ജിദ്ദ: സൗദിയില്‍ ഇന്ധന വില വര്‍ധിക്കുന്ന തിയ്യതി ഈ മാസം പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ധന-വൈദ്യുതി നിരക്കുകള്‍ എണ്‍പത് ശതമാനം വരെ വര്‍ധിപ്പിക്കാനാണ് നീക്കം. പാവപ്പെട്ട സ്വദേശികളെ ബാധിക്കാത്ത രൂപത്തിലായിരിക്കും വര്‍ധന. സൗദിയില്‍ ഇന്ധന-വൈദ്യുദി നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. നിലവില്‍ ഇവയ്ക്ക് നല്‍കിവരുന്ന സബ്‌സിഡി എടുത്തു കളയുന്നതോടെ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും.
പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുന്ന തിയ്യതി ഈ മാസാവസാനത്തോടെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കുറഞ്ഞ വരുമാനക്കാരായ സ്വദേശികളെ ബാധിക്കാത്ത രൂപത്തിലായിരിക്കും നിരക്ക് കൊണ്ടുവരിക. ഇവര്‍ക്ക് സബ്‌സിഡി ബാങ്ക് അക്കൗണ്ട് വഴി വിതരണം ചെയ്യാനാണ് പദ്ധതി. ഇന്ധനവില 80 ശതമാനം വരെ വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട്.
നിലവില്‍ സാധാരണ പെട്രോള്‍ ലിറ്ററിന് എഴുപത്തിയഞ്ച് ഹലാല എന്നത് ഒരു റിയാല്‍ മുപ്പത്തിയഞ്ചു ഹലാലയായി വര്‍ധിക്കും. ലിറ്ററിന് തൊണ്ണൂറു ഹലാലയുള്ള മുന്തിയ ഇനം പെട്രോളിന്റെ വില ഒരു റിയാല്‍ അറുപത്തിരണ്ടു ഹലാലയായും വര്‍ധിക്കും. നിലവില്‍ പത്ത് റിയാലിന് ലഭിക്കുന്ന പെട്രോളിന് പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നാല്‍ പതിനെട്ടു റിയാല്‍ നല്‍കേണ്ടി വരും.
വെനിസ്വെല കഴിഞ്ഞാല്‍ ലോകത്ത് ഇന്ധനവില ഏറ്റവും കുറഞ്ഞ രാജ്യമാണ് സൗദിഅറേബ്യ. യു.എ.ഇ, ഒമാന്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ അടുത്ത കാലത്ത് ഇന്ധനവില ഉയര്‍ത്തിയിരുന്നു. സബ്‌സിഡിയിനത്തില്‍ സൗദി അറേബ്യ 40,100 കോടി റിയാല്‍ ചെലവഴിക്കുന്നതായാണ് ഐ.എം.എഫിന്റെ കണക്ക്. ഇതില്‍ 32,250 കോടി പെട്രോളിനും 3750 കോടി പ്രകൃതിവാതകത്തിനുമാണ്.
Post Your Comments