വാഷിംഗ്ടണ്‍: ഹോളിവുഡിലെ മിക്ക നായികമാരും വെയ്ന്‍സ്റ്റീനെതിരെ രംഗത്തുവന്നിരിക്കുകയാണ്. ബോളിവുഡ് താരവും മുന്‍ ലോകസുന്ദരിയുമായ ഐശ്വര്യ റായിയേയും വെയ്ന്‍സ്റ്റീന്‍ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചിരുന്നെന്ന് ഐശ്വര്യയുടെ മാനേജര്‍ വെളിപ്പെടുത്തിയിരുന്നു. ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി പ്രിയങ്ക ചോപ്ര. ഹോളിവുഡില്‍ ഹാര്‍വി വെയ്ന്‍സ്റ്റീന്‍മാര്‍ ഒന്നല്ല കുറേയുണ്ടെന്നാണ് പ്രിയങ്ക ചോപ്ര പറയുന്നത്. മെയര്‍ ക്ലെയര്‍ പവര്‍ ട്രിപ്പ് പരിപാടിക്കിടെയാണ് പ്രിയങ്കയുടെ പ്രതികരണം. അയാളെപ്പോലുള്ളവര്‍ എല്ലായിടത്തുമുണ്ടെന്നും പ്രിയങ്ക പ്രതികരിച്ചു. വെയ്ന്‍സ്റ്റീന്‍ വിഷയം ലൈംഗികമായ ഒന്നു മാത്രമല്ലെന്നും അധികാരവുമായി ബന്ധപ്പെട്ടതാണെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
” സെക്സല്ല, അധികാരമാണ് സിനിമാരംഗത്തെ പ്രധാന പ്രശ്നം. ഒരു സ്ത്രീയില്‍ നിന്ന് കവരാന്‍ കഴിയുക അവളുടെ തൊഴില്‍ മാത്രമാണ്. ചില വമ്പന്‍ പുരുഷ താരങ്ങള്‍ കാരണമാണ് വിനോദരംഗത്തെ സ്ത്രീകളുടെ സ്വപ്നങ്ങള്‍ തകരുന്നത്. അവരുടെ തൊഴിലും സ്വപ്ന റോളുകളുമെല്ലാം കവരുമെന്ന ഭീഷണിയിലാണ് ഈ സ്ത്രീകള്‍ കഴിയുന്നത്. നമ്മള്‍ ഒറ്റപ്പെട്ടുപോകുന്ന ഒരു അനുഭവമാണ് ഇവിടെ. ഇത്തരം പേടികള്‍ എനിക്കുമുണ്ട്. എന്നാല്‍, തോല്‍വിയെക്കുറിച്ചുള്ള ഇൗയൊരു പേടിയാണ് രാത്രികളില്‍ എനിക്ക് കരുത്തു പകരുന്നത്. പ്രശ്നങ്ങളില്‍ എനിക്ക് പരിഹാരമാകുന്നതും ഇതാണ്. ഞാന്‍ എന്റെ തെറ്റുകള്‍ ആവര്‍ത്തിക്കാറില്ല. അതാണ് പരാജയങ്ങളില്‍ നിന്ന് കരകയറാനുള്ള മാര്‍ഗം. സ്ത്രീകള്‍ അനുകമ്പയുള്ളവരാണെങ്കിലും ശക്തരുമാണ്. ഇത് സ്ത്രീകള്‍ക്ക് മാത്രമുള്ള സവിശേഷതയാണ്. ഇതാണ് നമ്മുടെ കരുത്ത്. നിങ്ങള്‍ എങ്ങനെ വേഷം ധരിക്കണമെന്ന് പറയാനുള്ള അവകാശം മറ്റുള്ളവര്‍ക്ക് നല്‍കരുത്. നിങ്ങള്‍ സംസാരിച്ചുതുടങ്ങിയാല്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും” പ്രിയങ്ക പറഞ്ഞു.
Post Your Comments