പത്തനംതിട്ട: പീഡനശ്രമത്തിനിടെ പതിനേഴുകാരിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്കു ശിക്ഷ വിധിച്ച് കോടതി. പ്രതിയും ഇരയായ പെൺകുട്ടിയും ഇതര സംസ്ഥാനക്കാർ ആണ്. ബിഹാര്‍ മുസാഫിര്‍പൂര്‍ ജില്ലക്കാരനായ ജുന്‍ജുന്‍കുമാറി(33)നാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജീവപര്യന്തം തടവും രണ്ടരലക്ഷംരൂപ പിഴയും ശിക്ഷ വിധിച്ചത്. ദൃക്സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് പ്രതിക്കു പരമാവധി ശിക്ഷ ലഭിക്കാന്‍ കാരണമായത്.
കുമ്പനാട് കല്ലുമാലിക്കല്‍ എന്ന വാടകവീട്ടില്‍ 2012 മാര്‍ച്ച് ഒന്‍പതിനാണ് കൊലപാതകം നടന്നത്. കപില്‍ദേവ് ഷായുടെ മകള്‍ സന്ധ്യാകുമാരിയെ ആണ് പ്രതി കൊലപ്പെടുത്തിയത്. സഹോദരിക്കും അവരുടെ ഭര്‍ത്താവ് സഞ്ജീവ് സായ്ക്കുമൊപ്പമായിരുന്നു സന്ധ്യാകുമാരി കുമ്പനാട് കഴിഞ്ഞിരുന്നത്. ജോലി തേടി ഇവിടെ വന്ന ജുന്‍ജുന്‍കുമാര്‍, സഞ്ജീവിനെ പരിചയപ്പെടുകയും മേസ്തിരിപ്പണിക്കാരനായി ഇയാള്‍ക്കൊപ്പം കൂടുകയുമായിരുന്നു. സഞ്ജീവ് കുമാറിന്റെ വാടകവീട്ടില്‍തന്നെ ജുന്‍ജുന്‍കുമാറും താമസം തുടങ്ങി.
സഞ്ജീവ് കുമാര്‍ ഗര്‍ഭിണിയായ ഭാര്യയെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പരിശോധനയ്ക്കായി കൊണ്ടുപോയ സമയത്തായിരുന്നു പീഡനം. ഇവർ മടങ്ങി വന്നപ്പോൾ സന്ധ്യയെ മരിച്ച നിലയില്‍ കാണുകയായിരുന്നു. മറ്റൊരു മുറിയില്‍ ജുന്‍ജുന്‍കുമാറിനെ അബോധാവസ്ഥയിലും കണ്ടെത്തി. പോലീസ് അന്വേഷണത്തിൽ ഇയാൾ പറഞ്ഞത് എ.ടി.എമ്മില്‍ ചെന്ന് 25,000 രൂപയുമെടുത്തു മടങ്ങുന്ന വഴി ഒരു സംഘം തന്നെ പിന്തുടര്‍ന്നുവെന്നും വീട്ടിലെത്തിയ അവര്‍ തന്നെ അടിച്ച് അബോധാവസ്ഥയിലാക്കിയ ശേഷം സന്ധ്യയെ എന്തൊക്കെയോ ചെയ്തുവെന്നുമാണ്.
എന്നാൽ ഇത് കളവാണെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു. ഇയാളുടെ നെഞ്ചില്‍ കണ്ട ആഴത്തിലുള്ള നഖക്ഷതങ്ങള്‍ അക്രമികൾ മർദ്ദിച്ചതാണെന്നും പറഞ്ഞു. ശാസ്ത്രീയ പരിശോധനയില്‍ സന്ധ്യാകുമാരിയുടെ നഖത്തിനിടയില്‍നിന്നും മറ്റും ജുന്‍ജുന്‍കുമാറിന്റെ ശരീരസ്രവങ്ങള്‍ കിട്ടുകയും ചെയ്തു. ഇതോടെ കള്ളക്കഥ പൊളിയുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പീഡനശ്രമം ചെറുത്ത സന്ധ്യയെ ഇയാള്‍ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ബാഗും മറ്റുമെടുത്ത് നാടുവിടാന്‍ ശ്രമിക്കുന്നതിനിടെ സഞ്ജീവ് കുമാറും ഭാര്യയും വന്നതിനാൽ ആണ് ഇയാൾക്ക് രക്ഷപെടാൻ സാധിക്കാതെയിരുന്നത്.
Post Your Comments