കൊച്ചി: റോഡിലെ കുഴി മൂലം യുവതിക്ക് യൂബര്‍ ടാക്സി കാറില്‍ സുഖപ്രസവം.നടക്കാവ്-വൈറ്റില റോഡിലെ വന്‍ കുഴികള്‍ മൂലം ചാലക്കുടി മേലേടത്ത് വില്‍സന്റെ ഭാര്യ ജെയ്സിക്കാണ് സുഖപ്രസവം സാധ്യമായത്. പ്രസവവേദന തുടങ്ങിയതിനെ തുടര്‍ന്ന് തലയോലപറമ്പില്‍ നിന്ന് ജെയ്സിയെ ആശുപത്രിയിലേക്ക് കൊണ്ടുവന്നെങ്കിലും പാര്‍ക്കിങ് മേഖലയില്‍ എത്തിയപ്പോഴേക്കും പ്രസവിക്കുകയായിരുന്നു.
പുലര്‍ച്ചെ ജെയ്സിക്ക് പ്രസവവേദന തുടങ്ങിയതോടെ അമ്മയും അനുജത്തിയും ചേര്‍ന്ന് സുഹൃത്തായ ജലീലിന്റെ ടാക്സികാറില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ആശുപത്രിയുടെ പാര്‍ക്കിങ് മേഖലയില്‍ കാര്‍ നിര്‍ത്തിയപ്പോഴേക്കും കുഞ്ഞ് ഗര്‍ഭപാത്രത്തില്‍ നിന്ന് പുറത്തുവരാന്‍ തുടങ്ങുകയായിരുന്നു. തുടര്‍ന്ന് നഴ്സുമാര്‍ ശുശ്രൂഷയ്ക്കായി ഓടിയെത്തി.
അത്യാഹിത വിഭാഗത്തിലേയും ഗൈനക്കോളജി വിഭാഗത്തിലേയും നഴ്സുമാര്‍ എത്തി ടാക്സികാര്‍ തന്നെ പ്രസവമുറിയാക്കുകയായിരുന്നു. കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുത്ത ശേഷം അമ്മയേയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാവിലെ ലിസി ആശുപത്രിയില്‍ വച്ചായിരുന്നു സംഭവം. റോഡിലെ കുഴികളാണ് വൈകിച്ചതെന്നും അല്ലെങ്കില്‍ കൃത്യമായി ആശുപത്രിയില്‍ എത്തുമായിരുന്നെന്നും ജലീല്‍ പറയുന്നു.
Post Your Comments