ജയ്പുര്‍: അന്താരാഷ്ട്ര എയര്‍പോര്‍ട്ട് കൗണ്‍സലിന്റെ പട്ടികയിലെ ആദ്യ സ്ഥാനങ്ങള്‍ ഇന്ത്യന്‍ വിമാനത്താവളങ്ങള്‍ സ്വന്തമാക്കി. ജയ്പുര്‍, ശ്രീനഗര്‍ എന്നീ വിമാനത്താവളങ്ങളാണ് പട്ടികയിലെ ആദ്യ സ്ഥാനങ്ങളില്‍ എത്തിയത്. ലോകത്തെ ഏറ്റവും മികച്ച ചെറിയ വിമാനത്താവളങ്ങളുടെ പട്ടികയാണ് അന്താരാഷ്ട്ര എയര്‍പോര്‍ട്ട് കൗണ്‍സില്‍ പ്രസിദ്ധീകരിച്ചത്.
ഒന്നാം സ്ഥാനം ജയ്പുരും രണ്ടാം സ്ഥാനം ശ്രീനഗറുമാണ് ഈ പട്ടിക പ്രകാരം കരസ്ഥമാക്കിയിരിക്കുന്നത്. 2-5 ദശലക്ഷം യാത്രക്കാര്‍ പ്രതിവര്‍ഷം യാത്ര ചെയുന്ന വിമാനത്താവളങ്ങളാണ് പട്ടികയില്‍ ഇടം നേടിയത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ജയപുര്‍ ഈ നേട്ടം സ്വന്തമാക്കിയത്.
വ്യോമയാന വ്യവസായത്തിന്റെ ഏറ്റവും അഭിമാനകരമായ അംഗീകാരങ്ങളാണ് എയര്‍പോര്‍ട്ട് സര്‍വീസ് ക്വാളിറ്റി (ASQ) അവാര്‍ഡുകള്‍. വിമാനത്താവളത്തിലെ പ്രവേശനം, ചെക്ക്-ഇന്‍, സെക്യൂരിറ്റി സ്‌ക്രീനിംഗ്, റെസ്റ്റ് റൂമുകള്‍, സ്റ്റോറുകള്‍, റസ്റ്റോറന്റുകള്‍ എന്നിവയുള്‍പ്പെടെ 34 പ്രധാന പ്രകടന സൂചകങ്ങളെ അടിസ്ഥാനമാക്കി നടത്തുന്ന സര്‍വേയുടെ ഫലമായിട്ടാണ് പട്ടിക പ്രസിദ്ധീകരിക്കുന്നത്.
ഓരോ വിമാനത്താവളവും ഇതേ രീതിയിലാണ് സര്‍വ്വേ നടത്തുന്നത്. ലോകവ്യാപകമായി മറ്റു വിമാനത്താവളങ്ങളുമായി താരതമ്യം ചെയ്യാന്‍ കഴിയുന്ന സംവിധാനമായിട്ടാണ് ഈ പട്ടിക അറിയപ്പെടുന്നത്.
Post Your Comments