ന്യൂഡല്‍ഹി: മുംബൈ-ഗോവ പാതയില്‍ അവതരിപ്പിച്ച തേജസ് എക്സ്പ്രസിലെ 26 യാത്രക്കാരുടെ ആരോഗ്യനില മോശമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിനു പിന്നില്‍ ഭക്ഷ്യവിഷബാധയല്ലെന്ന് റിപ്പോർട്ട്. എസി കോച്ചില്‍ രണ്ടു കുട്ടികള്‍ ഛര്‍ദിച്ചതിനെ തുടര്‍ന്നു മറ്റുള്ളവര്‍ക്കും ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നെന്നാണ് റെയില്‍വേ നിയോഗിച്ച അന്വേഷണ കമ്മിഷൻ റിപ്പോർട്ട് നൽകിയിരിക്കുന്നത്.
ഹിമാചല്‍ പ്രദേശില്‍നിന്നുള്ള വിനോദസഞ്ചാര സംഘത്തിലെ രണ്ടു കുട്ടികള്‍ക്കാണ് ആദ്യം ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇവർ എസി കോച്ചിൽ ഛര്‍ദിച്ചു. ഇതിന്റെ ദുര്‍ഗന്ധത്തില്‍ മറ്റുള്ളവര്‍ക്കും അസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നുവെന്നും ഇത്തരം മോശം വായു ശ്വസിച്ച് കോച്ചിലൂടെ കടന്നുപോയവരാണ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടതെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, കോല്‍ക്കത്തയില്‍നിന്നുള്ള ഒരു സംഘവും അസ്വസ്ഥത അനുഭവപ്പെട്ടതായി പരാതിപ്പെട്ടെങ്കിലും ഇവരുടെ ടൂര്‍ മാനേജര്‍ ഇതു നിഷേധിച്ചു.
Post Your Comments