Latest NewsNewsIndia

പോലീസിനെ വെട്ടിക്കാന്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തുന്ന വാഹന മോഷ്ടാവ് അറസ്റ്റിൽ

ന്യൂഡല്‍ഹി: പോലീസിൽ നിന്നും രക്ഷപ്പെടാന്‍ ഇടയ്ക്കിടെ പ്ലാസ്റ്റിക് സര്‍ജറി നടത്തുന്ന കുപ്രസിദ്ധ വാഹന മോഷ്ടാവ് അറസ്റ്റിൽ . ഡല്‍ഹി കേന്ദ്രീകരിച്ച്‌ വാഹന മോഷണം നടത്തി പോലീസിനെ വട്ടംകറക്കിയ കുനാല്‍ എന്ന തനൂജ് ആണ് പിടിയിലായത്.കല്‍ക്കജിയില്‍ കാര്‍ മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയാണ് പോലീസ് ഇയാളെ പിടികൂടിയത്. മോഷ്ടിച്ച കാറുമായി വരുന്നതിനിടയില്‍ പോലീസ് സംഘം വളയുകയും ബാരിക്കേഡുകള്‍ നിരത്തി റോഡില്‍ തടസ്സമുണ്ടാക്കുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് കാറില്‍നിന്ന് ഇറങ്ങി ഓടിയ കുനാലിനെ പോലീസ് പിന്തുടര്‍ന്ന് പിടികൂടി.

ചെറുകിട മോഷണങ്ങൾ നടത്തിയിരുന്ന കുനാല്‍ വളരെ പെട്ടെന്നുതന്നെ സൂപ്പര്‍ ചോര്‍ എന്നറിയപ്പെടുന്ന പെരുങ്കള്ളനായി മാറി. 1997 മുതല്‍ വീടുകളില്‍ കടന്നുള്ള മോഷണം ആരംഭിച്ചു. പിന്നീടാണ് വാഹന മോഷണത്തിലേയ്ക്ക് തിരിയുന്നത്. വിലകൂടിയ വാഹനങ്ങളാണ് കൂടുതലായി മോഷ്ടിക്കാറുള്ളത്. 500ല്‍ അധികം വാഹനങ്ങളാണ് കുനാൽ ഇതുവരെ മോഷ്ടിച്ചത്. ഡല്‍ഹിയില്‍നിന്നും സമീപ സംസ്ഥാനങ്ങളില്‍നിന്നുമാണ് കൂടുതല്‍ മോഷണങ്ങളും നടത്തിയിട്ടുള്ളത്.

പോലീസ് നടത്തിയ ചോദ്യംചെയ്യലിനൊടുവിലാണ് കുനാല്‍ ഇത്രയും കാലം പോലീസിനെ വെട്ടിച്ചു നടന്നതെങ്ങനെയെന്ന് വ്യക്തമായത്. പോലീസില്‍നിന്ന് രക്ഷപ്പെടാന്‍ ഇയാള്‍ 2012ല്‍ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയനായി. തനൂജ് എന്ന പേരിനു പകരം കുനാല്‍ എന്ന പേരും സ്വീകരിച്ചു. അങ്ങനെ പുതിയ മുഖവും പേരുമായാണ് പിന്നീട് മോഷണങ്ങള്‍ നടത്തിയത്. ഇതിനിടയില്‍ ഒരിക്കല്‍ കുനാല്‍ പോലീസ് പിടിയിലാകുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്തു. എന്നാല്‍ തങ്ങളെ വട്ടംകറക്കിയ തനൂജ് എന്ന മോഷ്ടാവാണ് ഇയാളെന്ന് അന്ന് പോലീസിന് അറിയുമായിരുന്നില്ല. ഇത്തവണ പിടിയിലായതിനെ തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് ഇക്കാര്യം വ്യക്തമായതെന്ന് പോലീസ് പറഞ്ഞു.വീണ്ടും പ്ലാസ്റ്റിക് സര്‍ജ്ജറി നടത്തി മുഖംമാറ്റാന്‍ തയ്യാറെടുക്കുകയായിരുന്നു ഇയാളെന്ന് പോലീസ് വ്യക്തമാക്കി.

കുനാലിന്റെ സഹായികളായ ഇര്‍ഷാദ്, മുഹമ്മദ് ഷദാബ് എന്നിവരെയും പോലീസ് പിടികൂടിയിട്ടുണ്ട്. ഇവര്‍ മോഷ്ടിച്ച 12 കാറുകളും പോലീസ് പിടിച്ചെടുത്തു. വിവിധ പോലീസ് സ്റ്റേഷനുകളിലായി 62 കേസുകളാണ് ഇയാളുടെ പേരിലുള്ളത്. ഡല്‍ഹിയില്‍നിന്നു മാത്രം കഴിഞ്ഞ ഫെബ്രുവരി വരെ നൂറിലധികം കാറുകള്‍ മോഷ്ടിച്ചതായി ഇയാള്‍ ചോദ്യംചെയ്യലില്‍ സമ്മതിച്ചു.

shortlink

Post Your Comments


Back to top button