തിരുവനന്തപുരം: തിരുവനന്തപുരം പേട്ട ജംഗ്ഷന് സമീപം പഴയ കാർത്തിക തീയറ്ററിന് മുൻവശത്ത് പ്രവർത്തിച്ചിരുന്ന തട്ടുകട ഒരു സംഘം അടിച്ചുതകർത്തു. സംഘത്തിന്റെ മർദ്ദനത്തിൽ പരിക്കേറ്റ കടയുടമ രതീഷിനെ(30) മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്‌ച രാത്രി 10.30നാണ് സംഭവം.
രാത്രി ഒമ്പതുമണിയോടെ ഒരു സംഘം യുവാക്കൾ തട്ടുകടയിൽ ആഹാരം കഴിക്കാനെത്തി. ഇതിന്റെ പണം നൽകുന്നതിനെചൊല്ലി യുവാക്കൾ രതീഷുമായി തർക്കമായി. തുടർന്ന് 400 രൂപ നൽകി സംഘം തിരികെ പോയി.10.30 ഓടെ സംഘം വീണ്ടും എത്തി കട അടിച്ചു തകർക്കുകയായിരുന്നു. രതീഷിനെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. സാരമായി പരിക്കേറ്റ ഇയാളെ മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് വഞ്ചിയൂരിൽ നിന്നും പേട്ടയിൽ നിന്നും പൊലീസ് സംഘം സ്ഥലത്തെത്തി.
പൊലീസ് സംഘം കടപരിശോധിക്കുന്നതിനിടെ വീണ്ടും ബൈക്കിലെത്തിയ സംഘം കടയുടെ പിൻവശത്തുകൂടി അടിച്ചുതകർക്കാൻ ശ്രമിച്ചു. ഈ സമയത്താണ് രണ്ട് പേരെ പൊലീസ് കസ്‌റ്റഡിയിലെടുത്തത്. അക്രമികൾ വന്ന ഒരു സ്‌കൂട്ടറും കസ്‌റ്റഡിയിലെടുത്തു. മറ്റുള്ളവർ ബൈക്കുകളിൽ രക്ഷപ്പെട്ടു. രതീഷ് ആർ.എസ്.എസ് അനുഭാവിയാണെന്ന് പറയപ്പെടുന്നു. കൈതമുക്ക് ഭാഗത്തുള്ള ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് അക്രമം നടത്തിയതെന്ന് ബി.ജെ.പി പ്രവർത്തകർ ആരോപിച്ചു. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. സ്ഥലത്ത് വൻ പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
Post Your Comments