KeralaLatest NewsNews

പഞ്ചിംഗിന് പുതിയ സംവിധാനം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ : ഇനി മുതല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ വൈകി എത്തലും നേരത്തെ ഇറങ്ങലും പറ്റില്ല :

 

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളിലെ മെല്ലെപോക്ക് നയത്തിന് തടയിടാന്‍ സര്‍ക്കാര്‍ രംഗത്ത്. സര്‍ക്കാര്‍ ഓഫീസുകളില്‍ ഇനി ആധാര്‍ പഞ്ചിങ് വരുന്നു . തുടര്‍ച്ചയായി വൈകിയെത്തുന്നതും നേരത്തെ ഇറങ്ങുന്നതും അവധിയായി കണക്കാക്കാനും ഔദ്യോഗിക കാര്യങ്ങള്‍ക്കായി മറ്റു ഓഫീസുകളില്‍ പോകുന്ന ജീവനക്കാര്‍ക്ക് അവിടെയും ഹാജര്‍ രേഖപ്പെടുത്താന്‍ കഴിയുന്ന സംവിധാനമാണ് ഒരുക്കുന്നത്. ആദ്യഘട്ടത്തില്‍

5250 ജീവനക്കാരുള്ള സെക്രട്ടേറിയറ്റിലാണ് നടപ്പാക്കുക. സര്‍ക്കാര്‍ ഓഫിസുകളില്‍ ഇലക്ട്രോണിക് പഞ്ചിങ് സംവിധാനമുണ്ടെങ്കിലും ഹാജര്‍ നിരീക്ഷിക്കാന്‍ മാത്രമാണ് ഇതുപയോഗിക്കുന്നത്. ശമ്പളവിതരണ സോഫ്ഫ്റ്റ് വെയറായ സ്പാര്‍ക്കുമായി പഞ്ചിങ് ബന്ധപ്പെടുത്താത്തതിനാല്‍ വൈകിയെത്തുന്നതും നേരത്തെ ഇറങ്ങുന്നതോ ജീവനക്കാരെ ബാധിക്കാറില്ല. പഞ്ചിങ് രേഖപ്പെടുത്തിയ ശേഷം ഹാജര്‍ റജിസ്റ്ററിലും ഒപ്പിടുന്ന രീതിയുമുണ്ട്. ഈ ഹാജര്‍ ബുക്കിന്റെ അടിസ്ഥാനത്തിലാണ് അവധി നിര്‍ണയിക്കുക. മേലുദ്യോഗസ്ഥന്റെ കാരുണ്യമുണ്ടെങ്കില്‍ ഒപ്പിടലില്‍ ഇളവും ലഭിക്കും. എന്നാല്‍, സ്പാര്‍ക്കുമായി ബന്ധിപ്പിച്ചുള്ള ആധാര്‍ അധിഷ്ഠിത പഞ്ചിങ് വരുന്നതോടെ മുങ്ങല്‍ എളുപ്പമാകില്ല.

ആധാര്‍ പഞ്ചിങ്ങുമായി ബന്ധപ്പെട്ട് വിശദ പദ്ധതിരേഖ സമര്‍പ്പിക്കാന്‍ നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിനോട് ഐടി വകുപ്പ് ആവശ്യപ്പെട്ടു. വിരലടയാളം രേഖപ്പെടുത്തുന്ന പുതിയ ബയോമെട്രിക് പഞ്ചിങ് മെഷീനുകള്‍ കെല്‍ട്രോണ്‍ വഴി വാങ്ങും. കേന്ദ്രസര്‍ക്കാരിന്റെ ഒട്ടേറെ ഓഫീസുകളില്‍ എന്‍ഐസി നടപ്പാക്കിയ പഞ്ചിങ് സോഫ്റ്റ്‌വെയര്‍ തന്നെയാകും സംസ്ഥാനത്തും ഉപയോഗിക്കുക. ആധാര്‍ ഡേറ്റാബേസുമായി ബന്ധിപ്പിക്കുകയും വേണം. പരിഷ്‌കാരത്തിനു മുന്നോടിയായി സ്പാര്‍ക്കിനെ ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ്‌വെയറിലേക്കു മാറ്റുന്ന പ്രവൃത്തി വൈകാതെ ആരംഭിക്കും. സംസ്ഥാനത്തെ എല്ലാ ട്രഷറികളിലും പഞ്ചിങ് ഉടന്‍ നടപ്പാക്കാന്‍ ട്രഷറി വകുപ്പും തീരുമാനിച്ചിട്ടുണ്ട്.

മൂന്നുദിവസം തുടര്‍ച്ചയായി ഒരു മണിക്കൂര്‍ വൈകിയെത്തുകയോ, നേരത്തെ പോകുകയോ ചെയ്താല്‍ ഒരു ദിവസത്തെ അവധിയായി രേഖപ്പെടുത്തും. മറ്റ് ഓഫീസുകളില്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കു പോകുന്ന ജീവനക്കാര്‍ അവിടെ പഞ്ച് ചെയ്താല്‍ മതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button