കൊല്ലം: രാജ്യത്തെ ഡോക്ടര്‍മാര്‍ക്ക് ആധാര്‍ മാതൃകയില്‍ ഏകീകൃത രജിസ്ട്രേഷന്‍ നമ്പർ വരുന്നു. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലാണ് യുണീക്ക് പെര്‍മനന്റ് രജിസ്ട്രേഷന്‍ നമ്പര്‍ (യു.പി.ആര്‍.എന്‍.) നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. മെഡിക്കല്‍ കൗണ്‍സില്‍ പുതുതായി നടപ്പാക്കുന്ന ഇ-ഗവേണസ് പരിപാടിയായ ഡിജിറ്റല്‍ മിഷന്‍ മോഡ് പ്രോജക്ടി(ഡി.എം.എം.പി.)ന്റെ ഭാഗമായാണ് പദ്ധതി. പദ്ധതി പ്രകാരം രാജ്യത്തെ പത്തുലക്ഷത്തോളം ഡോക്ടര്‍മാര്‍ പുതിയ സംവിധാനത്തിന് കീഴില്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടിവരും.
പുതിയ സംവിധാനത്തിലൂടെ രാജ്യത്തെ അംഗീകൃത ഡോക്ടര്‍മാരുടെ കണക്കെടുക്കാനാവും. സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്നതിനായി വ്യാജഡോക്ടർമാരെയും ഒഴിവാക്കാനാകും. ഡോക്ടര്‍മാര്‍ www.mciindia.org എന്ന വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് വ്യക്തിവിവരങ്ങളും യോഗ്യതയുടെ രേഖകളും നല്‍കി നിശ്ചിത ഫീസ് അടയ്ക്കണം. പിന്നീട് സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലില്‍ രേഖകള്‍ പരിശോധനയ്ക്കായി നേരിട്ട് എത്തിക്കണം. വിവരങ്ങള്‍ സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍ പരിശോധിച്ച് ശരിയാണെന്ന് ഉറപ്പാക്കി ഓണ്‍ലൈനില്‍ ചേർക്കാം. യു.പി.ആര്‍.എന്‍. നമ്പര്‍ നല്‍കുന്നതടക്കമുള്ള ജോലികള്‍ സിസ്റ്റം ഓട്ടോമാറ്റിക്കായി ചെയ്യും.
Post Your Comments