ന്യൂഡല്‍ഹി : യാതൊരു ഈടും നല്‍കാനില്ലാത്തതിന്റെ പേരില്‍ വായ്പ നിഷേധിക്കപ്പെടുന്ന ഒട്ടേറെപ്പേരുണ്ട്. ഇത്തരക്കാര്‍ക്ക് വായ്പ നല്‍കാന്‍ ശേഷിയുള്ള ഒട്ടേറെപ്പേരുണ്ട് മറുവശത്ത്. ഇവരെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമാണ് പീയര്‍ ടു പീയര്‍ (പി2പി) വായ്പാ സ്ഥാപനങ്ങള്‍. ഇതുവരെ യാതൊരു റെഗുലേഷനുമില്ലാതിരുന്ന ഇത്തരം സ്ഥാപനങ്ങളക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ റിസര്‍വ് ബാങ്ക് ഈയിടെ പുറത്തിറക്കി. ആര്‍.ബി.ഐ. ആക്ടനുസരിച്ച് ഇത്തരം കമ്പനികളെ ബാങ്ക് ഇതര ധനകാര്യ സ്ഥാപനം (എന്‍.ബി.എഫ്.സി.) ആയി കണക്കാക്കും.
ഫ്‌ളിപ്കാര്‍ട്ട് പോലെയോ, ഓയോ റൂംസ് പോലെയോ, യൂബര്‍ പോലെയോ ഉള്ള ഒരു ഓണ്‍ലൈന്‍ മാര്‍ക്കറ്റ് പ്ലേസ് (പ്ലാറ്റ്‌ഫോം) ആണ് പി2പി ലെന്‍ഡിങ് കമ്പനികള്‍. വായ്പ ആവശ്യമുള്ളവര്‍ക്കും വായ്പ നല്‍കാന്‍ താത്പര്യമുള്ളവര്‍ക്കും ഈ ഫ്‌ളാറ്റ്‌ഫോമിലെത്തി ഇടപാട് നടത്താം. വ്യക്തികള്‍ക്കും ചെറുകിട കച്ചവട സ്ഥാപനങ്ങള്‍ക്കും ആശ്വാസകരമാണ് പി2പി വായ്പകള്‍.
ചെയ്യേണ്ടത്:
വായ്പാ ദാതാവായോ, വായ്പ ആവശ്യക്കാരനായോ അംഗീകൃത സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുകയാണ് ആദ്യപടി. ഇതിനായി ഓരോരുത്തരും കെ.വൈ.സി. വിവരങ്ങള്‍, ആസ്തി – ബാധ്യതാ – വരുമാനം, സ്രോതസ്, വായ്പ ആവശ്യമായ തുക / നല്‍കാനാവുന്ന തുക, പലിശ നിരക്ക് മുതലായ വിവരങ്ങള്‍ നല്‍കണം. പി2പി ലെന്‍ഡിങ് പ്ലാറ്റ്‌ഫോം തിരിച്ചറിയല്‍ രേഖകള്‍ (കൈ.വൈ.സി.) പരിശോധിച്ച് പ്രൊഫൈല്‍ അംഗീകരിച്ചതിനുശേഷം, റിസ്‌ക് റേറ്റിങ് കൂടി നല്‍കും. ഇടപാടുകാരന് എടുക്കുന്ന റിസ്‌കിന് ആനുപാതികമായി പലിശ നിരക്ക് പറഞ്ഞുറപ്പിക്കാം.
ഇടപാടുകാര്‍ തമ്മില്‍ ധാരണയിലെത്തിക്കഴിഞ്ഞാല്‍, ഓണ്‍ലൈന്‍ ഡോക്യുമെന്റേഷനൊടുവില്‍, വ്യവസ്ഥകള്‍ പ്രകാരം വായ്പാ ദാതാവിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും ആവശ്യക്കാരന്റെ അക്കൗണ്ടിലേക്ക് പണമെത്തും. വായ്പ നല്‍കിയ തീയതിയില്‍, പിറ്റേ മാസം മുതല്‍ ഇലക്ട്രോണിക് ക്ലിയറന്‍സ് മുഖേനയോ, പോസ്റ്റ് ഡേറ്റഡ് ചെക്ക് മുഖേനയോ തിരിച്ചടവ് ആരംഭിക്കാം. ഈയൊരു സേവനത്തിന് നേരത്തെ പറഞ്ഞുറപ്പിച്ച ഫീസ് ഇടപാടുകാരില്‍ നിന്നും പി2പി ലെന്‍ഡിങ് കമ്പനി ഈടാക്കും.
റിസ്‌ക്:
പി2പി കമ്പനികളുടെ റേറ്റിങ്ങിന്റെ മാത്രം പിന്‍ബലത്തില്‍ പണം വായ്പയായി നല്‍കുമ്പോള്‍, ഈ ഇടപാടില്‍ അന്തര്‍ലീനമായിരിക്കുന്ന റിസ്‌ക് വിസ്മരിക്കരുത്. അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികള്‍ മികച്ച റേറ്റിങ് നല്‍കിയ കമ്പനികള്‍ പലതും കടക്കെണിയിലാവുകയും പ്രതിസന്ധിയിലാകുകയും ചെയ്ത ചരിത്രം നമ്മുടെ മുന്നിലുണ്ട്.
പി2പി ഇടപാടുകളിലെ റിസ്‌ക് ഉയര്‍ന്നതായതിനാല്‍ അവ ലഘൂകരിക്കാനുള്ള ചില നിര്‍ദേശങ്ങള്‍ ആര്‍.ബി.ഐ. മാര്‍ഗനിര്‍ദേശത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
ഒരു വായ്പാ ദാതാവിന് ഒരു ആവശ്യക്കാന് നല്‍കാവുന്ന പരമാവധി തുക 50,000 രൂപയാണ്. ഉയര്‍ന്ന തുക നല്‍കുന്നതിലെ നഷ്ടസാധ്യത കുറയ്ക്കാനാണ് ഇത്. ഇത്തരം വായ്പകളുടെ തിരിച്ചടവ് കാലാവധി പരമാവധി 36 മാസമായി നിജപ്പെടുത്തിയിരിക്കുന്നു. ഇത്തരം ഇടപാടുകളില്‍ തുക കൈമാറ്റം ചെയ്യപ്പെടുന്നത് ബാങ്ക് അക്കൗണ്ടുകളില്‍ കൂടി മാത്രമായിരിക്കണമെന്നതാണ് മറ്റൊരു നിര്‍ദേശം.
ഒരു വായ്പാ ദാതാവിന് ഇന്ത്യയിലെമ്പാടുമുള്ള പി2പി വായ്പാ പ്ലാറ്റ്‌ഫോമുകള്‍ വഴി നല്‍കാനാവുന്ന മൊത്തം തുക 10 ലക്ഷം രൂപയാണ്. ആവശ്യക്കാരന് ഈ പ്‌ളാറ്റ്‌ഫോം വഴി നേടാനാവുന്ന പരമാവധി തുകയും 10 ലക്ഷം തന്നെ.
ബാങ്കുകളോ ധനകാര്യ സ്ഥാപനങ്ങളോ നിര്‍ദേശിക്കുന്ന ശമ്പളമോ വരുമാനമോ ഇല്ലാത്തവര്‍ക്ക് മെച്ചപ്പെട്ട പലിശ നിരക്കിലും വ്യവസ്ഥകളിലും വായ്പ തരപ്പെടുത്തിയെടുക്കാനുള്ള അവസരമാണ് പി2പി ലെന്‍ഡിങ് ഒരുക്കുന്നത്. ബാങ്കുകളിലെയും സ്ഥിരവരുമാന മാര്‍ഗങ്ങളിലേയും പലിശനിരക്ക് ഇടിഞ്ഞതിനാല്‍, റിസ്‌ക് ഉയര്‍ന്നിരുന്നാലും തങ്ങളുടെ പണത്തിന് അല്പം കൂടി മെച്ചപ്പെട്ട വരുമാനം പ്രതീക്ഷിക്കുന്നവര്‍ക്കും ഇത് മെച്ചമായേക്കും. അതായത് ബാങ്കുകളിലെ നിരക്കിനേക്കാള്‍ ഉയര്‍ന്ന പലിശ നിരക്കില്‍ വായ്പ നല്‍കാന്‍ ഇത് അവസരമൊരുക്കുന്നു.
Post Your Comments