കോട്ടയം: കാറിലിരുന്ന് മദ്യപിക്കുന്നതിനിടെ ആളുകള്‍ തടിച്ചുകൂടിയതോടെ അമിത വേഗതയില്‍ കാറോടിച്ച് പോയ യുവാവിനേയും യുവതിയെയും ഒടുവില്‍ ഗതാഗതക്കുരുക്കില്‍ വെച്ച് പോലീസ് പിടികൂടി. കുമരകം മുതല്‍ കോട്ടയം വരെയുള്ള 14 കിലോമീറ്ററിലേറെ ദൂരത്തിലാണ് പോലീസിനെ വെട്ടിച്ച് ഇരുവരും കാറില്‍ പാഞ്ഞത്. പോലീസ് കസ്റ്റഡിയില്‍ ഇരുവരെയും വൈദ്യപരിശോധന നടത്തി. മദ്യലഹരിയില്‍ അലക്ഷ്യമായി വാഹനം ഓടിച്ചതിനാണ് യുവാവിനെതിരെ കേസെടുത്തത്.
ഏഴിടത്ത് പോലീസ് പിടികൂടാന്‍ നോക്കിയെങ്കിലും കഴിഞ്ഞില്ല. ഒടുവില്‍ ചാലുകുന്നിലെ ഗതാഗതക്കുരുക്കിലാണ് ഇരുവരെയും പിടികൂടിയത്. കാറോടിച്ചിരുന്ന അടൂര്‍ സ്വദേശി ആകാശിനെതിരെ ട്രാഫിക് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. യുവതിയെ ബന്ധുക്കളെ വിളിച്ചുവരുത്തി പറഞ്ഞയച്ചു. ഇരുവരും മദ്യലഹരിയിലായിരുന്നെന്ന് പോലീസ് പറയുന്നു.
ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. രാവിലെ കുമരകത്ത് എത്തിയ ആകാശും യുവതിയും ഹോട്ടലില്‍ താമസിച്ച ശേഷം വൈകിട്ട് നാട്ടിലേയ്ക്കു മടങ്ങുന്നതിനിടെയായിരുന്നു ‘പെട്ടത്’. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലിരുന്ന് മദ്യപിക്കുന്നതുകണ്ട് നാട്ടുകാര്‍ അടുത്തു കൂടിയതോടെ ഇവര്‍ അമിതവേഗതയില്‍ കാറോടിച്ച് പോയി. ഇല്ലിക്കലിനു സമീപത്ത് പോലീസ് കൈകാണിച്ചെങ്കിലും നിര്‍ത്തിയില്ല. ഈ വിവരം നഗരത്തിലെ ട്രാഫിക് പോലീസിനും വെസ്റ്റ് പോലീസിനും കൈമാറി. ഒടുവില്‍ ചാലുകുന്നിന് സമീപത്തെത്തിയപ്പോള്‍ കാര്‍ ഗതാഗതക്കുരുക്കില്‍ പെടുകയായിരുന്നു. ഈ സമയം പിന്നാലെ എത്തിയ പോലീസ് ഇരുവരെയും പിടികൂടി.
Post Your Comments