Latest NewsNews Story

ലോകകപ്പ് എത്തി, മഞ്ഞപ്പടയും; ലോകകപ്പിന്റെ മന്ത്രികലഹരിയിൽ കൊച്ചി ആടിത്തിമിർക്കുമ്പോഴും മലയാളികൾക്ക് ചെറിയൊരു ദുഃഖം ബാക്കിയാകുന്നു

സുജിത്ത് ചാഴൂര്‍

ലോകകപ്പിനെ വരവേല്‍ക്കാന്‍ കൊച്ചി ഒരുങ്ങിക്കഴിഞ്ഞു. ഫിഫയുടെ ഏതെങ്കിലും ഒരു ലോകകപ്പ് ഇന്ത്യയിലേക്ക് വരുന്നത് ഇതാദ്യമായാണ്. അതില്‍ത്തന്നെ എട്ടു കളികളാണ് കൊച്ചിക്ക് കിട്ടിയിരിക്കുന്നത്. കൊച്ചിക്ക് പുറമേ ഗോവ, ഗുവാഹത്തി, കൊല്‍ക്കത്ത, നവി മുംബൈ, ഡല്‍ഹി എന്നിവിടങ്ങളാണ് മറ്റു വേദികള്‍. ഇന്ത്യയുടെ കളികള്‍ ഒന്നും തന്നെ കൊച്ചിയിലില്ല എന്ന ദുഃഖം മാത്രമേ മലയാളികള്‍ക്കുള്ളൂ.

ഒക്ടോബര്‍ 7 ശനിയാഴ്ചയാണ് കൊച്ചിയിലെ ആദ്യ മത്സരം. ആദ്യകളി തന്നെ പൊടിപാറും എന്നാണ് കാല്‍പ്പന്തുകളിപ്രേമികളുടെ പ്രതീക്ഷ. കാരണം ആദ്യ മത്സരം മൂന്നു തവണ അണ്ടര്‍ 17 ലോകകപ്പ് നേടിയ ബ്രസീലും ശക്തരായ സ്പെയിനും തമ്മിലാണ്. അന്നുതന്നെ രണ്ടാം മത്സരത്തില്‍ ദക്ഷിണ കൊറിയയും ആദ്യമായി യോഗ്യത നേടിയ നൈജറും ഏറ്റുമുട്ടും.

ഒക്ടോബര്‍ 10 ചൊവ്വാഴ്ച ആദ്യ മത്സരത്തില്‍ സ്പെയിനും നൈജറും രണ്ടാം മത്സരത്തില്‍ കൊറിയയും ബ്രസീലും മത്സരിക്കും. പ്രധാനമായും ബ്രസീല്‍ , സ്പെയിന്‍, കൊറിയ , നൈജര്‍ എന്നിവരടങ്ങുന്ന ഗ്രൂപ്പ് D യിലെ മത്സരങ്ങളാണ് കൊച്ചിയില്‍ നടക്കുന്നത്.

ഒക്ടോബര്‍ 13 വെള്ളിയാഴ്ച ഗ്രൂപ്പ് മത്സരത്തിലെ കൊച്ചിയിലെ അവസാന മത്സരങ്ങള്‍ നടക്കും. അന്ന് ആദ്യ കളിയില്‍ ഗ്രൂപ്പ് C യിലെ ഗിനിയ ശക്തരായ ജര്‍മനിയുമായി ഏറ്റുമുട്ടും. രണ്ടാമത്തെ മത്സരത്തില്‍ ഗ്രൂപ്പ് D യിലെ സ്പെയിനും കൊറിയയുമായി മത്സരിക്കും.

മത്സരദിവസങ്ങളില്‍ ആദ്യ മത്സരം വൈകീട്ട് അഞ്ചു മണിക്കും രണ്ടാമത്തേത് രാത്രി എട്ടു മണിക്കും ആണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. മൂന്നു മണി മുതല്‍ കാണികള്‍ക്ക് പ്രവേശനം അനുവദിക്കും. നാല് ടീമുകള്‍ വീതമുള്ള ആറു ഗ്രൂപ്പുകളിലായി 24 ടീമുകളാണ് ലോകകപ്പിനുള്ളത്. ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയവരും കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരുമായ നൈജീരിയ ഈ ലോകകപ്പിന് യോഗ്യത നേടിയില്ല എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.

രണ്ടു കളികള്‍ കൂടി കൊച്ചിക്ക് അനുവദിച്ചിട്ടുണ്ട്. റൌണ്ട് 16 ലെ ഒരു മത്സരവും ഒരു ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരവുമാണ് കൊച്ചിയിലുള്ളത്. റൌണ്ട് 16 ലെ കളി ഒക്ടോബര്‍ 18 നും ക്വാര്‍ട്ടര്‍ ഫൈനല്‍ ഒക്ടോബര്‍ 22 നുമാണ് നടക്കുക. ആതിഥേയരായ ഇന്ത്യയുടെ ഒരു കളി പോലും കൊച്ചിയില്‍ ഇല്ല എന്ന വിഷമത്തിലാണ് കേരളീയര്‍. പ്രത്യേകിച്ചും മലയാളിയായ രാഹുല്‍ ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചതിന്റെ സന്തോഷം പകരുന്ന ഈ അവസരത്തില്‍. എങ്കിലും ആദ്യ റൌണ്ട് കടന്നു കിട്ടിയാല്‍ ഏതെങ്കിലുമൊരു മത്സരത്തിന് ഇന്ത്യന്‍ ടീം കൊച്ചിയില്‍ ലോകകപ്പ് കളിക്കും എന്ന നടക്കാന്‍ ഏറെ സാധ്യത കല്‍പ്പിക്കാത്ത ഒരു സ്വപ്നത്തിലാണ് ആരാധകര്‍. എങ്കിലും ഫുട്ബോള്‍ എന്ന ഗെയിമില്‍ അസംഭവ്യമായി ഒന്നുമില്ലല്ലോ.

തുടക്കത്തില്‍ ഓരോരോ കാര്യങ്ങള്‍ക്കുമുള്ള മന്ദത മാറിക്കഴിഞ്ഞു കൊച്ചിയില്‍. ഫിഫയുടെ അന്ത്യശാസനങ്ങളും ലോകകപ്പിന്റെ പ്രാധാന്യവും കൂടിയായതോടെ എല്ലാം പൊടുന്നനെ നടന്നു. സ്റ്റേഡിയവും പരിശീലന ഗ്രൌണ്ടുകളും ഫിഫക്ക് കൈമാറിക്കഴിഞ്ഞു. സ്റ്റേഡിയത്തിലെ കടകള്‍ മുഴുവന്‍ ഒഴിപ്പിച്ചു. അവിടെ കടകള്‍ ഉണ്ടായിരുന്നോ എന്ന് പോലും സംശയിക്കത്തക്ക രീതിയില്‍ ഇന്ത്യന്‍ ടീമിന്റെ നീല ജഴ്സി നിറത്തിലുള്ള ബാനറുകള്‍ കൊണ്ട് മൂടിക്കഴിഞ്ഞു. സ്റ്റേഡിയത്തിലേക്കുള്ളതും അതിനു ചുറ്റുമുള്ളതുമായ റോഡുകള്‍ മുഴുവന്‍ നവീകരിച്ചു. സൌന്ദര്യവല്‍ക്കരണവും സിസ്റ്റമാറ്റിക്ക് ആയ പാര്‍ക്കിംഗ് സൌകര്യങ്ങളും ഒരുക്കുന്ന ജോലികള്‍ അതിവേഗത്തില്‍ ഇപ്പോഴും തുടരുന്നു. അതിശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ആണ് ഒരുക്കുന്നത്. അപായ സാഹചര്യങ്ങള്‍ ഉണ്ടായാല്‍ എട്ടു മിനിട്ടുകൊണ്ട് ജനങ്ങളെ പുറത്തേക്കോ ഗ്രൗണ്ടിലേക്കോ ഒഴിപ്പിക്കാനുള്ള രീതിയിലാണ് സംവിധാനം. അതുകൊണ്ടുതന്നെ ഏറ്റവും മുകളിലെ നിലയില്‍ കാണികളെ പ്രവേശിപ്പിക്കില്ല. വെള്ളവും ഭക്ഷണവും കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. അകത്തു തന്നെ അതിനുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ട്.

പുറത്തുള്ള മൈതാനത്തില്‍ ടിക്കറ്റ് കൌണ്ടറുകള്‍ നേരത്തെ തുറന്നിട്ടുണ്ട്. ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്തവര്‍ക്കും നേരിട്ട് വാങ്ങാന്‍ വരുന്നവര്‍ക്കും പ്രത്യേക കൌണ്ടറുകള്‍ തുറന്നിട്ടുണ്ട്. ആദ്യ മത്സരങ്ങളിലെ ടിക്കറ്റുകള്‍ എല്ലാം വിറ്റു തീര്‍ന്നു. ഇനി ബാക്കിയുള്ളത് അവസാന കളികളുടെ ടിക്കറ്റുകള്‍ മാത്രമാണ്. അവ ഏതു നിമിഷവും വിറ്റുപോകാം എന്ന അവസ്ഥയിലാണ്. മത്സരങ്ങള്‍ക്ക് തൊട്ടുമുമ്പുള്ള തിരക്കും ബഹളങ്ങളും ഒഴിവാക്കാന്‍ വേണ്ടി ബുക്ക് ചെയ്തവരോട്‌ നേരത്തെ തന്നെ ടിക്കറ്റ് കൈപ്പറ്റാന്‍ ഫിഫ അഭ്യര്‍ഥിച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയകളിലും ലോകകപ്പ് തരംഗം കൂടി വരുന്നു. ലോകകപ്പിന്റെ പ്രചരണാര്‍ത്ഥം വണ്‍ മില്ല്യന്‍ ഗോള്‍ എന്ന ലക്‌ഷ്യം ഏതാണ്ട് ഇരട്ടിയോളം വന്നത് സംഘാടകര്‍ക്ക് പോലും അത്ഭുതം ഉണ്ടാക്കിയിട്ടുണ്ട്. കൊച്ചി മെട്രോയും ലോകകപ്പിനെ വരവേല്‍ക്കാന്‍ തയ്യാറായി. 3 മുതല്‍ മെട്രോ സര്‍വീസുകള്‍ മഹാരാജാസ് വരെ നീട്ടുകയാണ്. സ്റ്റേഡിയത്തിന്റെ മുന്നില്‍ തന്നെ സ്റ്റേഷനുണ്ട് മെട്രോക്ക്. ടൂറിസത്തിനും ഹോട്ടല്‍ ശൃംഖലകള്‍ക്കും ടാക്സി മേഖലകള്‍ക്കും ഹോം സ്റ്റേകള്‍ക്കും വാണിജ്യമേഖലക്കും ഒക്കെ ഗുണകരമാണ് ലോകകപ്പിന്റെ വരവ്. അതുകൊണ്ട് തന്നെ ലോകകപ്പിന്റെ വരവ് ഫുട്ബോള്‍ പ്രേമികള്‍ക്ക് പുറമേ ഏവരും ഏറ്റെടുത്തിരിക്കുകയാണ്. കാരണം ഇന്ന് കാണുന്ന കുട്ടിത്താരങ്ങള്‍ ഒക്കെയാകും ഭാവിയിലെ മെസ്സിയും റൊണാള്‍ഡോയും നെയ്മറും സുവാരസുമൊക്കെ. ലോകകപ്പ് മത്സരങ്ങള്‍ എന്നതിലുപരി ഇവരെയൊക്കെ നേരിട്ട് അടുത്ത് കാണാനുള്ള ഭാഗ്യവും കാണികള്‍ക്കുണ്ടാകും. കൊല്‍ക്കത്തയില്‍ ആര് ജേതാക്കള്‍ ആകുമെന്ന് കാത്തിരുന്നു കാണാം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button