്താണ് മരിച്ച നിലയില്‍ മുനിയ എന്ന ഏഴുവയസുകാരിയെ കണ്ടെത്തിയത്. പിന്നീട് നാലും ഒൻപതും വയസുള്ള സഹോദരിമാരെ സമീപ പ്രദേശത്ത് പരിക്കേറ്റ നിലയിലും കണ്ടെത്തി.
തലയോട്ടിക്ക് പൊട്ടലേറ്റ ഇളയ പെണ്‍കുട്ടിയുടെ നില കൂടുതൽ ഗുരുതരമാണ്. അമ്മാവനാണ് ട്രെയിനിൽ നിന്ന് തള്ളിയിട്ടതെന്ന് പെൺകുട്ടികൾ മൊഴി നൽകിയിട്ടുണ്ട്. പെണ്‍കുട്ടികളെ പലസ്ഥലങ്ങളിലാണ് തള്ളിയിട്ടിരുന്നത്. കാരണം ഇതുവരെ വ്യക്തമല്ല. കുട്ടികളുടെ ബന്ധുക്കൾക്കായുള്ള അന്വേഷണം ആരംഭിച്ചു.
Post Your Comments