ന്യൂയോര്‍ക്ക്: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന പ്രചാരണവുമായി അമേരിക്കന്‍ കോടീശ്വരന്‍ രംഗത്ത്. ടോം സ്റ്റെയര്‍ എന്ന കോടീശ്വരനാണ് ട്രംപിനെതിരെ പ്രചാരണത്തിന് തുടക്കമിട്ടത്. ഓണ്‍ലൈന്‍, ടിവി തുടങ്ങിയ മാധ്യമങ്ങളില്‍ കൂടിയാണ് ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് പ്രചാരണം നടക്കുന്നത്.
ട്രംപിനെ ഇംപീച്ച് ചെയ്യേണ്ട കാരണങ്ങള്‍ വ്യക്തമാക്കുന്ന ഒരുമിനിട്ട് ദൈര്‍ഘ്യമുള്ള പരസ്യമാണ് ടോം സ്റ്റെയര്‍ പ്രചരിപ്പിക്കുന്നത്. അമേരിക്കയെ ആണവ യുദ്ധത്തിന്റെ വക്കിലെത്തിച്ചു, എഫ്ബിഐയുടെ പ്രവര്‍ത്തനങ്ങളെ തടയുന്നു, വിദേശ സര്‍ക്കാരുകളില്‍ നിന്ന് പണം വാങ്ങുന്നു, സത്യം പറയുന്ന മാധ്യമങ്ങളെ അടച്ചു പൂട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു തുടങ്ങിയ കാര്യങ്ങളാണ് ട്രംപിനെതിരെ ടോം സ്റ്റെയര്‍ ആരോപിക്കുന്നത്.
അമേരിക്കന്‍ കോണ്‍ഗ്രസിലെ അംഗങ്ങളെയും ഇദ്ദേഹം കുറ്റപ്പെടുത്തുന്നുണ്ട്. ട്രംപ് അപകടകാരിയാണെന്നും മാനസിക വിഭ്രാന്തിയുള്ളയാളെന്നും കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് അറിയാം. എന്നാല്‍ അവര്‍ യാതൊന്നും ചെയ്യുന്നില്ലെന്നും ടോംസ്റ്റെയര്‍ ആരോപിക്കുന്നു.
നീഡ് ടു ഇംപീച്ച് എന്ന വെബ്സൈററ് വഴിയാണ് ഇംപീച്ചമെന്റ് പ്രമേയം അമേരിക്കന്‍ പാര്‍ലമെന്റില്‍ ചര്‍ച്ചക്കെടുക്കാനുള്ള പിന്തുണ തേടുന്നത്. ട്രംപിനെതിരായ നീക്കത്തിന് ഒരുകോടി ഡോളര്‍ സംഭാവന നല്‍കുമെന്നും ടോം സ്റ്റെയര്‍ പറയുന്നു.
Post Your Comments