ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ മാറാരോഗമായി മലിനീകരണം മാറുന്നെന്ന് റിപ്പോർട്ട്. പുതിയ റിപ്പോർട്ട് പ്രകാരം ലോകത്തിൽതന്നെ ഏറ്റവും കൂടുതൽ മലിനീകരണ മരണങ്ങൾ നടക്കുന്ന രാജ്യമാണ് ഇന്ത്യ. ഇങ്ങനെ മരിക്കുന്നവരിൽ ഏറെയും അടിസ്ഥാന, മധ്യവർഗങ്ങളിൽപ്പെട്ട ആളുകളാണ്.
ഇന്ത്യയാണ് 2015ൽ വായു, വെള്ളം തുടങ്ങിയ മേഖലകളിൽ ഏറ്റവുമധികം മലിനീകരണമുണ്ടായ രാജ്യം.ആ വർഷം 25 ലക്ഷത്തിലധികം പേർ മലിനീകരണത്താൽ രാജ്യത്ത് കൊല്ലപ്പെട്ടിട്ടുണ്ടെന്നും ലാൻസെറ്റ് ജേർണൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ന്യൂഡൽഹി ഐഐടി, യുഎസിലെ ഐകാൻ സ്കൂൾ ഓഫ് മെഡിസിൻ എന്നിവർ ചേർന്നായിരുന്നു പഠനം.
മിക്കവരെയും മരണത്തിലേക്കു നയിച്ചത് ഹൃദ്രോഗങ്ങൾ, സ്ട്രോക്ക്, ശ്വാസകോശ കാൻസർ, ക്രോണിക് ഒബ്സ്ട്രക്ടീവ് പൾമണറി ഡിസീസ് (സിഒപിഡി) തുടങ്ങിയവയാണ്. 2015ൽ ലോകത്താകെ 65 ലക്ഷം മരണങ്ങൾക്കു വായു മലിനീകരണം കാരണമായപ്പോൾ, ജല മലിനീകരണം 18 ലക്ഷം പേരുടെയും ജോലിസ്ഥലത്തെ മലിനീകരണം എട്ടു ലക്ഷം പേരുടെയും ജീവനെടുത്തു. 92 ശതമാനം ഇത്തരം മരണങ്ങളും നടക്കുന്നത് വികസനവും വരുമാനവും കുറഞ്ഞ രാജ്യങ്ങളിലാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
Post Your Comments