
കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായതോടെ റിലീസ് പ്രതിസന്ധി നേരിട്ട ചിത്രമാണ് രാമലീല. നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്ത ചിത്രം ടോമിച്ചന്‍ മുളകുപാടമാണ് നിര്‍മ്മിച്ചത്. നടന്‍ അറസ്റ്റിലായ ദിവസങ്ങളില്‍ ജനരോഷം ആളികത്തുകയും നടനെതിരെ ആരാധകര്‍ തിരിയുകയും ചെയ്തിരുന്നു. രാമലീല ബഹിഷ്കരിക്കണമെന്നും പ്രദര്‍ശിപ്പിക്കുന്ന തിയേറ്റര്‍ കത്തിക്കണമെന്നും വരെ ആഹ്വാനം ഉയര്‍ന്ന സാഹചര്യമുണ്ടായി. ഇതിനെ തുടര്‍ന്ന് ഒരുകൂട്ടം ആളുകളുടെ പ്രയത്നമാണെന്നും നവാഗതനായ സംവിധായകനൊപ്പം നില്‍ക്കണമെന്നും വാദങ്ങള്‍ ഉയരുകയും സിനിമാരംഗത്ത് നിന്ന് നിരവധി ആളുകള്‍ ചിത്രത്തിന് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. അതില്‍ ഏറ്റവും ശ്രദ്ധേയമായത് ദിലീപിന്റെ മുന്‍ഭാര്യ കൂടിയായ നടി മഞ്ജു വാര്യര്‍ നല്‍കിയ പിന്തുണയായിരുന്നു. ഫെയ്സ്ബുക്കില്‍ കൂടിയായിരുന്നു മഞ്ജുവിന്റെ പ്രതികരണം. തന്റെ പുതിയ ചിത്രമായ ഉദാഹരണം സുജാതയയ്ക്കൊപ്പം റിലീസ് ചെയ്യുന്ന രാമലീലയ്ക്കും നിങ്ങള്‍ പിന്തുണ നല്‍കണമെന്ന് ഫേസ് ബുക്ക് കുറിപ്പിലൂടെ മഞ്ജു ആവശ്യപ്പെട്ടു.
നടിയ്ക്കെതിരെ അതിക്രമം നടന്ന സാഹചര്യത്തില്‍ മലയാള സിനിമയില്‍ ആരംഭിച്ച വനിതാ കൂട്ടായ്മയായ വിമെന്‍ ഇന്‍ സിനിമാ കളക്ടീവിലെ അംഗങ്ങളില്‍ ഒരാളായിരുന്നു മഞ്ജു. വനിതാ കൂട്ടായ്മയിലെ മറ്റു അംഗങ്ങളൊന്നും രാമലീലയ്ക്ക് പരസ്യമായി പിന്തുണ നല്‍കാതിരുന്നപ്പോഴായിരുന്നു മഞ്ജുവിന്റെ പിന്തുണ. അതുകൊണ്ട് തന്നെ സംഘടനയില്‍ ഭിന്നതഉണ്ടെന്നുള്ള വാര്‍ത്തകള്‍ പുറത്തുവന്നു. എന്നാല്‍ താന്‍ എന്തുകൊണ്ട് രാമലീലയ്ക്ക് പിന്തുണ നല്‍കിയെന്ന് വ്യക്തമാക്കുകയാണ് മഞ്ജു. ഒരു വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു മനസ്സ് തുറന്നത്.
‘ഞാന്‍ ആ പോസ്റ്റില്‍ പറഞ്ഞ കാര്യം തന്നെയാണ് ഇപ്പോഴും പറയുന്നത്. സിനിമ എന്നാല്‍ ഒരു കൂട്ടായ്മയാണ്. നല്ല സിനിമകള്‍ വിജയിക്കുക എന്നത് മലയാള സിനിമ ഇന്‍ഡസ്ട്രിയുടെ ആവശ്യമാണ്. ഞാന്‍ അഭിനയിച്ച ഉദാഹരണം സുജാതയും അതെ ഒരു ടീം വര്‍ക്കാണ്. എല്ലാ സിനിമയ്ക്കും അത് അര്‍ഹിക്കുന്ന അംഗീകാരം കിട്ടണം എന്നാണ് എന്റെ ആഗ്രഹം. സിനിമയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തി എന്ന നിലയില്‍ എന്റെ ആഗ്രഹവും അതു തന്നെയാണ്. നല്ല ഉദ്ദേശത്തോടുകൂടി തന്നെയാണ് ഞാന്‍ രാമലീലയ്ക്ക് പിന്തുണ നല്‍കിയത്’- മഞ്ജു പറഞ്ഞു.
Post Your Comments