ദുബായ് : ഫ്‌ളാറ്റില്‍ ഒറ്റയ്ക്കാക്കി മാതാവ് വിദേശത്തേയ്ക്ക് പോയതില്‍ മനംനൊന്ത് പതിമൂന്നുകാരന്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഫ്‌ളാറ്റിന്റെ വാതിലടച്ച് അകത്ത് നിന്ന ശേഷം ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയ വിദ്യാര്‍ഥിയെ ഏറെ നേരത്തെ അനുനയത്തിന് ശേഷമാണ് പൊലീസ് പിന്തിരിപ്പിച്ചത്.
ജീവനൊടുക്കാന്‍ ശ്രമിക്കുന്നതറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് 13 കാരനോട് വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും സമ്മതിച്ചില്ല. ഒടുവില്‍ പൊലീസിന്റെ അനുനയത്തില്‍ ശാന്തനായ ബാലന്‍ സ്വയം വാതില്‍ തുറന്നു. തേങ്ങി കരയുന്ന കുട്ടിയെയാണ് പൊലീസ് കണ്ടത്. ബ്ലേഡ് ഉപയോഗിച്ച് കൈത്തണ്ട മുറിക്കാന്‍ ശ്രമിച്ചതായും കണ്ടെത്തി. ഫ്‌ളാറ്റിനകത്തെ മേശയും കസേരകളും മറ്റു ഫര്‍ണിച്ചറുകളുമെല്ലാം തറയിലിട്ട സ്ഥിതിയിലായിരുന്നുവെന്ന് ദുബായ് പൊലീസ് വനിതാ-ബാല സംരംക്ഷണ വിഭാഗം ഡയറക്ടര്‍ ലഫ്. കേണല്‍ സഈദ് റാഷിദ് അല്‍ ഹാലി പറഞ്ഞു.
എട്ട് മണിക്കൂര്‍ മുന്‍പ് മാതാവ് തന്നെ ഒറ്റയ്ക്കാക്കി ചികിത്സയ്ക്കായി നെതര്‍ലാന്‍ഡ്‌സിലേയ്ക്ക് പോയതാണെന്ന് കുട്ടി പൊലീസിനെ അറിയിച്ചു. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ പൊലീസിനെ വിളിച്ചോളണം എന്നാവശ്യപ്പെട്ട് ചെലവിനായി അയ്യായിരം ദിര്‍ഹവും നല്‍കിയായിരുന്നു മാതാവ് പോയത്. എന്നാല്‍, പിതാവിനെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹത്തെ തനിക്ക് കാണുന്നതേ ഇഷ്ടമല്ലെന്നായിരുന്നു മറുപടി. തന്നെ ഒട്ടും ഗൗനിക്കാത്തതും തന്റെ ആവശ്യങ്ങളൊന്നും നിറവേറ്റിത്തരാത്തയാളുമാണ് അദ്ദേഹമെന്നും കുട്ടി പറഞ്ഞു. ഇതേ തുടര്‍ന്ന് യുഎഇ സ്വദേശിയായ പിതാവുമായി പൊലീസ് ബന്ധപ്പെട്ടപ്പോള്‍, അറബ് വംശജയായ ഭാര്യയുമായി താന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ വേര്‍പിരിഞ്ഞതാണെന്നും അതില്‍പ്പിന്നെ കുട്ടിയുടെ സംരക്ഷണം അവര്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു. തന്നോടുള്ള വെറുപ്പ് മുഴുവന്‍ ഭാര്യ മകനോട് കാണിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചര്‍മ രോഗമാണ് മാതാവിനെന്നാണ് കുട്ടി പൊലീസിനെ അറിയിച്ചത്. പിതാവ് മര്‍ദിച്ച പാടുകളുണ്ടെന്നും പറഞ്ഞു. എന്താവശ്യമുണ്ടെങ്കിലും മാതാവ് ഒരിക്കലും കുട്ടിയെ ഫ്‌ളാറ്റില്‍ തനിച്ചാക്കി പോകാന്‍ പാടില്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ പിന്നീട് ഷാര്‍ജ ബാലസംരക്ഷണ കേന്ദ്രത്തിലേയ്ക്ക് മാറ്റുകയും കൗണ്‍സിലിങ് നല്‍കാന്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
Post Your Comments