ന്യൂഡല്‍ഹി: മക്കളില്‍നിന്ന് ക്രൂരത അനുഭവിക്കുന്ന മുതിര്‍ന്ന പൗരന്മാരല്ലാത്ത മാതാപിതാക്കളെ സംരക്ഷിക്കാന്‍ നിയമമില്ലെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി. മുതിര്‍ന്നപൗരന്മാരുടെ പട്ടികയില്‍ 60 വയസ്സ് തികയാത്തവരെയും ഉള്‍പ്പെടുത്തണമെന്ന ആവശ്യം 57-കാരനായ ഘന്‍ശ്യാം സിങ് റാവത്തിന്റെ ഹര്‍ജിയിലുണ്ട്. ഇതില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് കോടതി ആരാഞ്ഞു.
ആക്ടിങ് ചീഫ് ജസ്റ്റിസ് ഗിതാ മിത്തല്‍, ജസ്റ്റിസ് സി. ഹരിശങ്കര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിശോധിക്കുന്നത്. തന്റെ 34 വയസ്സുള്ള മകന്റെ ഉപദ്രവങ്ങളെത്തുടര്‍ന്നാണ് കോടതിയെ സമീപിക്കാന്‍ റാവത്ത് തീരുമാനിച്ചത്. മകന്റെ പേരിലുള്ള ആരോപണങ്ങളില്‍ നവംബര്‍ 27-നുമുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പോലീസിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന് പോലീസ് സംരക്ഷണമേര്‍പ്പെടുത്താനും കോടതി ഉത്തരവിട്ടു.
മകന്‍ ഒട്ടേറെത്തവണ സുഹൃത്തുക്കളുടെ സഹായത്തോടെ തന്നെ ഉപദ്രവിക്കാനും കൊല്ലാനും ശ്രമിച്ചിട്ടുണ്ടെന്ന് റാവത്ത് ആരോപിച്ചു. മകന് വീടും മറ്റ് സ്വത്തുക്കളും നല്‍കിയില്ലെന്നാരോപിച്ചായിരുന്നു ഇതെന്ന് അദ്ദേഹം പറയുന്നു. റാവത്ത് ആശുപത്രിയിലായിരുന്നപ്പോള്‍ മകന്‍ വീട്ടിനുള്ളില്‍ അതിക്രമിച്ചുകയറിയെന്നും ആരോപണമുണ്ട്. തനിക്ക് മകനില്‍നിന്ന് നഷ്ടപരിഹാരമൊന്നും വേണ്ടെന്നും സമാധാനത്തോടെ ജീവിക്കാന്‍ അനുവദിച്ചാല്‍ മതിയെന്നുമാണ് റാവത്തിന്റെ ആവശ്യം.
Post Your Comments