കൊച്ചി•ഒടുവില്‍ അഞ്ചാം ശ്രമത്തില്‍ നടന്‍ ദിലീപ് ജാമ്യം നേടി പുറത്തിറങ്ങിയിരിക്കുകയാണ്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി 85 ദിവസമായി റിമാന്‍ഡിലായിരുന്ന താരത്തിന് ഹൈക്കോടതിയാണ് ജാമ്യം നല്‍കിയത്. ഹൈക്കോടതിയില്‍ നല്‍കിയ മൂനാമത്തെ ജാമ്യാപേക്ഷയില്‍ കഴിഞ്ഞ മാസം 27 ന് ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന് വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
കര്‍ശന ഉപാധികളോടെയാണ് ദിലീപിന് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണം, രണ്ടു പേരുടെ ആള്‍ ജാമ്യം വേണം എന്നിവയാണ് ദിലീപിന്റെ മോചനത്തിനുള്ള മുഖ്യ വ്യവസ്ഥകള്‍. പാസ്പോര്‍ട്ട് കോടതിക്കു കൈമാറണം. തെളിവു നശിപ്പിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ വ്യവസ്ഥകളും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ക്രിമിനല്‍ ഗൂഢാലോചനയാണ് കുറ്റമെന്നും അതിന് ഇനിയും പ്രതി ജയിലില്‍ തുടരേണ്ടതില്ലെന്നും കോടതി വിലയിരുത്തി. കേസ് അന്വേഷണം അവസാന ഘട്ടത്തിലാണെന്നും കോടതി ചൂണ്ടിക്കാട്ടി.
നേരത്തെ രണ്ടു തവണ ഹൈക്കോടതിയും രണ്ടു തവണ അങ്കമാലി കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ മൂന്നു ദിവസം മാത്രം ശേഷിക്കെയാണ് ജസ്റ്റിസ് സുനില്‍ തോമസ് ദിലീപിന്റെ ജാമ്യാപേക്ഷ അനുവദിച്ചിരിക്കുന്നത്.
നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഡാലോചനക്കുറ്റം ചുമത്തിയായിരുന്നു ദിലീപിനെ അറസ്റ്റ് ചെയ്തിരുന്നത്.
ദിലീപിന്റെ ജാമ്യഹര്‍ജിയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. ദിലീപിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിച്ചാണ് പ്രോസിക്യൂഷന്‍ ഇത്തവണ ജാമ്യഹര്‍ജിയെ എതിര്‍ത്തത്. നടിയെ ആക്രമിക്കാന്‍ ദിലീപ് പള്‍സര്‍ സുനിക്ക് ഒന്നരക്കോടി രൂപയുടെ ക്വട്ടേഷനാണ് നല്‍കിയതെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. പൊലീസ് പിടിച്ചാല്‍ മൂന്ന് കോടി നല്‍കാമെന്നായിരുന്നു വാഗ്ദാനം. ക്വട്ടേഷനിലൂടെ ദിലീപിന് 65 കോടി രൂപയുടെ നേട്ടം ഉണ്ടാകുമായിരുന്നെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.
സുനിയുടെ സഹതടവുകാരനായിരുന്ന വിപിന്‍ ലാലിന്റെ മൊഴി ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്റെ വാദങ്ങള്‍. മൊഴിപ്പകര്‍പ്പ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ കഴിയാത്തതിനാല്‍ ജാമ്യം നല്‍കരുതെന്നാണ് പൊലീസ് നിലപാട് സ്വീകരിക്കുന്നത്. എന്നാല്‍ തൊണ്ടിമുതല്‍ കണ്ടെടുക്കാനാകാത്തത് അന്വേഷണ സംഘത്തിന്റെ വീഴ്ചയാണെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ആരാധകര്‍ക്ക് ഏറെ ആശ്വാസം പകരുന്ന കോടതി വിധിയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
വിധി പകര്‍പ്പിന്റെ പൂര്‍ണരൂപം കാണാം
Post Your Comments