തിരുവനന്തപുരം•കേരളത്തില്‍ എല്‍.ഡി.എഫിനെ അധികാര ഭ്രഷ്ടമാക്കി ബി.ജെ.പി ഭരണം കൊണ്ടുവരാമെന്ന മോഹം കേരള ജനതയ്‌ക്ക് ജീവനുള്ള കാലത്തോളം നടപ്പില്ലെന്ന് സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു.
വേണ്ടിവന്നാല്‍ വിമോചന സമരം നടത്തുമെന്ന് അഭിപ്രായപ്പെട്ട ബി.ജെ പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ തനിക്കയച്ച തുറന്ന കത്തിന് മറുപടി നല്‍കുകയായിരുന്നു കോടിയേരി. ജനങ്ങളുടെ വിശ്വാസം നാള്‍ക്കുനാള്‍ കൂടുതല്‍ നേടി എല്‍.ഡി.എഫ് സര്‍ക്കാര്‍ കരുത്തോടെ മുന്നോട്ടു പോകുകയാണ്. പിണറായി സര്‍ക്കാര്‍ ഇന്ത്യയ്‌ക്ക് പുതിയ ദിശാബോധം നല്‍കുന്ന രാഷ്‌ട്രീയ ശക്തിയാണ്. ഈ സര്‍ക്കാരിനേയും സി.പി.ഐ (എം)നേയും എല്‍.ഡി.എഫിനേയും ബി.ജെ.പി ഭയക്കുകയാണ്. ജനരക്ഷായാത്രയെ സി.പി.ഐ (എം) ഭയക്കുന്നൂവെന്ന കുമ്മനത്തിന്റെ കണ്ടുപിടുത്തം ഈ ആണ്ടിലെ വലിയ തമാശയാണ്.
ജാതി-മത വേര്‍തിരിവുണ്ടാക്കുന്ന ഒരു വാക്കുപോലും ജനരക്ഷായാത്രയില്‍ ഇതുവരെ ഉണ്ടായില്ലായെന്ന കുമ്മനത്തിന്റ സാക്ഷി പറച്ചില്‍ പെരുംകള്ളമാണ്. ഇത്തരം അസത്യപ്രചാരണം കൊണ്ട് ബി.ജെ.പിയുടെ വര്‍ഗ്ഗീയ വിഷനാവ് മറച്ചുവെയ്‌ക്കാനാവില്ല. മുസ്ലീം സമൂദായത്തെ ശത്രുവായി പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രസംഗങ്ങളുടെ ഘോഷയാത്രയാണ് നാട് കേള്‍ക്കുന്നത്. മലപ്പുറം ജില്ലയെ കേന്ദ്രമാക്കി കേരളത്തെ മുസ്ലീം സംസ്ഥാനമാക്കി മാറ്റാന്‍ ശ്രമിക്കുന്നുവെന്നാണ് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് എറണാകുളത്ത് ബുധനാഴ്‌ച പ്രസംഗിച്ചത്. ഇത് നഗ്നമായ വര്‍ഗ്ഗീയതയാണ്. മുസ്ലീംങ്ങള്‍ക്ക് മാത്രമല്ല, മതനിരപേക്ഷ കേരളത്തേയും അത് ഉറപ്പിക്കുന്ന എല്‍.ഡി.എഫ് ഭരണത്തേയും അപകീര്‍ത്തിപ്പെടുത്താനുള്ള സംഘടിതവും ഗൂഢവുമായ യജ്ഞമാണ് ബി.ജെ.പി ജാഥയിലൂടെ നടത്തുന്നത്. മുസ്ലീംങ്ങള്‍ക്കെതിരെ മാത്രമല്ല, ക്രിസ്‌ത്യാനികള്‍ക്കും കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരേയും കല്ലുവെച്ച നുണകള്‍ കേന്ദ്രമന്ത്രിമാരും ഇതര സംസ്ഥാന മുഖ്യമന്ത്രിമാരും ഇവിടെ വന്ന് പറഞ്ഞു പരത്തുകയാണ്.
കേരളത്തില്‍ മതതീവ്രവാദ പ്രവര്‍ത്തനമുണ്ടെന്ന് ആഭ്യന്തര മന്ത്രിയായിരിക്കെ ഞാന്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് കുമ്മനം ചൂണ്ടിക്കാട്ടിയതിനോട് വിയോജിപ്പില്ല. ആര്‍.എസ്.എസ്സും എന്‍.ഡി.എഫും എന്‍.ഡി.എഫിന്റെ പുതുരൂപങ്ങളായ സംഘടനകളും പ്രവര്‍ത്തിക്കുന്നതിനാല്‍ മതതീവ്രവാദ പ്രവര്‍ത്തനത്തെ നിഷേധിക്കാനാവില്ല. ന്യൂനപക്ഷ സമുദായങ്ങളുടെ പേരില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക സ്റ്റേറ്റ് ഉള്‍പ്പെടെയുള്ള സംഘടനകളുടെ ഭീകരവാദത്തേയും സി.പി.ഐ (എം) അനുകൂലിക്കുന്നില്ല. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ജനാധിപത്യവിരുദ്ധ ചെയ്‌തികളേയും ഭരണകൂട ഭീകരപ്രവര്‍ത്തനങ്ങളേയും അവ ലോകത്തിന് വരുത്തിയ വിനകളേയും കമ്മ്യൂണിസ്റ്റുകാര്‍ എണ്ണിയെണ്ണി വിവരിക്കുന്നുണ്ട്. എസ്.ഡി.പി.ഐക്കാരുടെ കൊലക്കത്തിക്ക് വിധേയരായി നിരവധി സി.പി.ഐ (എം) കാര്‍ കൊലചെയ്യപ്പെട്ടകാര്യം കുമ്മനത്തിന് അറിയുമോ എന്നറിയില്ല.
മതത്തിന്റെ മറവില്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തുന്ന ശക്തികളെ നേരിടാന്‍ കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ കരുത്തുള്ള നടപടികളാണ് സ്വീകരിക്കുന്നത്. മത വര്‍ഗ്ഗീയതയെ നിറം നോക്കാതെ സംസ്ഥാന സര്‍ക്കാരും എല്‍.ഡി.എഫും എതിര്‍ക്കും. മതത്തിന്റെ ലേബലില്‍ വര്‍ഗ്ഗീയ കുഴപ്പം സൃഷ്ടിക്കുന്നതില്‍ ആര്‍.എസ്.എസ്സാണ് രാജ്യത്ത് മുന്നില്‍. 1948 ല്‍ ഗാന്ധിവധം, 1992 ല്‍ ബാബറി മസ്‌ജിദ്, 2002 ല്‍ ഗുജറാത്തിലെ വംശഹത്യ ഇതിലെല്ലാം തെളിയുന്നത് സംഘപരിവാറിന്റെ അക്രമവര്‍ഗ്ഗീയ മുഖമാണെന്ന് കോടിയേരി പ്രസ്‌താവനയില്‍ ഓര്‍മ്മിപ്പിച്ചു. മതത്തിന്റെ പേരിലുള്ള ഭീകരവാദം തന്നെയാണ് ആര്‍.എസ്.എസ്സും ഉയര്‍ത്തുന്നത് എന്ന വസ്‌തുതയില്‍ നിന്നും ശ്രദ്ധ തിരിക്കാനും ന്യായീകരണം കണ്ടെത്താനുമാണ് ബി.ജെ.പി ഉദ്ദേശമെന്ന് വ്യക്തമാക്കുന്നതാണ് കുമ്മനത്തിന്റെ തുറന്ന കത്ത്. ആര്‍.എസ്.എസ്സിനേയും, എസ്.ഡി.പി.ഐ യേയും തുറന്ന് എതിര്‍ക്കുന്ന സി.പി.ഐ (എം) നെ ഉന്മൂലനം ചെയ്യുകയാണ് ബി.ജെ.പിയുടെ ഉദ്ദേശമെന്ന് ഇപ്പോഴത്തെ പ്രചരണം വ്യക്തമാക്കിയിരിക്കുകയാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു.
Post Your Comments