ശ്രീലക്ഷ്മി ഭാസ്കർ
അധികമാരും സംസാരിക്കാത്ത വിഷയമാകാം ഇത്.എന്നാൽ നമ്മിൽ ഓരോരുത്തർക്കും എപ്പോഴെങ്കിലുമൊക്കെ ഈ വിഷയത്തിൽ ആരോടെങ്കിലുമൊക്കെ ദേഷ്യം തോന്നിയിട്ടുണ്ടാകാം.യോജിക്കാൻ ആദ്യമൊരു മടി തോന്നാമെങ്കിലും ഇത് ശ്രദ്ധയർഹിക്കുന്ന വിഷയം തന്നെയെന്ന് നിങ്ങൾക്കും മനസ്സിലാകും എന്ന് ഞാൻ വിശ്വസിക്കുന്നു. ശബ്ദമലിനീകരണത്തിന്റെ കാര്യത്തിൽ മുൻനിരയിൽ നിൽക്കുന്ന, നമ്മുടെ ദൈനംദിന ജീവിതത്തിൽ സ്ഥിരമായി കാണുകയും കേൾക്കുകയും ചെയ്യുന്ന ഒന്നാണ്, വാഹന ഉപയോക്താക്കളുടെ അമിതമായ ഹോണടി.ഇരു ചക്ര വാഹനമെന്നോ മൂന്ന് ചക്ര വാഹനമെന്നോ നാലുചക്ര വാഹനമെന്നോ ഈ മത്സര ഹോണടിയിൽ വ്യത്യാസമില്ല.
സത്യത്തിൽ എന്താണ് നമ്മുടെ ആളുകൾക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത്? റോഡിലിറങ്ങിയാൽ ചെവിയിൽ പഞ്ഞി തിരുകേണ്ട അവസ്ഥയാണ് ഇപ്പോൾ സംജാതമായിക്കൊണ്ടിരിക്കുന്നത് . എന്തും ആവശ്യാനുസരണം ഉപയോഗിക്കാതെ അനാവശ്യമായി ഉപയോഗിച്ച് രസം കണ്ടെത്തുക എന്നതാണല്ലോ നമ്മൾ മലയാളികളുടെ ശീലം.
തിരക്കുകൊണ്ടല്ലേ എന്ന ഒറ്റ ചോദ്യമാവും മനസ്സിൽ വരികയെങ്കിലും അത് അത്ര നിസ്സാരമായി പറഞ്ഞു തീർക്കേണ്ട ഒന്നല്ല.ഈ ക്ഷമയില്ലായ്മയെ മനശാസ്ത്രപരമായി സമീപിച്ചാൽ തീർച്ചയായും വാഹനത്തിലെ ഹോണിൽ അനാവശ്യമായി വിരലമർത്താൻ രണ്ടാമതൊന്ന് ആലോചിക്കും. ഇത്തരം ക്ഷമയില്ലാതെയുള്ള ഹോണടി പ്രവണതയെ മനഃശാസ്ത്രപരമായി ഒബ്സസ്സീവ് കംപൽസീവ് ഡിസോർഡർ എന്ന മാനസിക പ്രശ്നമായി കണക്കാക്കണം എന്ന് അറിഞ്ഞാൽ എത്രപേർക്ക് വിശ്വസിക്കാനാകും ?
മനസ്സിന് നിയന്ത്രണമില്ലാത്ത, ക്ഷമയില്ലാത്ത,വീണ്ടും വീണ്ടും ആവർത്തിക്കാനുള്ള തോന്നൽ ഉണ്ടാകുന്ന അവസ്ഥയെ ഒബ്‌സെസ്സിവ് കംപൽസീവ് ഡിസോർഡർ എന്ന് പറയുന്നു.മനഃശാസ്ത്രം എന്ന വാക്കിനു ഭ്രാന്ത് എന്നൊരു അർഥം മാത്രം നൽകി വിളിക്കാൻ പഠിച്ചിട്ടുള്ള മലയാളികൾക്ക് ഈ അറിവ് ദഹിക്കുമോ എന്ന് എനിക്ക് സംശയം തോന്നിയാൽ അതിൽ തെറ്റില്ലെന്ന് കരുതുന്നു.ഇത് ഭ്രാന്താണെന്നല്ല എന്നാൽ ഇത് തീർച്ചയായും ഒരു മാനസികപ്രശ്നമായി കണക്കാക്കേണ്ടതുണ്ട്.
സമ്മതിച്ചാലും ഇല്ലെങ്കിലും ഒന്നാലോചിക്കു…. വഴിയാത്രക്കാരെ ഹോണടിച്ചു ഭയപ്പെടുത്തുന്ന, സിഗ്നൽ വിളക്കുകൾ പച്ചയായാൽ മുന്നിൽ നിൽക്കുന്ന യാത്രക്കാരന് സമാധാനം നൽകാതെ നിർത്താതെ ഹോണടിച്ച് അക്ഷമ പ്രകടിപ്പിക്കുന്ന ശീലത്തിന് എന്ത് മാന്യതയാണുള്ളത് ? ഇനി നിയമപരമായി ഇതിനെ സമീപിച്ചാലോ ? തെളിയുക യാത്രക്കാരുടെ അറിവില്ലായ്മയാവും. ഹെൽമെറ്റ് ഉപയോഗിക്കാത്തതിനും ലൈസൻസ് കയ്യിൽ സൂക്ഷിക്കാത്തതിനുമടക്കം പിഴയൊടുക്കുന്ന മലയാളികളിൽ എത്രപേർക്കറിയാം അമിതമായ ഹോണടിയും പിഴയൊടുക്കേണ്ടി വരുന്ന തെറ്റാണെന്ന്. ഇതിനു നല്ലൊരു തുക പിഴയയായി കണക്കാക്കുന്ന സംസ്ഥാനങ്ങളുണ്ടെന്ന് വിശദമായി അന്വേഷിച്ചാൽ മനസ്സിലാകും.മാസത്തിലൊരു ദിനം ‘നോ ഹോങ്കിംഗ് ഡേ’ ആചരിക്കുന്ന സംസ്ഥാനങ്ങളും ഉണ്ട്. കേരളത്തിലിത് എന്തുകൊണ്ടോ പ്രാബല്യത്തിൽ വന്നിട്ടില്ല.ഈ വിഷയത്തെ ഗൗരവമായി കണക്കാക്കിയിട്ടില്ല.മറ്റു ട്രാഫിക് നിയമങ്ങൾ ശക്തമാക്കുന്നത് പോലെ ഈ നിയമവും പ്രാബല്യത്തിൽ വരണമെന്ന് തന്നെയാണ് വ്യക്തിപരമായി എന്റെ ആഗ്രഹം.ഈ അഭിപ്രായത്തോട് യോജിക്കുന്ന ഒരുപാടുപേർ ഉണ്ടാക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.
എല്ലാവരും യാത്ര ചെയ്യന്നത് ഓരോ ലക്ഷ്യസ്ഥാനങ്ങൾ മുന്നിൽകണ്ടുതന്നെയാണ്. പറന്നുപോകാനുള്ള കഴിവ് ദൈവം മനുഷ്യർക്ക് തന്നിട്ടില്ലലോ.അതുകൊണ്ടുതന്നെ റോഡ് മുറിച്ചു കടക്കുന്ന ഒരു കാൽനടയാത്രക്കാരനും ,മുന്നിലെ വാഹനത്തിനും വേണ്ടി ഒരു നിമിഷം കാത്തിരിക്കുന്നതിലൂടെ നമുക്ക് ഒന്നും നഷ്ടപ്പെടാനില്ല.
Post Your Comments