കൊച്ചി: അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയതിന് ബിഇഒ ഹിന്‍ജിസ് ഗില്‍നെറ്റ് ബോട്ടിന് 1.15 ലക്ഷം രൂപ പിഴ ചുമത്തിയതായി ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ എസ്. മഹേഷ് അറിയിച്ചു. ബോട്ടിന്റെ രജിസ്‌ട്രേഷന്‍, ലൈസന്‍സ് എന്നിവയും റദ്ദാക്കി. ഇന്ത്യന്‍ ഓഷ്യന്‍ ട്യൂണ കമ്മീഷന്റെ നിയമവിരുദ്ധ പട്ടികയില്‍ ഉള്‍പ്പെട്ടതും ഇന്ത്യന്‍ നേവി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നതുമായ ബോട്ടാണിത്. കന്യാകുമാരി തുത്തൂര്‍ സ്വദേശി പി. നസിയാന്‍സിന്റെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്. ഒക്‌ടോബര്‍ ഒമ്പതിന് രാത്രി 9.30ന് തോപ്പുംപടി ഫിഷിംഗ് ഹാര്‍ബറില്‍ വച്ച് ബോട്ടുകളുടെ ലൈസന്‍സ് പരിശോധനക്കിടെ ഐസ് നിറച്ച് മത്സ്യബന്ധനത്തിന് പുറപ്പെടാനൊരുങ്ങുമ്പോഴാണ് ബോട്ട് വൈപ്പിന്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ എസ്.ഐ രാജീവ് കണ്ടെത്തി കസ്റ്റഡിയിലെടുത്തത്.
സമുദ്രാതിര്‍ത്തിയില്‍ ലൈസന്‍സില്ലാതെ നിരോധിത മത്സ്യബന്ധന മാര്‍ഗ്ഗങ്ങളുപയോഗിച്ച് മത്സ്യബന്ധനം നടത്തിയതിന് ഇന്ത്യന്‍ ഓഷ്യന്‍ ട്യൂണ കമ്മീഷന്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള യാനമാണ് ബിഇഒ ഹിന്‍ജിസ്. ഈ ബോട്ട് പിടിച്ചെടുക്കാന്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവുണ്ട്. തെളിവ് നശിപ്പിക്കുന്നതിനായി ആരോഗ്യഅണ്ണൈ എന്ന് പേരു മാറ്റിയാണ് ബോട്ട് പ്രവര്‍ത്തിപ്പിച്ചിരുന്നത്. എഞ്ചിനും മാറ്റിയിരുന്നു. ഫിഷിംഗ് ലൈസന്‍സിന്റെ കാലാവധി കഴിഞ്ഞ എല്ലാ മത്സ്യബന്ധനബോട്ടുകളുടേയും ഇന്‍ബോര്‍ഡ് വള്ളങ്ങളുടേയും പരമ്പാരഗത ഒ.ബി.എം. ഘടിപ്പിച്ച വള്ളങ്ങളുടേയും ലൈസന്‍സ് എത്രയും വേഗം പുതുക്കേണ്ടതാണെന്ന് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു
. ലൈസന്‍സ് പുതുക്കുന്നതിനായി യാനം പരിശോധനക്കായി ഹാജരാക്കണം. പുതുതായി മത്സ്യബന്ധനയാനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസാന തിയ്യതി ഈ മാസം 20 ആണ്. ഇതിനുള്ളില്‍ നീറ്റിലിറക്കിയ മത്സ്യബന്ധനയാനങ്ങള്‍ മാത്രമേ പരിശോധനയ്ക്ക് വിധേയമാക്കുകയുള്ളൂ. രജിസ്‌ട്രേഷനും ലൈസന്‍സിനും വേണ്ടി ഭൗതികപരിശോധനയ്ക്ക് ഹാജരാക്കുന്ന യാനങ്ങളില്‍ മതിയായ നിലവാരത്തിലുള്ള ലൈഫ് ബോയ, ലൈഫ് ജാക്കറ്റ്, എന്നിവ തൊഴിലാളികളുടെ എണ്ണത്തിന് ആനുപാതികമായി ഉണ്ടായിരിക്കണം. ബോട്ടില്‍ ഫയര്‍ ഫൈറ്റിംഗ് ഉപകരണങ്ങള്‍, കമ്മ്യൂണിക്കേഷന്‍, നാവിഗേഷന്‍ ഉപകരണങ്ങള്‍ എന്നിവയും വേണം. നിശ്ചിത യോഗ്യതയില്ലാത്ത യാനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നല്‍കുകയോ ലൈസന്‍സ് പുതുക്കി നല്‍കുകയോ ചെയ്യില്ലെന്ന് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
Post Your Comments