പെരുമ്പാവൂർ; നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സുനിയുടെ അമ്മയേയും ബന്ധുവിനെയും പോലീസ് ഇന്നലെ ചോദ്യം ചെയ്തു. പണമിടപാടുകളില്‍ വ്യക്തവരുത്താന്‍ അമ്മ ശോഭന ഇവരുടെ സഹോദരിയുടെ മകന്‍ വിഷ്ണു എന്നിവരെയാണ് മുഖ്യ അന്വേഷകന്‍ സി ഐ ബൈജു പൗലോസിന്റെ നേതൃത്വത്തില്‍ മണിക്കൂറുകളോളം ചോദ്യം ചെയ്തത്. ബാങ്ക് അക്കൗണ്ടില്‍ അരലക്ഷത്തോളം രൂപ കണ്ടെത്തിയ സംഭവത്തെ അടിസ്ഥാനമാക്കിയായിരുന്നു ചോദ്യം ചെയ്യൽ.
കുടുംബശ്രീയില്‍ നിന്നും ലോണെടുത്തതും സ്വന്തമായി നടത്തിയിരുന്ന ചിട്ടിയില്‍ പിരിഞ്ഞുകിട്ടിയ തുകയുമാണ് ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചിരുന്നത് എന്നായിരുന്നു ഇത് സംബന്ധിച്ച് ശോഭന പൊലീസിന് നല്‍കിയ ആദ്യ വിശദീകരണം. എന്നാല്‍ ഇത് പൂര്‍ണ്ണമായും ശരിയല്ലന്നാണ് ഇന്നലെ ശോഭന അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മൊഴിയില്‍ നിന്നും വ്യക്തമാവുന്നത്. താന്‍ ചെറിയ പലിശക്ക് പണം നല്‍കാറുണ്ടെന്നും ഇത്തരത്തില്‍ 90000 രൂപ ഒരാള്‍ക്ക് നല്‍കിയിരുന്നെന്നും ഇയാള്‍ മടക്കി നല്‍കിയ 50000 രൂപയാണ് അക്കൗണ്ടില്‍ ഉണ്ടായിരുന്നതെന്നും ഇന്നലെ നടന്ന തെളിവെടുപ്പില്‍ ശോഭന പൊലീസില്‍ വെളിപ്പെടുത്തി.
ബാങ്കില്‍ എത്തുമ്പോള്‍ സ്ലിപ്പുകള്‍ സ്വയം പൂരിപ്പിക്കാതെ മറ്റുള്ളവരെക്കൊണ്ട് പൂരിപ്പിക്കുന്ന ശോഭനയുടെ പതിവ് നടപടിയിലും പൊലീസ് വിശദീകരണം തേടി.ശോഭനയുടെ കൈയക്ഷരം ഉറപ്പിക്കാന്‍ ഇവരെക്കൊണ്ട് പേപ്പറില്‍ എഴുതിച്ചതായും അറിയുന്നു. ശോഭനയുടെ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചിരുന്നത് പള്‍സറാണോ എന്ന സംശയം പൊലീസിനുണ്ട്. ഇതുറപ്പിക്കാനാണ് കൈയക്ഷരം എഴുതിച്ചത്. നേരത്തെ കോടതിയില്‍ ഇവര്‍ രഹസ്യമൊഴി നല്‍കിയിരുന്നു.
Post Your Comments