കോഴിക്കോട് ; ഓര്‍ഡര്‍ ചെയ്ത മട്ടൻ ബിരിയാണി ഇല്ലെന്ന് അറിയിച്ച വെയ്റ്റർക്ക് സീരിയൽ നടിയുടെയും സംഘത്തിന്റെയും ക്രൂര മർദ്ദനം. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചോടെ കോഴിക്കോട് റഹ്മത്ത് ഹോട്ടലിലാണ് സംഭവം. തൃശുര് കുന്നം കുളം പൂനഞ്ചേരി വീട്ടില്‍ അനു ജൂബി (23) നടിയുടെ സുഹൃത്തുക്കളായ മംഗലാപുരം ബന്തര്‍ സോണ്ടിഹത്തലു സ്വദേശിനി മുനീസ (21) എറണാകുളം പാലാരിവട്ടം ആലിഞ്ഞല മൂട്ടില് നവാസ്, പുവാട്ടുപറമ്പ് സ്വദേശി എന്നിവരാണ് ഇയാളെ മർദിക്കുകയും ഹോട്ടലില്‍ അരമണിക്കുറോളം ബഹളമുണ്ടാക്കുകയും ചെയ്തത്. ഇവരെ ടൗൺ പോലീസ് അറ്സ്റ്റ് ചെയ്തു.
ഹോട്ടലില്‍ എത്തിയ ഇവർ മട്ടണ്‍ ബിരിയാണി ഓർഡർ ചെയ്തു. മട്ടണ്‍ ബിരിയാണി തീര്‍ന്നുപോയെന്ന് വെയിറ്റര്‍ അറിയിച്ചതോടെ സ്ത്രീ ഉള്‍പ്പെടെയുള്ളവര്‍ ക്ഷോഭിക്കുകയും സീരിയൽ നടിയും മുനീസയും ചേർന്ന് ഹോട്ടല്‍ ജീവനക്കാരനെ മർദിക്കുകയും ചെയ്തു. ഈ സമയം സമീപം ഭക്ഷണം കഴിച്ച് കൊണ്ടിരുന്ന അബൂബക്കർ റഷാദ് പ്രശ്നത്തില്‍ ഇടപെട്ടതോടെ സംഘം ഇദ്ദേഹത്തെ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തു. തുടർന്ന് ഹോട്ടൽ ഉടമ വിവരം അറിയിച്ചതിനെ തുടർന്ന് എത്തിയ ടൗണ്‍ പോലീസ് നാല് പേരെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇതില്‍ ഒരാള്‍ മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയിൽ തെളിഞ്ഞു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
Post Your Comments