മുംബൈ: രാജ്യം ഉറ്റു നോക്കുന്ന റിസര്‍വ് ബാങ്കിന്റെ പണനയം ചൊവ്വാഴ്ച ആരംഭിച്ചു. ബുധനാഴ്ചത്തെ നയപ്രഖ്യാപനത്തില്‍ റിപ്പോ നിരക്ക് ഉള്‍പ്പെടെയുള്ള പ്രധാന നിരക്കുകള്‍ കുറയ്ക്കില്ലെന്നാണ് സൂചന. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ സാമ്പത്തിക വളര്‍ച്ച 5.7 ശതമാനമായി കുറഞ്ഞ് മൂന്നു വര്‍ഷത്തെ താഴ്ചയിലെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സമ്പദ്ഘടനയില്‍ ഉണര്‍വുണ്ടാക്കാന്‍ നിരക്കുകള്‍ കുറയ്ക്കാന്‍ ആര്‍.ബി.ഐ.ക്കു മുന്നില്‍ ശക്തമായ സമ്മര്‍ദമുണ്ട്. കേന്ദ്ര സര്‍ക്കാരും വ്യവസായ കൂട്ടായ്മകളും നിരക്ക് കുറയ്ക്കണമെന്ന ആവശ്യക്കാരാണ്.
പണപ്പെരുപ്പം ഉയരുന്നതാണ് നിരക്ക് കുറയ്ക്കുന്നതില്‍ നിന്ന് ആര്‍.ബി.ഐ.യെ പിന്നോട്ടുവലിക്കുന്നത്. ചില്ലറവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഓഗസ്റ്റില്‍ 3.36 ശതമാനമായി ഉയര്‍ന്നിരുന്നു. ജൂലായില്‍ ഇത് 2.36 ശതമാനമായിരുന്നു. പഴം-പച്ചക്കറി വിലകള്‍ ഉയരുന്നതാണ് വിലക്കയറ്റത്തിന് കാരണം. ഇന്ധനവില കൂടി ഉയരുന്ന സാഹചര്യത്തില്‍ വരും മാസങ്ങളില്‍ പണപ്പെരുപ്പം ഇനിയും കൂടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ബാങ്കുകള്‍ക്ക് ആര്‍.ബി.ഐ. വായ്പ നല്‍കുമ്പോള്‍ ഈടാക്കുന്ന പലിശയായ റിപ്പോ നിരക്ക് ഓഗസ്റ്റില്‍ കാല്‍ ശതമാനം കുറച്ച് ആറു ശതമാനത്തിലെത്തിച്ചിരുന്നു. ഏഴു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്. ഇത് കാല്‍ ശതമാനം കൂടിയെങ്കിലും കുറയ്ക്കണമെന്നാണ് വ്യവസായ മേഖലയുടെ ആവശ്യം.
Post Your Comments