ദുബായ് : റോഡുകള്‍ക്ക് ചുവപ്പ് നിറം നല്‍കുന്നു. വാഹനങ്ങളുടെ വേഗം കുറയ്ക്കാനാണ് ദുബായ് ആര്‍.ടി.എയുടെ പുതിയ തീരുമാനം. എമിറേറ്റിന്റെ രാജവീഥിയായ ഷെയ്ഖ് സായിദ് റോഡിനും ചുവപ്പുനിറം നല്‍കി, വേഗപരിധി കുറയ്ക്കാന്‍ ദുബായ് റോഡ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ (ആര്‍ടിഎ) തീരുമാനിച്ചിട്ടുണ്ട്. റോഡുകളുടെ നിറം ചുവപ്പാക്കി മാറ്റി, കുറഞ്ഞ വേഗപരിധി നിര്‍ണയിച്ച മേഖലകളില്‍ ഗതാഗത നിയമലംഘനങ്ങള്‍ 78 % വരെ കുറഞ്ഞതായി ആര്‍ടിഎ എക്‌സിസിക്യൂട്ടീവ് ഡയറക്ടര്‍ മെയ്സാ ബിന്‍ അദ്ദി അറിയിച്ചു.
ഈ പശ്ചാത്തലത്തിലാണു കൂടുതല്‍ റോഡുകളില്‍ ഈ രീതി പരീക്ഷിക്കുന്നത്. ഷെയ്ഖ് സായിദ് റോഡില്‍ പരമാവധി വേഗം മണിക്കൂറില്‍ 120 കിലോമീറ്ററില്‍ നിന്നു 100 കിലോമീറ്ററായി കുറയ്ക്കും. അഞ്ചാം ഇന്റര്‍ചേഞ്ച് മുതല്‍ വേഗപരിധി മാറുന്ന ഭാഗങ്ങളില്‍ റോഡിനു ചുവപ്പ് നിറം നല്‍കി പരമാവധി വേഗം വേര്‍തിരിച്ചു കാണിക്കാനാണു തീരുമാനം. ഡ്രൈവര്‍മാര്‍ വാഹനവേഗം കുറച്ച് അമിതവേഗത്തിനു ലഭിക്കാവുന്ന ട്രാഫിക് ശിക്ഷ ഒഴിവാക്കുമെന്നാണു പ്രതീക്ഷ.
വേഗം കുറയുന്നതോടെ വാഹനാപകടങ്ങള്‍ കുറയുകയും അതുവഴി മരണസംഖ്യ കുറയുകയും ചെയ്യും. ഔദ് മെയ്സാ റോഡിലെ വേഗം മണിക്കൂറില്‍ 100 കിലോമീറ്ററില്‍നിന്ന് 80 കിലോമീറ്ററാക്കി കുറച്ചിട്ടുണ്ട്. ഈ ഭാഗങ്ങളില്‍ എത്തുമ്പോള്‍ ഡ്രൈവര്‍മാര്‍ക്കു വേഗം കുറയ്ക്കാന്‍ സാധിച്ചതിനാല്‍ നിയമലംഘനങ്ങള്‍ കുറവാണെന്ന് മെയ്സാ സൂചിപ്പിച്ചു. ജബല്‍ അലി, ലഹബാബ് റോഡിലെ വേഗം 120ല്‍ നിന്നു നൂറാക്കി ചുരുക്കി. ഇവിടെയും റോഡിനു ചുവപ്പ് നിറം നല്‍കിയാണ് ഡ്രൈവര്‍മാരുടെ ശ്രദ്ധ ക്ഷണിച്ചത്. സമാന രീതി ഷെയ്ഖ് സായിദ് റോഡിലും കൊണ്ടുവരുമെന്ന് മെയ്സ പറഞ്ഞു. വേഗം രേഖപ്പെടുത്തിയ ട്രാഫിക് ബോര്‍ഡുകള്‍ കാണുമ്പോള്‍ സഡന്‍ ബ്രേക്ക് ഇട്ടു വാഹനം നിര്‍ത്തുന്ന പ്രവണതയുണ്ട്.
റോഡില്‍ നിറം മാറ്റി വേഗപരിധി വേര്‍തിരിക്കുന്നതോടെ വാഹനം നിയന്ത്രിക്കാന്‍ മതിയായ സാവകാശം ലഭിക്കും. സഡന്‍ ബ്രേക്ക് ഉപയോഗിക്കുന്നതു മൂലം പലപ്പോഴും ഒന്നിലധികം വാഹനങ്ങള്‍ അപകടത്തില്‍പ്പെടാറുണ്ടെന്നും മെയ്സ ബിന്‍അ ദ്ദി വെളിപ്പെടുത്തി. അപകടങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന എമിറേറ്റിലെ നിരത്തുകളിലെല്ലാം ഇത്തരത്തില്‍ നിറം കൊടുക്കാനാണ് ആര്‍ ടി എ തീരുമാനം.
മരണനിരക്ക് കുറയ്ക്കുക മുഖ്യലക്ഷ്യം
വാഹനാപകട മരണനിരക്ക് കുറയ്ക്കുകയാണ് ആര്‍ടിഎ ആവിഷ്‌കരിക്കുന്ന ബഹുവിധ പദ്ധതികളുടെ മുഖ്യലക്ഷ്യമെന്നു മെയ്സ പറഞ്ഞു. ആര്‍ടിഎ നിലവില്‍ വന്ന ശേഷം അപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണം പകുതിയായി. 2006 ല്‍ അപകടങ്ങളില്‍ 336 പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.
എന്നാല്‍ 2015 ആയപ്പോഴേക്കും വാഹനാപകടങ്ങള്‍ മൂലം റോഡുകളില്‍ ജീവന്‍ പൊലിയുന്നവരുടെ നിരക്ക് 166 ആയി കുറഞ്ഞു. 2006 ല്‍ ഒരുലക്ഷം പേരില്‍ 21.7 എന്ന തോതില്‍ ആയിരുന്നു ആളുകള്‍ എമിറേറ്റിലെ റോഡുകളില്‍ മരിച്ചിരുന്നതെങ്കില്‍ കഴിഞ്ഞവര്‍ഷം ഇതു 3.5 ആയി മാറി. ഇപ്പോള്‍ ട്രാഫിക് സുരക്ഷയില്‍ ദുബായ് ലോകത്തെ അഞ്ചു നഗരങ്ങളോടൊപ്പമാണെന്ന കാര്യവും മെയ്സ എടുത്തുകാട്ടി.
Post Your Comments