തിരുവനന്തപുരം : സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമരത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ തീരുമാനിച്ച ശമ്പള ഘടന നടപ്പാക്കാനാവില്ലെന്നു മാനേജ്മെന്റുകള്‍. ജൂലൈ 10നു മന്ത്രിമാരുടെ സാന്നിധ്യത്തില്‍ തീരുമാനിച്ച ഇതര ജീവനക്കാരുടെ ശമ്പള വര്‍ധനയും അവര്‍ തള്ളിക്കളഞ്ഞു.
നിലവിലെ ശമ്പളത്തില്‍നിന്നു 40% വര്‍ധനയും ബത്തയും നല്‍കാമെന്നാണ് അവരുടെ നിലപാട്. മുഖ്യമന്ത്രി പ്രഖ്യപിച്ച ശമ്പളം നടപ്പായില്ലെങ്കില്‍ പണിമുടക്ക് ആരംഭിക്കാനുള്ള തീരുമാനത്തിലാണു നഴ്സുമാരുടെ സംഘടനകള്‍. കഴിഞ്ഞ അഞ്ചിനു ചേര്‍ന്ന മിനിമം വേജസ് കമ്മിറ്റിയില്‍ സിഐടിയു ഉള്‍പ്പെടെയുള്ള സംഘടനകള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നിര്‍ദേശിച്ചതിനെക്കാള്‍ ഉയര്‍ന്ന ശമ്പളം ആവശ്യപ്പെട്ടതാണു മുന്‍ സമീപനങ്ങള്‍ തള്ളിക്കളയാന്‍ മാനേജ്മെന്റുകളെ പ്രേരിപ്പിച്ചത്. അന്നത്തെ യോഗത്തില്‍ തീരുമാനം എടുക്കാതെ പിരിഞ്ഞു. തുടര്‍ന്നാണ് അഭിപ്രായം അറിയിക്കാന്‍ മാനേജ്മെന്റുകളോടു ലേബര്‍ കമ്മിഷണര്‍ കെ.ബിജു ആവശ്യപ്പെട്ടത്.
മന്ത്രിമാരുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ അടിസ്ഥാന ജീവനക്കാര്‍ക്കു 15,200 രൂപ, നഴ്സിന് 17,200 രൂപ, നഴ്സിങ് അസിസ്റ്റന്റിന് 16,800 രൂപ എന്ന രീതിയില്‍ 171 തസ്തികകളെക്കുറിച്ചും ധാരണയില്‍ എത്തി. ഇതനുസരിച്ചു നിലവിലെ ശമ്പളത്തില്‍ 60% വര്‍ധനയുണ്ടാകും. എന്നാല്‍ നഴ്സുമാരുടെ ശമ്പളം നിര്‍ണയിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ ശുപാര്‍ശകള്‍ നടപ്പാക്കണമെന്നു നഴ്സുമാരുടെ സംഘടനാ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. മാനേജ്മെന്റുകള്‍ ഇതു നിരാകരിച്ചതോടെയാണു നഴ്സുമാര്‍ സമരത്തിനിറങ്ങിയത്.
സമരം ഒഴിവാക്കാന്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചു. 50 കിടക്കകള്‍ വരെയുള്ള ആശുപത്രികളിലെ നഴ്സുമാര്‍ക്ക് 20,000 രൂപ ശമ്പളം നല്കുമെന്നു പിണറായി വിജയന് പ്രഖ്യാപിച്ചു. കൂടുതല്‍ കിടക്കകളുള്ള ആശുപത്രികളിലെ ശമ്പളം നിര്‍ണയിക്കാന്‍ കമ്മിറ്റിയെ നിയോഗിച്ചു. ഈ കമ്മിറ്റിയും സുപ്രീംകോടതി സമിതിയുടെ ശമ്പളഘടനയാണു ശുപാര്‍ശ ചെയ്തത്.
പിന്നീടു നടന്ന മിനിമം വേജസ് കമ്മിറ്റി യോഗത്തില്‍ സിഐടിയു ഉള്‍പ്പെടെയുള്ള സംഘടനകള്‍ ധാരണകള്‍ക്കു മുകളിലുള്ള ശമ്പളനിരക്ക് ആവശ്യപ്പെട്ടു. അടിസ്ഥാന ജീവനക്കാര്‍ക്കു 18,000 രൂപയും നഴ്സുമാരുടെ കുറഞ്ഞ ശമ്പളം 22,000 രൂപയും ബത്തയും നല്‍കണമെന്ന ഇവരുടെ വാദത്തെത്തുടര്‍ന്നു ചര്‍ച്ച പൊളിഞ്ഞു. 19നു ചേരുന്ന മിനിമം വേജസ് കമ്മിറ്റി മാനേജ്മെന്റിന്റെ കത്തു ചര്‍ച്ച ചെയ്യും. ഇതില്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ വിഷയം മിനിമം വേജസ് അഡൈ്വസറി കമ്മിറ്റിക്കു വിടും.
Post Your Comments