ബെംഗളൂരു: 100 സി.സി.യില്‍ കുറവുള്ള ഇരുചക്രവാഹനങ്ങളില്‍ ഇനി പിന്‍സീറ്റുയാത്ര അനുവദിക്കില്ല. കര്‍ണാടകയിലാണ് പുതിയ നിയമം വരുന്നത്. ഇതിനായി കര്‍ണാടക മോട്ടോര്‍വാഹന നിയമം ഭേദഗതി ചെയ്യാനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍.
സ്ത്രീകള്‍ ഉപയോഗിക്കുന്ന ഇരുചക്രവാഹനങ്ങളില്‍ 25 ശതമാനവും 100 സി.സി.യില്‍ കുറവാണ്. ഇതു കണക്കിലെടുത്ത് വിലക്കുപരിധി 50 സി.സി.യിലേക്ക് കുറയ്ക്കുന്നകാര്യവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.
100 സി.സി.യില്‍ താഴെയുള്ള ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റുയാത്ര പാടില്ലെന്ന് അടുത്തിടെ കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പുതിയതായി നിരത്തിലിറക്കുന്ന വാഹനങ്ങള്‍ക്കായിരിക്കും നിയമം ബാധകമെന്നും നിലവിലുള്ള വാഹനങ്ങളെ ബാധിക്കില്ലെന്നും ഗതാഗത കമ്മിഷണര്‍ ബി. ദയാനന്ദ പറഞ്ഞു.
പിന്‍സീറ്റുയാത്രാവിലക്കിനുള്ള പരിധി 100 സി.സി.യില്നിന്ന് 50 സി.സി.യായി കുറയ്ക്കുന്നകാര്യം പരിശോധിക്കാന്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു. 100 സി.സി.യില്‍ താഴെയുള്ള ഇരുചക്രവാഹനങ്ങളെല്ലാം പിന്‍സീറ്റുകള്‍ ഘടിപ്പിക്കാറുണ്ട്. വിദഗ്ധരുടെ ഉപദേശം തേടിയശേഷവും മറ്റു സംസ്ഥാനങ്ങളിലെ നിയമം പരിശോധിച്ചും ഈ കാര്യത്തില്‍ അന്തിമതീരുമാനമെടുക്കാനാണ് അധികൃതര്‍ ഒരുങ്ങുന്നത്.
സംസ്ഥാനത്ത് 1.85 കോടി വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതില്‍ 70 ശതമാനവും ഇരുചക്രവാഹനങ്ങളാണ്. ബെംഗളൂരുവില്‍മാത്രം 49 ലക്ഷത്തിലധികം ഇരുചക്രവാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Post Your Comments