ന്യൂഡല്‍ഹി: വ്യോമസേനയെ ഉള്‍പ്പെടുത്തിയുള്ള ഏത് മിന്നലാക്രമണത്തിനും തങ്ങള്‍ തയ്യാറാണെന്ന് ഇന്ത്യന്‍ വ്യോമസേനാമേധാവി മാര്‍ഷല്‍ ബി.എസ്.ധനോവ. വ്യോമസേനയെ ഉള്‍പ്പെടുത്തിയുള്ള ഏതൊരു മിന്നലാക്രമണത്തിനും ഞങ്ങള്‍ തയാറാണ്. അതേസമയം, വ്യോമസേന ഉള്‍പ്പെടുന്ന മിന്നലാക്രമണം സംബന്ധിച്ച കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു. വ്യോമസേനാ ദിനത്തോട് അനുബന്ധിച്ച് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ധനോവ. എന്നാല്‍ ഇനിയൊരു മിന്നലാക്രമണത്തിനു കൂടി കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചാല്‍ പാകിസ്ഥാന്റെ ആണവശേഖരം തകര്‍ക്കുമെന്ന മുന്നറിയിപ്പും ധനോവ നല്‍കി.
ശത്രുക്കളെ കണ്ടെത്തുന്നതിനും അതിര്‍ത്തിയിലെ ഏത് സ്ഥലത്തും ആക്രമം നടത്തുന്നതിനും സേന സുസജ്ജമാണ്. അതേക്കുറിച്ച് ആശങ്ക വേണ്ടെന്നും ധനോവ കൂട്ടിച്ചേര്‍ത്തു. സമാധാന സമയത്ത് പോലും സൈനികരുടെ ജീവന്‍ നഷ്ടമാവുന്നത് ആശങ്കപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2032ഓടെ വ്യോമസേനയ്ക്ക് 42 യുദ്ധവിമാനങ്ങള്‍ കൂടി കിട്ടുമെന്നും ധനോവ പറഞ്ഞു.
ചൈനയോടും പാകിസ്ഥാനോടും ഒരുപോലെ യുദ്ധം നടത്താന്‍ വ്യോമസേന തയാറാണ്. ഏതു വെല്ലുവിളിയും ഏറ്റെടുക്കും. ചൈനയെ നേരിടാന്‍ ആവശ്യമായ കഴിവു നമുക്കുണ്ടെന്നും ധനോവ പറഞ്ഞു. ദോക് ലാ മേഖലയില്‍നിന്ന് ചൈനീസ് സേന ഇതുവരെയും പിന്‍വലിഞ്ഞിട്ടില്ല. തിബറ്റിലെ ചുംബി താഴ്വരയില്‍ ചൈനീസ് സേന ഇപ്പോഴുമുണ്ട്. അവര്‍ പിന്മാറുമെന്നാണ് പ്രതീക്ഷയെന്നും ധനോവ വ്യക്തമാക്കി. ദോക് ലായുടെ പടിഞ്ഞാറന്‍ ഭാഗത്താണ് ചുംബി താഴ് വര സ്ഥിതി ചെയ്യുന്നത്.
ചൈനയോടും പാകിസ്ഥാനോടും ഒരേസമയം യുദ്ധം ചെയ്യാന്‍ ഇന്ത്യ തയാറായിരിക്കണമെന്ന് സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ചൈനയും പാകിസ്ഥാനും പലവിധത്തില്‍ ഭീഷണി ഉയര്‍ത്തുന്നു. പാകിസ്ഥാനുമായി ഒരു വിധത്തിലും പൊരുത്തപ്പെട്ടു പോകാനാകാത്ത സ്ഥിതിയാണ്. ചൈന ക്ഷമ പരീക്ഷിച്ചുകൊണ്ടിരിക്കുന്നു. നാം കരുതലോടെയിരിക്കണം. ആണവായുധങ്ങള്‍ കയ്യിലുള്ള രാജ്യങ്ങള്‍ യുദ്ധത്തിനു മുതിരില്ലെന്നതു മിഥ്യാധാരണയാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments