കോഴിക്കോട്:ഡിജിപി ഹേമചന്ദ്രന്റെ കത്ത് സോളാര്‍ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് തെളിയിക്കുന്നതായി കെ.പി.സി.സി അധ്യക്ഷന്‍ എം.എം.ഹസൻ.ഇതോടെ തങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയെന്ന് തെളിഞ്ഞിരിക്കുകയാണെന്നും, ഉദ്യോഗസ്ഥരോട് പ്രതികാര നടപടിയുണ്ടാകുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടത് സര്‍ക്കാരാണെന്നും എംഎം ഹസന്‍ കൂട്ടിചേര്‍ത്തു.
സോളാര്‍ കമ്മീഷൻ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങൾ ആരോപണവിധേയരായവരെ പോലും അറിയിക്കാതെ കേസ് ചാര്‍ജ് ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തന്നെ ഇത് രാഷ്ട്രീയ പ്രേരിതമാണെന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിന് എന്തിനാണ് സര്‍ക്കാര്‍ മടിക്കുന്നതെന്നും, ഇത് മറച്ചുവെയ്ക്കുന്നുവെങ്കില്‍ അതിനര്‍ത്ഥം ഈ റിപ്പോര്‍ട്ടിലില്ലാത്ത കാര്യങ്ങളുടെ പേരിലായിരിക്കും കേസ് ചാര്‍ജ് ചെയ്യാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ അതൃപ്തി തുറന്ന് പറഞ്ഞുകൊണ്ടാണ് ഇന്ന് ആഭ്യന്തര സെക്രട്ടറിയ്ക്കും, ഡിജിപിയ്ക്കും അന്വേഷണ സംഘതലവനായിരുന്ന ഡിജിപി ഹേമചന്ദ്രന്‍ കത്ത് നല്‍കിയത്.കേസുകളിലെ കോട്ടവും നേട്ടവും വിലയിരുത്തേണ്ടത് കോടതികളാണെന്നും, തന്റെ നേതൃത്വത്തിലുള്ള അന്വേഷണം പൂര്‍ണമായും ശരിയായിരുന്നുവെന്നും അദ്ദേഹം കത്തില്‍ പറയുന്നു.എന്നാൽ ഇപ്പോൾ നടക്കുന്നത് ചില ഗൂഢാലോചനയുടെ ബാക്കിപത്രങ്ങളാണെന്നും കത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്.
Post Your Comments