കോഴിക്കോട്: ചുമയ്ക്കു നല്‍കിയ മരുന്ന് വീണ് കുട്ടിയുടെയും അമ്മയുടെയും സ്വര്‍ണാഭരണത്തിന്റെ നിറംമങ്ങിയെന്ന വാര്‍ത്ത വസ്തുതാവിരുദ്ധമെന്ന് ശാസ്ത്രരംഗത്തെ വിദഗ്ധര്‍. വാര്‍ത്തയില്‍ പറയുന്നതുപോലെ കഫ് സിറപ്പില്‍ സ്വര്‍ണത്തെ വരെ ദഹിപ്പിക്കാന്‍ ശേഷിയുന്ന മാരകമായ വിഷം അടങ്ങിയിട്ടുണ്ടെങ്കില്‍ അതു കഴിച്ച കുട്ടി ജീവിച്ചിരിക്കില്ലായിരുന്നുവെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ഹൈഡ്രോക്ലോറിക് ആസിഡും നൈട്രിക് ആസിഡും ചേര്‍ത്തുണ്ടാക്കുന്ന അക്വാറീജിയ എന്ന മിശ്രിതത്തിനു മാത്രമേ സ്വര്‍ണത്തെ അലിയിപ്പിക്കാന്‍ കഴിയൂ എന്നിരിക്കെയാണ് ഒരു സാധാരണ കഫ് സിറപ്പ് സ്വര്‍ണത്തെ അലിയിച്ചു എന്ന തരത്തില്‍ വാര്‍ത്ത പ്രചരിക്കുന്നതെന്ന് ശാസ്ത്ര സാങ്കേതിക വിഷയങ്ങളിലൂന്നിയുള്ള ടെലിവിഷന്‍ പരിപാടികള്‍ അവതരിപ്പിക്കുന്ന അഭിഷ് ജോസ് അമ്പാട്ട് ചൂണ്ടിക്കാട്ടുന്നു.
അക്വാറീജിയ മിശ്രിതത്തിന് 100 മില്ലിയ്ക്ക് ആയിരം രൂപയിലേറെയാണ് വില. വാര്‍ത്തയില്‍ പറയുന്ന കഫ്സിറപ്പിന് 100 മില്ലിയ്ക്ക് 75 രൂപയാണ് വിലയെന്നിരിക്കെ അതില്‍ ഇത്രയേറെ വിലയുള്ള കെമിക്കല്‍ ചേര്‍ത്തുവെന്ന വാദം നിലനില്‍ക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
സ്വര്‍ണം വളരെ കുറച്ചുമാത്രം റിയാക്ട് ചെയ്യുന്ന മെറ്റല്‍ ആണ്. ഒറ്റയ്ക്ക് ഒരു ആസിഡിനും സ്വര്‍ണത്തെ ദഹിപ്പിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറയുന്നു.
വാര്‍ത്തയില്‍ പറയുന്ന കഫ് സിറപ്പില്‍ ഹൈഡ്രോ ക്ലോറിക് ആസിഡ് അടങ്ങിയിട്ടുണ്ട്. നമ്മുടെ ശരീരത്തില്‍ ദഹനത്തിന് സഹായിക്കുന്ന ഒന്നാണിത്. അതുകൊണ്ടുതന്നെ അതിന്റെ അളവ് കൂടിയാല്‍ മാത്രമേ അത് ശരീരത്തിന് ദോഷകരമായി ബാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറയുന്നു. കുഞ്ഞിനു നല്‍കിയ ചുമമരുന്നിന്റെ തുള്ളി വീണ് കുഞ്ഞിന്റെ ബ്രെയ്സ്ലറ്റ്, അമ്മയുടെ മാല എന്നിവയുടെ സ്വര്‍ണനിറം മണിക്കൂറുകള്‍ക്കുള്ളില്‍ വെള്ളി പോലെയായി എന്നായിരുന്നു വാര്‍ത്ത വന്നത്.
Post Your Comments