Latest NewsKeralaNewsLife Style

എങ്ങനെ ഫലപ്രദമായി കൈകഴുകാം; ലോക കൈകഴുകല്‍ ദിനത്തില്‍ അറിയേണ്ടത്

തിരുവനന്തപുരം•നമ്മളെല്ലാവരും കൈകഴുകാറുണ്ടെങ്കിലും ഫലപ്രദമായി കൈകഴുകാത്തത് കൊണ്ട് വളരെ ഗുരുരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് സംഭവിക്കുന്നത്. ഒക്‌ടോബര്‍ 15 ലോക കൈകഴുകല്‍ ദിനത്തില്‍ (Global Hand Washing Day) 20 സെക്കന്റിനുള്ളില്‍ സോപ്പുപയോഗിച്ച് ഫലപ്രദമായി കൈകഴുകാനുള്ള 8 കാര്യങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. ഇങ്ങനെ സോപ്പുപയോഗിച്ച് കൈകഴുകുന്നതിലൂടെ അണുബാധ പകരുന്നത് വളരെയധികം നിയന്ത്രിക്കാന്‍ സാധിക്കും. ശ്വാസകേശം, ഉദരം, കണ്ണ്, തൊക്ക് എന്നിവയിലുണ്ടാകുന്ന അണുബാധകള്‍ ഉദാഹരണമാണ്. ന്യൂമോണിയ, വയറിളക്കം, ചെങ്കണ്ണ് വിവിധതരം ത്വക്ക് രോഗങ്ങള്‍ തുടങ്ങിയവ വളരെയധികം കുറയ്ക്കുവാന്‍ ഇതിലൂടെ സാധിക്കും. ഇതില്‍ ഏറ്റവും പ്രധാന്യമര്‍ഹിക്കുന്നത് ആശുപത്രിയില്‍ അഡ്മിറ്റായതിന് ശേഷമുണ്ടാകുന്ന അണുബാധയാണ് (Multi Drug Resistant). ഇങ്ങനെയുള്ള അണുബാധ എല്ലാ ആന്റി ബയോട്ടിക്കിനേയും പ്രിരോധിക്കുന്നതാണ്. മാത്രമല്ല ഇത് ചികിത്സിക്കുന്നത് അത്യധികം ചെലവേറിയതുമാണ്. പലപ്പോഴും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്. സോപ്പും വെള്ളവും കൊണ്ട് 20 സെക്കന്റ് കൊണ്ട് ഫലപ്രദമായി കൈകഴുകലിലൂടെ ഇതെല്ലാം വളരെയധികം കുറയ്ക്കാവുന്നതാണ്.

വെള്ളം കൊണ്ട് മാത്രം കഴുകിയാല്‍ കൈകള്‍ ശുദ്ധമാകുകയില്ല. അതിനാല്‍ സോപ്പ് കൊണ്ട് കൈ കഴുകുന്നതാണ് ഏറ്റവും ചെലവു കുറഞ്ഞ മാര്‍ഗം. അഴുക്കിനേയും എണ്ണയേയും കഴുകിക്കളഞ്ഞ് രോഗാണുക്കളെ നശിപ്പിക്കാന്‍ ഇതിലൂടെ കഴിയുന്നു. കുട്ടികളെ ചെറിയ പ്രായത്തില്‍ മുതല്‍ ഫലപ്രദമായി കൈകഴുകുന്ന വിധം പഠിപ്പിക്കേണ്ടതുണ്ട്.

ഫലപ്രദമായി കൈ കഴുകാനുള്ള 8 മാര്‍ഗങ്ങള്‍

1. ആദ്യം ഉള്ളംകൈ രണ്ടും സോപ്പുയോഗിച്ച് നന്നായി പതപ്പിച്ച് തേയ്ക്കുക
2. പുറംകൈ രണ്ടും മാറിമാറി തേയ്ക്കുക
3. കൈ വിരലുകള്‍ക്കിടകള്‍ തേയ്ക്കുക
4. തള്ളവിരലുകള്‍ തേയ്ക്കുക
5. നഖങ്ങള്‍ ഉരയ്ക്കുക
6. വിരലുകളുടെ പുറക് വശം തേയ്ക്കുക
7. കൈക്കുഴ ഉരയ്ക്കുക
8. നന്നായി വെള്ളം ഒഴിച്ച് കഴുകി കൈ തുടയ്ക്കുക.

ലോക കൈകഴുകല്‍ ദിനത്തോടനുബന്ധിച്ച് മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ക്ക് അവബോധ പരിപാടി സംഘടിപ്പിച്ചു. 3 തലത്തിലാണ് ഈ ശില്‍പശാല സംഘടിപ്പിച്ചത്. 20 സെക്കന്റിനുള്ളില്‍ ചെയ്യാവുന്ന 8 ഘട്ടങ്ങളിലുള്ള ഫലപ്രദമായ കൈകഴുകലിനെപ്പറ്റി പരിശീലനവും നല്‍കി. ഇത് കൂടാതെ മെഡിക്കല്‍ കോളേജ് ആശുപത്രി, എസ്.എ.ടി. ആശുപത്രി, എസ്.എസ.്ബി. തുടങ്ങിയ സ്ഥലങ്ങളിലെ എല്ലാ അത്യാഹിത വിഭാഗങ്ങള്‍, വാര്‍ഡുകള്‍, ഓപ്പറേഷന്‍ തീയറ്ററുകള്‍, ഐ.സി.യു.കള്‍ എന്നിവിടങ്ങളിലെ വാഷിംഗ് ഏരിയയില്‍ ഇതിന്റെ സചിത്ര പോസ്റ്ററുകള്‍ ഒട്ടിച്ചു. ഓരോ തവണ ജീവനക്കാര്‍ കൈകഴുകുമ്പോഴും 8 ഘട്ടങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ച് ചെയ്യാവുന്നതാണ്.

പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു പരിപാടി ഉദ്ഘാടനം ചെയ്തു. ന്യൂറോളജി വിഭാഗം മേധാവി ഡോ. തോമസ് ഐപ്പ്, നെഫ്രോളജി വിഭാഗം മേധാവി ഡോ. ജേക്കബ് ജോര്‍ജ്, ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം മേധാവി ഡോ. കൃഷ്ണദാസ്, ഇന്‍ഫെഷ്യസ് ഡിസീസ് മേധാവി ഡോ. അരവിന്ദ്, ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം അസോ പ്രൊഫസര്‍ ഡോ. ശ്രീജയ, നഴ്‌സിംഗ് കോളേജ് അസി. പ്രൊഫസര്‍ ഡോ. ആശ എസ്. കുമാര്‍, അസി. പ്രൊഫസര്‍ ബീന കോശി, നഴ്‌സിംഗ് ഓഫീസര്‍ ബി ഉദയറാണി എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button