മാവേലിക്കര: മരുമകളുടെ കാമുകന്റെ നേതൃത്വത്തില്‍ കൊല ചെയ്യപ്പെട്ട ഭാസ്കരകാരണവ(67)റുടെ വീടാണ് വില്‍പനയ്ക്ക് വച്ചിട്ടുള്ളത്. വയോധികന്റെ കൊലപാതകത്തെത്തുടര്‍ന്നു ശ്രദ്ധ നേടിയ ചെറിയനാട് തുരുത്തിമേല്‍ കാരണവേഴ്സ് വില്ല വില്‍പനയ്ക്ക്. അമേരിക്കയില്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്ന കാരണവര്‍ വിശ്രമജീവിതത്തിനായാണ് കുടുംബ ഓഹരി കിട്ടിയ വസ്തുവില്‍ വീട് വച്ചത്. കൊലപാതകത്തിനു ശേഷം ഇവിടെ ആരും താമസിച്ചിരുന്നില്ല. വീടിനോടൊപ്പമുള്ള ഔട്ട്ഹൗസ് വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്. ചെറിയനാട് ഗ്രാമപഞ്ചായത്തിലെ ആഡംബര വീടുകളിലൊന്നായിരുന്നു ഇത്.
2009 നവംബര്‍ ഒന്‍പതിനാണ് ഭാസ്കര കാരണവര്‍ കിടപ്പുമുറിയില്‍ കൊല ചെയ്യപ്പെട്ടത്. ഷെറിന്റെ അവിഹിത ബന്ധങ്ങളാണ് കൊലപാതകത്തിന് കാരണമായതെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. എറണാകുളം സ്വദേശിയായ അഭിഭാഷകനെയാണ് വീട് വില്‍ക്കാനായി ചുമതലപ്പെടുത്തിയിട്ടുള്ളത്. പ്രതികളെല്ലാം ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലിലാണ്. മോഷണത്തിനിടെ നടന്ന കൊലപാതകമെന്നു വരുത്തിത്തീര്‍ക്കാനായിരുന്നു ശ്രമം. എന്നാല്‍ കേസ് അന്വേഷിച്ച പോലീസ് അടുത്ത ബന്ധുക്കളുടെ സഹായം കൊലപാതകത്തിന് പിന്നിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് ഷെറിന്‍ അറസ്റ്റിലായത്.
ഈ കൊലപാതകം ആസൂത്രണം ചെയ്തതിനാണ് ഷെറിന് പിടിയിലാകുന്നത്. ഷെറിനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന പ്രതികള്‍ പണത്തിനു വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നാണ് കരുതപ്പെടുന്നത് . കാരണവരുടെ സ്വത്തുക്കള്‍ ഷെറിന്റെയും ഭര്‍ത്താവിന്റെയും പേരില്‍ എഴുതിവെക്കാത്തതിലുള്ള പ്രതികാരമായിരുന്നു അത്. ഷെറിന് ക്വട്ടേഷന്‍ സംഘാംഗങ്ങളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കാരണവര്‍ സ്വത്തുക്കള്‍ നല്‍കുന്നതില്‍നിന്ന് പിന്‍മാറിയത്.
Post Your Comments