ന്യൂഡല്‍ഹി: സ്വര്‍ണം വാങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് ഒരു ആശ്വാസ വാര്‍ത്ത. 50,000 രൂപയ്ക്ക് മുകളില്‍ സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ഇനി മുതല്‍ പാന്‍ കാര്‍ഡ് നിര്‍ബന്ധമില്ല. ചരക്കുസേവനനികുതി നടപ്പാക്കി മൂന്നാംമാസം നികുതിനിരക്കില്‍ ഇളവുകള്‍ പ്രഖ്യാപിച്ചും ചെറുകിട, ഇടത്തരം വ്യാപാരികള്‍ക്ക് നികുതിഭാരം കുറച്ചും ജി.എസ്.ടി. കൗണ്‍സില്‍. രണ്ടു ലക്ഷം രൂപയ്ക്കുവരെ സ്വര്‍ണം വാങ്ങുമ്പോള്‍ പാന്‍, ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കേണ്ടതില്ല. 50,000 രൂപയ്ക്കുമുകളില്‍ സ്വര്‍ണം വാങ്ങുമ്പോള്‍ പാന്‍, ആധാര്‍ വിവരങ്ങള്‍ വേണമെന്ന നിര്‍ദേശം തിരുത്തി ഉത്തരവ് ഉടനുണ്ടാകും.
കയര്‍ ഉള്‍പ്പെടെ 27 ഇനങ്ങളുടെ നികുതി കുറച്ചു, ഒറ്റത്തവണ നികുതിയുടെ പരിധിയില്‍ വരേണ്ട വ്യാപാരികളുടെ വാര്‍ഷികവിറ്റുവരവ് 75 ലക്ഷത്തില്‍നിന്ന് ഒരു കോടിയാക്കി ഉയര്‍ത്തി, ഒന്നരക്കോടി രൂപ വരെ വിറ്റുവരവുള്ള ചെറുകിട, ഇടത്തരം വ്യാപാരികള്‍ എല്ലാ മാസത്തിനും പകരം വര്‍ഷത്തില്‍ നാലുതവണ ജി.എസ്.ടി. റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ മതിയാകും എന്നിവയാണ് ഇന്നലെ ചേര്‍ന്ന 22-ാമത് ജി.എസ്.ടി. ഉന്നതാധികാര സമിതി യോഗം എടുത്ത പ്രധാനതീരുമാനങ്ങള്‍.
ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയുടെ അധ്യക്ഷതയിലായിരുന്നു യോഗം. റെസ്റ്റോറന്റുകള്‍ക്കു ജി.എസ്.ടി. ഏര്‍പ്പെടുത്തിയതിലെ ആശയക്കുഴപ്പം പരിഹരിക്കാന്‍ ഉപസമിതിയെയും നിയമിച്ചു. കേരളമാണ് ഈ ആവശ്യം യോഗത്തില്‍ ഉന്നയിച്ചത്. ഒരുകോടി രൂപ വരെ വിറ്റുവരവുള്ള ചെറുകിട വ്യവസായികള്‍ക്കാണ് കോമ്പൗണ്ടിങ് നികുതി. നികുതിഅടവിന്റെ നൂലാമാലകളിലൂടെ കടന്നുപോകാതെ ഒറ്റത്തവണ നികുതി അടച്ചാല്‍ മതിയാകും. വ്യാപാരികള്‍ക്ക് ഒന്നും, ഉല്പാദകര്ക്ക് രണ്ടും റെസ്റ്റോറന്റുകള്‍ക്ക് അഞ്ചും ശതമാനമാണ് ഈ ഇനത്തില്‍ നികുതി. ഒന്നരക്കോടിവരെയുള്ള ചെറുകിട, ഇടത്തരം വ്യവസായികളാണ് നികുതിദായകരില്‍ 90 ശതമാനം.
ലളിതമാകുമെന്നു പറഞ്ഞ ചരക്കുസേവനനികുതിയിലെ റിട്ടേണ്‍ സമര്‍പ്പിക്കല്‍ ഇവരെ വലച്ചിരുന്നു. എല്ലാ മാസത്തിനും പകരം മൂന്നുമാസം കൂടുമ്പോള്‍ റിട്ടേണ്‍ സമര്‍പ്പിക്കുന്നത് നികുതി ഒടുക്കല്‍ സുഗമമാക്കുമെന്നാണു പ്രതീക്ഷ. ഈ മേഖല നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാനും ഉപസമിതിയെ നിയോഗിച്ചു. ബ്രാന്‍ഡഡ് അല്ലാത്ത ആയുര്‍വേദ ഉല്‍പ്പന്നങ്ങളുടെ നികുതി പന്ത്രണ്ടില്‍ നിന്ന് അഞ്ചുശതമാനമായി കുറച്ചു. ബ്രാന്‍ഡഡ് അല്ലാത്ത മിക്സചറിനും അഞ്ചുശതമാനമാകും നികുകി.
മുന്‍സിപ്പാലിറ്റി പ്ലാസ്റ്റിക് വേയ്സ്റ്റിന് നികുതിയില്ല. വിദേശത്തുനിന്നുകൊണ്ടുവരുന്ന 5000 രൂപ വരെ വിലവരുന്ന സമ്മാനങ്ങള്‍ക്കും നികുതി ഒഴിവാക്കി. റബര്‍ വേസ്റ്റിന്റെ നികുതി 18ല്‍ നിന്ന് അഞ്ചുശതമാനവും പേപ്പര്‍ വേസ്റ്റിന്റേത് 12ല്‍നിന്ന് അഞ്ചുശതമാനവുമാക്കി കുറച്ചു.
പെട്രോളിയം ഉല്പന്നങ്ങളെ ജി.എസ്.ടിയില്‍ കൊണ്ടുവരണമെന്ന ആവശ്യം ഇന്നലെ പരിഗണിച്ചില്ല. പെട്രോളിയം ഉല്പന്നങ്ങളുടെ നികുതി ആദ്യം കേന്ദ്ര സര്‍ക്കാര്‍ കുറയ്ക്കണമെന്നും അതിനുശേഷം ജി.എസ്.ടി പരിധിയില്‍ കൊണ്ടുവരുന്നത് ആലോചിക്കാമെന്നുമാണു കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ നിലപാട്. കയറ്റുമതി വ്യാപാരികളുടെ ഇന്റഗ്രേറ്റഡ് ജി.എസ്.ടി. ആറുമാസത്തേക്ക് ഒഴിവാക്കി. കയറ്റുമതിക്കാര്‍ നേരിടുന്ന ധനലഭ്യതക്കുറവ് പരിഹരിക്കാന്‍ നികുതി റീഫണ്ട് ഒക്ടോബര്‍ 10ന് തുടങ്ങാനും തീരുമാനിച്ചു.
ദീര്‍ഘകാല പരിഹാരമെന്ന നിലയില്‍ കയറ്റുമതിക്കാര്‍ക്കായി ഇ വാലറ്റ് പദ്ധതി തുടങ്ങി നിശ്ചിത തുക മുന്‍കൂറായി നല്‍കാനും അതു പിന്നീട് നികുതിയില്‍ തട്ടിക്കിഴിച്ചശേഷം അന്തിമ റീഫണ്ട് നല്‍കാനും തീരുമാനമായി.
Post Your Comments