ബീജിങ്: പുതിയ പരിഷ്കരണങ്ങളുടെ സൂചന നല്കി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 19ാം കോണ്‍ഗ്രസിന് ബീജിങ്ങില്‍ തുടക്കമായി. ചൈനയെ ആധുനിക സോഷ്യലിസ്റ്റ് രാജ്യമാക്കി മാറ്റുമെന്ന് പ്രസിഡന്റ് ഷീ ജിന്‍പിങ് പാര്‍ട്ടി കോണ്‍ഗ്രസില്‍ വ്യക്തമാക്കി.
പ്രസിഡന്റ് ഷീ ജിങ്പിങിന്റെ കരുത്തുതെളിയിക്കല് എന്നു വിശേഷിപ്പിക്കപ്പെടുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ രാജ്യത്തിന്റെ സോഷ്യലിസ്റ്റ് ആധുനികവല്‍ക്കരണത്തിനായി പ്രസിഡന്റ് പുതിയ പദ്ധതി വിവരിച്ചു. വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ സാമ്പത്തിക നയം കൂടുതല്‍ ഉദാരമാക്കും. സാമ്പത്തിക പരിഷ്കരണ നടപടികള്‍ വിപുലമാക്കും.
ലോകത്തോട് തുറന്ന സമീപനം സ്വീകരിക്കുമ്പോഴും മറ്റു രാജ്യങ്ങളിലെ രാഷ്ട്രീയ സംവിധാനങ്ങളെ ഒരിക്കലും പകര്ത്തില്ലെന്നും ഷി ജിന്‍പിങ് വ്യക്തമാക്കി. അഴിമതിയോടു പാര്‍ട്ടിയിലും ഭരണതലത്തിലും ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. പേരെടുത്തുപറയാതെ ടിബറ്റ് , ഹോങ്കോങ് എന്നിവിടങ്ങളിലെ വിഘടനവാദത്തെ വിമര്‍ഷിച്ച ഷീ ആവശ്യമെങ്കില്‍ ബലം പ്രയോഗിക്കുമെന്നും വ്യക്തമാക്കി.
സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള തായ്വാന്റെ ആവശ്യവും പ്രസിഡന്റ് നിരാകരിച്ചു. രണ്ടായിരത്തിലേറെ പ്രതിനിധികള്‍ പങ്കെടുക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് 24 നു സമാപിക്കും.ഷീ ജിങ്പിങ് തന്നെ നേതൃസ്ഥാനത്ത് തുടരുമെങ്കിലും പൊളിറ്റ്ബ്യൂറോയില്‍ പുതിയ മുഖങ്ങളുണ്ടാകും എന്നാണ് സൂചന.
Post Your Comments