KeralaLatest NewsNews

കേരളത്തില്‍ കോണ്‍ഗ്രസ് ദുര്‍ബലമായാല്‍ ബി.ജെ.പി ശക്തിപ്പെടുമെന്നു സി.പി.എം മുഖപത്രത്തില്‍ ലേഖനം

 

കോട്ടയം: കേരളത്തില്‍ കോണ്‍ഗ്രസ് ദുര്‍ബലമായാല്‍ ബി.ജെ.പി ശക്തിപ്പെടുമെന്നു സി.പി.എം മുഖപത്രത്തില്‍ ലേഖനം. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി ഹിന്ദുസ്ഥാന്‍ ടൈംസ് പത്രത്തിലെഴുതിയ ലേഖനം ദേശാഭിമാനി മലയാളത്തിലാക്കി പുനപ്രസിദ്ധീകരിച്ചപ്പോഴാണു കോണ്‍ഗ്രസിന്റെ ശക്തികുറയുന്നതിലെ ആശങ്കയായി പുറത്തു വന്നത്. ബി.ജെ.പിയെ ചെറുക്കാന്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി സഹകരിക്കണമെന്ന ബംഗാള്‍ ഘടകത്തിന്റെ നിര്‍ദേശം സി.പി.എം പൊളിറ്റ്ബ്യൂറോ തള്ളിക്കളഞ്ഞ ദിവസം തന്നെയാണു പാര്‍ട്ടി മുഖപത്രം ഈ ലേഖനം പ്രസിദ്ധീകരിച്ചതെന്നതും കൗതുകം. ഒറിജിനല്‍ ലേഖനത്തിലെ, സി.പി.എമ്മിനെ വിമര്‍ശിക്കുന്ന ഭാഗങ്ങള്‍ ദേശാഭിമാനിയുടെ മൊഴിമാറ്റത്തില്‍ ഒഴിവാക്കി എന്നതും ശ്രദ്ധേയമാണ്.

അക്രമരാഷ്ട്രീയത്തിന്റെ പേരില്‍ സി.പി.എമ്മിനെ കുറ്റപ്പെടുത്തുന്ന ഭാഗം മൊഴിമാറ്റത്തില്‍ അപ്രത്യക്ഷമായി. ‘കേരളത്തില്‍ ഇടതുപക്ഷവും ആര്‍.എസ.എസും വര്‍ഷങ്ങളായി പരസ്പരം രക്തരൂക്ഷിതമായ പോരാട്ടത്തിലാണ്. ഇപ്പോള്‍ ഇടതുപക്ഷം അധികാരത്തിലെത്തിയതോടെ അക്രമം ഏകപക്ഷീയമായി. ഇടതുപക്ഷവും കോണ്‍ഗ്രസും മാത്രമെന്ന ദ്വന്ദ്വരാഷ്ട്രീയം കേരളത്തിലെ വോട്ടര്‍മാരില്‍, പ്രത്യേകിച്ചു യുവാക്കളില്‍ ഒരു പരിധി വരെ മടുപ്പുണ്ടാക്കിയിട്ടുണ്ട്’ തുടങ്ങിയ ഒറിജിനലിലെ പരാമര്‍ശങ്ങളും തര്‍ജമയില്‍ കാണാനില്ലാത്തത്.

ഇംഗ്ലിഷ് പത്രത്തിലെ പ്രതിവാര പംക്തിയില്‍ രാജ്ദീപ് സര്‍ദേശായി കഴിഞ്ഞ ദിവസം എഴുതിയ A hardline Hindutva line will not work for the BJP in Kerala, they need a Narayana Guru (തീവ്രഹിന്ദുത്വ ലൈന്‍ കേരളത്തില്‍ നടക്കില്ല, കേരളത്തിനു വേണ്ടതൊരു ശ്രീനാരായണഗുരു) എന്ന ലേഖനമാണ് ദേശാഭിമാനി ‘കേരള ജലാശയം താമര വിരിയാന്‍ പാകമായിട്ടില്ല’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ചത്. കേരളത്തിന്റെ ചരിത്രവും രാഷ്ട്രീയ സാമൂഹിക പശ്ചാത്തലവും ചൂണ്ടിക്കാട്ടി, അനുകൂല സാഹചര്യങ്ങളുണ്ടായിട്ടും കേരളത്തില്‍ ബി ജെ പിക്കു വളരാന്‍ കഴിയാതെ പോയതു ധ്രുവീകരണ രാഷ്ട്രീയത്തിന്റെ പരിമിതിയാണെന്നാണു ലേഖനത്തില്‍ അദ്ദേഹം അഭിപ്രായപ്പെടുന്നത്.

ശ്രീനാരായണഗുരുവിനെപ്പോലുള്ള നവോത്ഥാന നായകരുടെ സാന്നിധ്യവും മതരാഷ്ട്രീയത്തിനു തടയിട്ടതായും ലേഖനം വിശദീകരിക്കുന്നുണ്ട്. കേരളത്തില്‍ ബിജെപി ശക്തിപ്പെടാനുള്ള സാധ്യതകളെക്കുറിച്ചു പറഞ്ഞാണു ലേഖനം അവസാനിക്കുന്നത്. മുസ്ലിം യുവാക്കള്‍ തീവ്രവല്‍ക്കരിക്കപ്പെട്ടാല്‍, രാഷ്ട്രീയ അക്രമങ്ങള്‍ തടയുന്നതില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍, ചുറുചുറുക്കും കെട്ടുറപ്പുമില്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് തുടര്‍ന്നാല്‍, ബിജെപിക്കു കേരളത്തില്‍ ഭാവിയുണ്ട്, രാജ്ദീപ് ലേഖനത്തിനൊടുവില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button