KeralaLatest NewsNews

ജനാലയുടെ ചില്ല് നെഞ്ചില്‍ തുളച്ചു കയറി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കറുകച്ചാല്‍: പൊട്ടിയ ജനാലയുടെ ചില്ല് നെഞ്ചില്‍ തുളച്ചു കയറി വീട്ടമ്മ മരിച്ചു. തിങ്കളാഴ്ച രാത്രി 7.30 മണിയോടെയാണ് സംഭവം. പൊട്ടിയ ചില്ല് കഷണങ്ങള്‍ ചൂലിന്റെ പിടി ഉപയോഗിച്ചു തട്ടിയപ്പോള്‍ നെഞ്ചില്‍ തുളച്ചു കയറിയാണ് മരണം. സംഭവത്തില്‍ അസ്വഭാവിക മരണത്തിനു വാകത്താനം പോലീസ് കേസെടുത്തു. വാകത്താനം നല്ലൂര്‍ക്കടവ് താഴത്തെ വീട്ടില്‍ സുരേഷ് കുമാറിന്റെ ഭാര്യ സീമ സുരേഷ്(33) ആണ് മരിച്ചത്.

ചില്ല് തറച്ചു കയറി വലതു നെഞ്ചില്‍ ആഴത്തിലുണ്ടായ മുറിവില്‍നിന്നു രക്തം വാര്‍ന്ന് സീമയെ കോട്ടയം മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഒരു വര്‍ഷം മുമ്പാണ് സുരേഷ് പുതിയ വീട് നിര്‍മിച്ചത്. സുഹൃത്തായ കാടമുറി കുളത്തുങ്കല്‍ മാത്യു ചാക്കോ (മോനിച്ചന്‍-45)എന്ന കരാറുകാരനാണ് വീടു പണിതത്. വീട് നിര്‍മ്മിച്ച വകയില്‍ ഇയാള്‍ക്ക് 50,000 രൂപ സുരേഷ് നല്‍കാനുണ്ടെന്നു പറഞ്ഞ് തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ മദ്യപിച്ചെത്തിയ മോനിച്ചന്‍ ബഹളം വെക്കുകയും വീടിനു മുന്നിലെ ജനാലയുടെ ചില്ല് കല്ലുകൊണ്ടിടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു.

വീട്ടിലെത്തി ബഹളം വച്ചതിനും നാശം വരുത്തിയതിനും മോനിച്ചനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇതിനിടെ പൊട്ടിയ ചില്ല് കഷണങ്ങള്‍ സീമ ചൂലുപയോഗിച്ച്‌ വാരി മാറ്റുന്നതിനിടെ ജനാലയില്‍ ഉറച്ചിരുന്ന കഷണം തെറിച്ച്‌ നെഞ്ചില്‍ തുളച്ചു കയറുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ചങ്ങനാശേരി ഡിവൈഎസ്പി ആര്‍.ശ്രീകുമാര്‍, വാകത്താനം സിഐ പി.വി.മനോജ് കുമാര്‍, എസ്‌ഐ സിബി തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തു പരിശോധന നടത്തി.

shortlink

Post Your Comments


Back to top button