Latest NewsNewsIndia

ഇര മൗനം പാലിക്കുന്നത് ലൈംഗികബന്ധത്തിനുള്ള സമ്മതമല്ല : കോടതിയുടെ സുപ്രധാനമായ വിധി ഇങ്ങനെ

ന്യൂഡല്‍ഹി: മാനഭംഗത്തിന് ഇരയാകുന്ന വ്യക്തിയുടെ മൗനം ഒരിക്കലും ലൈംഗികബന്ധത്തിനുള്ള സമ്മതമായി കണക്കാക്കില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ഇര മൗനം പാലിച്ചത് ലൈംഗികബന്ധത്തിനുള്ള സമ്മതത്തിന്റെ തെളിവായി കണക്കാക്കണമെന്ന വാദം കോടതി തള്ളി. ഒരു ബലാത്സംഗക്കേസിലെ പ്രതിയുടെ വാദത്തിനിടെയാണ് ജസ്റ്റിസ് സംഗീത ദിങ്ര സഹ്ഗല്‍ ഇത്തരത്തില്‍ നിരീക്ഷണം നടത്തിയത്.

പ്രതി ഭീഷണിപ്പെടുത്തിയതുകൊണ്ടാവാം ഇരയുടെ മൗനമെന്നും കോടതി നിരീക്ഷിച്ചു. 19 വയസ്സുള്ള ഗര്‍ഭിണിയെ ബലാത്സംഗം ചെയ്തതിന് 28-കാരനായ മുന്ന എന്നയാള്‍ക്ക് വിചാരണക്കോടതി 2015-ല്‍ 10 വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. യുവതിയുടെ സമ്മതപ്രകാരമാണ് ലൈംഗികബന്ധത്തിലേര്‍പ്പെട്ടതെന്ന് അവകാശപ്പെട്ട് ഇയാള്‍ നല്‍കിയ ഹര്‍ജി കോടതി തള്ളുകയും, ശിക്ഷ ശരിവയ്ക്കുകയും ചെയ്തു.

മുന്നയുടെ പേരില്‍ ചുമത്തിയിരുന്ന തട്ടിക്കൊണ്ടുപോകല്‍ കുറ്റം ഒഴിവാക്കാനുള്ള വിചാരണക്കോടതി തീരുമാനവും ഹൈക്കോടതി ശരിവെച്ചു. യുവതിയുടെ മൊഴികള്‍ തമ്മില്‍ വൈരുദ്ധ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണിത്. ഇതിനുപുറമേ, പ്രതികളിലൊരാളായ സുമന്‍ കുമാര്‍ യുവതിയെ വേശ്യാവൃത്തിക്കായി വില്‍ക്കാന്‍ ശ്രമിച്ചതിന് ചുമത്തിയിരുന്ന കുറ്റവും ശരിവെച്ചു.

2010 ഡിസംബറില്‍ ഉത്തര്‍പ്രദേശില്‍നിന്ന് ഡല്‍ഹിയിലെത്തിയ യുവതിയെ ജോലി വാഗ്ദാനംചെയ്ത് തട്ടിക്കൊണ്ടുപോയി തുടര്‍ച്ചയായി ബലാത്സംഗം ചെയ്‌തെന്നാണ് കേസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button