ഒരു സമൂല ഔഷധ വൃക്ഷമാണ് ആര്യവേപ്പ്. ഇതിന്റെ ഇല, തൊലി, വിത്ത്, തടി തുടങ്ങിയവയെല്ലാം ഔഷധവീര്യമുള്ളവയാണ്. ആയുര്‍വേദ സംഹിതകളിലെല്ലാം തന്നെ ആര്യവേപ്പിനെ പറ്റി വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഔഷധമായും ജൈവകീടനാശിനിയായും ഒരേ സമയം ഉപയോഗിക്കാം എന്ന പ്രത്യേകതയും ആര്യവേപ്പിനുണ്ട്. വൃക്ഷത്തിന്റെ ഔഷധ ഗുണങ്ങള്‍ എണ്ണമറ്റതാണ്. പ്രധാനപ്പെട്ട ചില ഔഷധ പ്രയോഗങ്ങള്‍ ഏതൊക്കെയെന്നു നോക്കാം.
ആര്യവേപ്പിലയും പച്ചമഞ്ഞളും ചേര്‍ത്ത് തിളപ്പിച്ച വെള്ളത്തില്‍ സ്ഥിരമായി കുളിച്ചാല്‍ എല്ലാവിധ ത്വക്ക് രോഗങ്ങള്‍ക്കും ശമനമുണ്ടാകും..
വേപ്പിലയ്‌ക്കൊപ്പം മൂന്നിലൊന്ന് ഭാഗം കുരുമുളകും ചേര്‍ത്ത് പുളിച്ച മോരില്‍ കലക്കി വായില്‍ കൊണ്ടാല്‍ വായ് പുണ്ണ് ശമിക്കും.
തൊലിപ്പുറത്തുണ്ടാകുന്ന അലര്‍ജി രോഗങ്ങളുടെ ചൊറിച്ചില്‍ ശമിക്കുവാന്‍ വേപ്പില കൊണ്ട് തലോടുന്നത് നല്ലതാണ്.
ആര്യവേപ്പിലയുടെ നീര് തേനുമായി സമാസമം ചാലിച്ച് മൂന്നു ദിവസം തുടര്‍ച്ചയായി സേവിച്ചാല്‍ കൃമി ശല്യത്തിന് ശമനം കിട്ടും.
ആര്യവേപ്പിന്റെ ഇലയോ പട്ടയോ കഷായമാക്കി പുരട്ടിയാല്‍ മുറിവുണങ്ങും.. ചര്‍മരോഗങ്ങള്‍ ഉള്ള ശരീരഭാഗങ്ങളില്‍ ഈ കഷായം പുരട്ടിയാല്‍ രോഗശമനമുണ്ടാകും. സ്ഥിരമായി ഉണങ്ങാത്ത മുറിവിന് ആര്യവേപ്പിന്റെ പട്ട കഷായമാക്കി കുടിക്കുന്നത് ഫലം ചെയ്യും.
വേപ്പിലനീര് 10 മില്ലി ലിറ്റര്‍ മൂന്നു നേരം കുടിച്ചാല്‍ വിശ്വാചി എന്ന വാതരോഗം ശമിക്കും.
കുരുമുളക്, ഞാവല്‍പട്ട എന്നിവയോടൊപ്പം ആര്യവേപ്പിന്റെ പഴുപ്പും ചേര്‍ത്ത് ഉണക്കിപ്പൊടിച്ച് പൂര്‍ണമായി ഒരു സ്പൂണ്‍ വെള്ളത്തില്‍ ചേര്‍ത്ത് കഴിച്ചാല്‍ വയറിളക്കം ശമിക്കും.
വിഷ ജന്തുക്കള്‍ കടിച്ചുണ്ടാകുന്ന മുറിവിന് ആര്യവേപ്പ് മികച്ച ഔഷധമാണ്. ആര്യവേപ്പിലയും കണവും അരച്ച് മുറിവില്‍ ദിവസവും രണ്ടു പ്രാവശ്യം വീതം പുരട്ടിയാല്‍ മുറിവുണങ്ങും.
പൊള്ളലേറ്റ ഭാഗത്ത് ആര്യവേപ്പില അരച്ചു പുരട്ടിയാല്‍ മുറിവ് വേഗത്തിലുണങ്ങും.
ഇടയ്‌ക്കൊക്കെ വേപ്പില അരച്ച് കുഴമ്പു രൂപത്തില്‍ സേവിക്കുന്നത് രക്തശുദ്ധിക്ക് നല്ലതാണ്.
മികച്ച അണുനാശിനിയും കീടനാശിനിയുമാണ് ആര്യവേപ്പില. പയറുവര്‍ഗ്ഗങ്ങള്‍, അണ്ടിവര്‍ഗ്ഗങ്ങള്‍ തുടങ്ങിവയ്‌ക്കൊപ്പം ആര്യവേപ്പിന്റെ ഏതാനും ഇലകള്‍ കൂടി നിക്ഷേപിച്ചാല്‍ അവയ്ക്ക് കീടബാധ ഏല്ക്കുകയില്ല. ദീര്‍ഘനാള്‍ കേടു കൂടാതെയിരിക്കും. വേപ്പിന്‍ തൈലം നല്ലൊരു കീടനാശിനിയായി ഔഷധത്തോട്ടങ്ങളില്‍ ഉപയോഗിക്കാവുന്നതാണ്. ആര്യവേപ്പിന്റെ എണ്ണ ആട്ടിയെടുത്ത ശേഷം മാറ്റുന്ന വേപ്പിന്‍ പിണ്ണാക്ക് നല്ലൊരു ജൈവ വളമാണ്. സ്ഥല സൗകര്യമുണ്ടെങ്കില്‍ ഗൃഹപരിസരത്ത് നട്ടുവളര്‍ത്താവുന്ന ഒരു വൃക്ഷമാണ് ആര്യവേപ്പ്. ആര്യവേപ്പിന്റെ ഇലകളില്‍ തട്ടിവരുന്ന കാറ്റു പോലും ഔഷധ ഗുണപ്രദമാണെന്ന കാര്യം ഓര്‍ക്കുക.
വേപ്പിന്‍ തൈലം കൈകാലുകളില്‍ പുരട്ടിയാലോ, വെള്ളവുമായി മിശ്രണം ചെയ്ത് മുറിക്കുള്ളില്‍ സന്ധ്യാസമയത്ത് ചെറുതായി സ്‌പ്രേ ചെയ്താലോ കൊതുകിന്റെ ശല്യം മാറും.
Post Your Comments