Latest NewsKeralaIndiaNews

ഹാദിയ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ഹാദിയ കേസ്​ സുപ്രീംകോടതി ഇന്ന്​ പരിഗണിക്കും. ഹാദിയ കേസില്‍ എന്‍.ഐ.എ അന്വേഷണം ആവശ്യമുണ്ടോ, ഹാദിയയും ഷെഫിന്‍ ജഹാനും തമ്മിലുള്ള വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമുണ്ടോ എന്നീ വിഷയങ്ങള്‍ സുപ്രീംകോടതി പരിശോധിക്കും. എന്‍.ഐ.എ അന്വേഷണം ആവശ്യപ്പെട്ട് ഹാദിയയുടെ അച്ഛനും, ഫാത്തിമ എന്ന നിമിഷയുടെ അമ്മയും സമര്‍പ്പിച്ച അപേക്ഷകളും കോടതിക്ക് മുന്നിലെത്തും.

ഹാദിയയുടെ മതം മാറ്റത്തിലും വിവാഹത്തിലും എന്‍.ഐ.എ അന്വേഷിക്കേണ്ട കുറ്റങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്നു സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലവും സമര്‍പ്പിച്ചിട്ടുണ്ട്. എന്‍.ഐ.എ അന്വേഷിക്കണം, കുടുംബത്തിന് സുരക്ഷ നല്‍കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു ഹാദിയയുടെ അച്ഛന്‍ അശോകന്‍ നല്‍കിയ ഹര്‍ജിയും അന്വേഷണത്തെ പിന്തുണച്ചു സമര്‍പ്പിക്കപ്പെട്ട മറ്റു ഹര്‍ജികളും കോടതിയുടെ പരിഗണനക്കെത്തും.

എന്‍.ഐ.എ അന്വേഷണം ചോദ്യം ചെയ്ത് ഹദിയയുടെ ഭര്‍ത്താവു ഷെഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിശദമായി വാദം കേള്‍ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മതം മാറി അഫ്ഗാനിസ്ഥാനിലെ ഐ. എസ് കേന്ദ്രത്തിലേക്ക് പോയി എന്ന് ആരോപിക്കപ്പെടുന്ന തിരുവനന്തപുരം സ്വദേശി നിമിഷയെന്ന ഫാത്തിമയുടെ അമ്മ ഉള്‍പ്പെടെ നല്‍കിയ മൂന്ന് കക്ഷി ചേരല്‍ ഹര്‍ജികളും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പരിഗണിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button