ന്യൂഡൽഹി : ഹിമാചലിനെ പഞ്ചാബുമായി ബന്ധിപ്പിക്കുന്ന, 100 കോടി രൂപയുടെ പാലം തകർന്നുവീണ സംഭവം നിർമ്മാണത്തിലെ ക്രമക്കേടെന്ന് സൂചന. 15 വർഷം മുൻപു ദേശീയ കാർഷിക വികസന ബാങ്കിന്റെ (നബാർഡ്) സഹായത്തോടെ നിർമിച്ച പാലമാണിത്. ഹിമാചൽപ്രദേശിലെ ചമ്പ പട്ടണത്തെ പഞ്ചാബിലെ പഠാൻകോട്ടുമായി ബന്ധിപ്പിക്കുന്ന പാലമാണ് ഇത്.
2005ല്‍ മുഖ്യമന്ത്രി വീരഭദ്ര സിങ്ങാണ് ഉദ്ഘാടനം ചെയ്തത്. നിർമാണ സാമഗ്രികളുടെ നിലവാരക്കുറവോ രൂപരേഖയിലെ അപാകതയോ തകർച്ചയ്ക്കു കാരണമാകാമെന്നു കലക്ടർ പറഞ്ഞു. പാലത്തിന്റെ രൂപരേഖയെക്കുറിച്ച് അന്നേ വിമർശനം ഉയർന്നിരുന്നു. പാലം തകരുമ്പോൾ ഒരു മോട്ടോർ സൈക്കിളും കാറും മിനി ട്രക്കും പാലത്തിലുണ്ടായിരുന്നു.
മോട്ടോര്‍ സൈക്കിൾ നദിയിലേക്ക് വീണു. ഇതിലുണ്ടായിരുന്നവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട സമയത്തു കൂടുതൽ വാഹനങ്ങൾ പാലത്തിൽ ഇല്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി. സംഭവത്തിൽ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു.
Post Your Comments