തിരുവനന്തപുരം : സോളാര്‍ കേസുകളിലെ തുടരന്വേഷണം ഏറ്റെടുക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കു വൈമനസ്യം. സംഘത്തലവനായ ഉത്തരമേഖലാ ഡിജിപി: രാജേഷ് ദിവാനും ഐജി ദിനേന്ദ്ര കശ്യപും അന്വേഷണത്തില്‍ താല്‍പര്യമില്ലെന്ന് ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചതായാണു വിവരം. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവു ലഭിക്കുന്നതോടെ അന്വേഷണത്തിന്റെ നടപടി ആരംഭിക്കുമെന്നു ഡിജിപി: ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.
രാജേഷ് ദിവാന്‍ അടുത്ത ഏപ്രിലില്‍ വിരമിക്കും. അതിനു മുന്‍പായി ഈ കേസുകളുടെ അന്വേഷണം എങ്ങുമെത്തില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. അക്കാര്യം അദ്ദേഹം ഉന്നതരെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഉത്തരവു കിട്ടിയിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സോളര്‍ തട്ടിപ്പും അന്വേഷണവും നടക്കുമ്പോള്‍ ദിനേന്ദ്ര കശ്യപ് സിബിഐയില്‍ ഡപ്യൂട്ടേഷനിലായിരുന്നു. അതിനാല്‍ ഈ വിഷയം ഒന്നും തനിക്കറിയില്ലെന്ന് അദ്ദേഹവും മേലുദ്യോഗസ്ഥരോടു പറഞ്ഞിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഇവരെ തന്നെ നിലനിര്‍ത്തി ഉത്തരവിറക്കിയാല്‍ ഇവര്‍ തന്നെ അന്വേഷണ മേല്‍നോട്ടം ഏറ്റെടുക്കേണ്ടി വരും. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൂടി അന്വേഷണം വരുന്നതിനാലാണ് ഇവര്‍ താല്‍പര്യം കാണിക്കാത്തതെന്നു പറയപ്പെടുന്നു.
അതേസമയം, അന്വേഷണത്തിന്റെ സര്‍ക്കാര്‍ ഉത്തരവു പുറത്തിറങ്ങിയാല്‍ ഉടന്‍ പ്രത്യേക സംഘത്തിന്റെ യോഗം ചേരുമെന്നു ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. നേരത്തെയുള്ള പ്രത്യേക സംഘം ഓരോ കേസിലും ഏതുവരെ അന്വേഷണം നടത്തി, പാളിച്ചയുണ്ടോ എന്നെല്ലാം പരിശോധിക്കേണ്ടതുണ്ട്. സര്‍ക്കാര്‍ ഇപ്പോള്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തില്‍ ഏവരും മികച്ച ഉദ്യോഗസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments